കോഴിക്കോട്: മുസ്‌ലിംകളല്ലാത്തവരോട് ചിരിക്കരുത്, അമുസ്ലിംകള്‍ ഭൂരിപക്ഷമുള്ള നാട്ടില്‍ നിന്ന് മുസ്‌ലിംകള്‍ പാലായനം ചെയ്യണം, അമുസ്‌ലിംകളോട് രഹസ്യങ്ങള്‍ പങ്കുവെക്കരുത് തുടങ്ങിയ തീവ്ര വര്‍ഗീയ നിലപാടുകള്‍ ഉയര്‍ത്തിയ സലഫി പണ്ഡിതന്‍ ശംസുദ്ദീന്‍ പാലത്തിന്റെ പ്രസംഗം അപ് ലോഡ് ചെയ്തത് ദഅ്‌വാ വോയ്‌സില്‍ തന്നെയെന്ന് തെളിവുകള്‍ വ്യക്തമാക്കുന്നു.
തീവ്ര വര്‍ഗീയ നിലപാടുകള്‍ ഉയര്‍ത്തിയ ശംസുദ്ദീന്‍ പാലത്തിന്റെ പ്രസംഗം ഡൂള്‍ന്യൂസായിരുന്നു ആദ്യം ഓഡിയോ സഹിതം വാര്‍ത്തയായി പുറത്തുവിട്ടിരുന്നത്. മുജാഹിദ് ഔദ്യോഗിക വിഭാഗത്തില്‍ നിന്ന് വിട്ടുപോന്നവര്‍ രൂപീകരിച്ച വിസ്ഡം ഗ്രൂപ്പിലെ പ്രധാന നേതാവായിരുന്നു ശംസുദ്ദീന്‍ പാലത്തെന്ന് വാര്‍ത്തയില്‍ പറയുന്നുണ്ട്. ഇയാളുടെ പ്രസംഗം വിസ്ഡം ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള വെബ്‌സൈറ്റായ ദഅ്‌വാ വോയ്‌സില്‍ അപ്ലോഡ് ചെയ്തിട്ടുണ്ടെന്നും ഇതേ വെബ്‌സൈറ്റില്‍ ഹുസൈന്‍ സലഫി, മുജാഹിദ് ബാലുശ്ശേരി തുടങ്ങിയവരുടെ പ്രസംഗം അപ്ലോഡ് ചെയ്തിട്ടുണ്ടെന്നും പറയുന്നുണ്ട്.
ഇക്കാര്യം വസ്തുതാ വിരുദ്ധമാണെന്ന് ദ്യോതിപ്പിക്കുന്ന തരത്തില്‍ വ്യാപകമായ പ്രചാരണമാണ് നടക്കുന്നത്. വാര്‍ത്തയിലെ ഈ ഭാഗങ്ങള്‍ തെളിയിക്കാന്‍ കഴിയുമോയെന്ന് വെല്ലുവിളിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഡൂള്‍ന്യൂസിന്റെ വിശദീകരണക്കുറിപ്പ്.
ശംസുദ്ദീന്‍ പാലത്തിന്റെ പ്രസംഗം ദഅ്‌വാ വോയ്‌സില്‍ അപ്ലോഡ് ചെയ്തിട്ടില്ലെന്നായിരുന്നു പ്രധാന വാദം. ദഅ്‌വാ വോയില്‍ ഈ പ്രസംഗം ഉണ്ടെന്ന് തെളിയിക്കാന്‍ വെല്ലുവിളിക്കുകയും ചെയ്യുന്നുണ്ട്. ഈ പ്രസംഗം വിവാദമായതോടുകൂടി ദഅ്‌വാ വോയ്‌സില്‍ നിന്ന് നീക്കം ചെയ്തതാണെന്ന് ഡിലീറ്റ് ഹിസ്റ്ററി പരിശോധിച്ചാല്‍ വ്യക്തമാകും. ഗൂഗിളിന്റെ വെബ്കാച്ച്, അര്‍ക്കൈവ്‌സ്.ഇന്‍ എന്നീ വെബ്‌സൈറ്റുകളില്‍ നീക്കം ചെയ്ത കണ്ടന്റുകള്‍ കണ്ടെത്താനുള്ള സംവിധാനം വഴി ഡൂള്‍ന്യൂസ് അതിന്റെ പ്രിന്റ് സ്‌ക്രീനും യു.ആര്‍.എലും നല്‍കുന്നുണ്ട്.(ഈ ലിങ്ക് പരിശോധിക്കുക archive.is/k3xed)
ദഅ്‌വാ വോയ്‌സ് നേരത്തെ അപ്ലോഡ് ചെയ്ത പ്രസംഗം വിവാദമായതോടെ വെബ്‌സൈറ്റില്‍ നിന്ന് പിന്‍വലിക്കുകയാണ് ചെയ്തതെന്ന് ഈ തെളിവുകള്‍ വ്യക്തമാക്കുന്നു.
