DMOVIES
ഇതാണെടാ അമ്മ... കോഴിയെ ഇറക്കി പരിഹാസവുമായി ഷമ്മി തിലകന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Oct 20, 01:46 pm
Tuesday, 20th October 2020, 7:16 pm

കൊച്ചി: മലയാള സിനിമാ സംഘടനയായ എ.എം.എം.എക്കെതിരെ പരോക്ഷ പരിഹാസവുമായി നടന്‍ ഷമ്മി തിലകന്‍. പരുന്തില്‍ നിന്നും കുഞ്ഞുങ്ങളെ രക്ഷിക്കുന്ന