മുജാഹിദിലെ ഈ വിഭാഗത്തിന്റെ പ്രധാന നേതാവായിരുന്നു ശംസുദ്ദീന്‍ പാലത്തെന്ന് വ്യക്തമാവാന്‍ കഴിഞ്ഞ കാലങ്ങളിലെ വിസ്ഡം ഗ്രൂപ്പിന്റെ പൊതുയോഗങ്ങളും മറ്റ് പരിപാടികളും ശ്രദ്ധിച്ചാല്‍ മതി. വിസ്ഡം ഗ്രൂപ്പിന്റെ പ്രധാനപ്രഭാഷകനായ ശംസുദ്ദീന്‍ പാലത്ത് നേരത്തെ യുവജന സംഘടനയായ ഐ.എസ്.എമ്മിന്റെ വൈസ് പ്രസിഡണ്ടായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ദഅ്‌വാ വോയ്‌സുമായി വിസ്ഡം ഗ്രൂപ്പിനുള്ള ബന്ധം വ്യക്തമാക്കണമെന്നാണ് മറ്റൊരു വെല്ലുവിളി. വിസ്ഡം ഗ്രൂപ്പിലെ പ്രധാന നേതാക്കളായ ഹുസൈന്‍ സലഫി, മുജാഹിദ് ബാലുശ്ശേരി, അബ്ദുല്‍ ജബ്ബാര്‍ മദീനി തുടങ്ങിയവരുടെ പ്രസംഗങ്ങളെല്ലാം ഈ വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്തിട്ടുണ്ടെന്ന് നേരത്തെ ഡൂള്‍ന്യൂസ് പരാമര്‍ശിച്ചിരുന്നു. ഇക്കാര്യത്തില്‍ തെളിവ് ആവശ്യമുള്ളവര്‍ക്ക് മുകളില്‍ നല്‍കിയിരിക്കുന്ന ലിങ്ക് പരിശോധിച്ചാല്‍ ഇപ്പോഴും ഇവരുടെ പ്രസംഗങ്ങള്‍ അവിടെ കാണാം.
വെബ്‌സൈറ്റിലെ ഭൂരിഭാഗം ഉള്ളടക്കങ്ങളും വിസ്ഡം ഗ്രൂപ്പ് നേതാക്കന്‍മാരുടെ പ്രസംഗങ്ങളോ അവരുടെ ആശയപ്രചാരണ വിഷയങ്ങളോ ആണ്. അതുകൊണ്ട് തന്നെ വിസ്ഡം ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാണ് ദഅ്‌വാ വോയ്‌സെന്ന് വ്യക്തം.
കഴിഞ്ഞയാഴ്ച ഓഡിയോ ക്ലിപ്പിങ് സഹിതം ഡൂള്‍ന്യൂസ് വാര്‍ത്ത ചെയ്തതോടെ മറ്റ് മാദ്ധ്യമങ്ങളും വിഷയം ഏറ്റെടുക്കുകയും സോഷ്യല്‍ മീഡിയയില്‍ വലിയ കോളിളക്കമുണ്ടാക്കുകയും ചെയ്തു. തുടര്‍ന്ന് തന്റെ പ്രസംഗം മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നുള്ള വിശദീകരണങ്ങളുമായാണ് പ്രഭാഷകന്‍ ശംസുദ്ദീന്‍ പാലത്ത് രംഗത്തുവന്നത്. തെറ്റായ രീതിയില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാദ്ധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ശംസുദ്ദീന്‍ പാലത്ത് ഭീഷണിപ്പെടുത്തുന്നുണ്ട്.
എന്നാല്‍ ഒരു മണിക്കൂറിലധികം നീണ്ടുനില്‍ക്കുന്ന രണ്ടു പ്രസംഗത്തിന്റെ ഓഡിയോയുടെ പൂര്‍ണ്ണരൂപമാണ് ഡൂള്‍ന്യൂസ് വാര്‍ത്തയുടെ കൂടെ നല്‍കിയത്. അതുകൊണ്ടുതന്നെ ശംസുദ്ദീന്‍ പാലത്തിന്റെ ഏത് രൂപത്തിലുള്ള നിയമനടപടികള്‍ക്കും വിധേയമാകാന്‍ തയ്യാറാണെന്നാണ് ഡൂള്‍ന്യൂസ് എഡിറ്റോറിയല്‍ ടീമിന്റെ നിലപാട്.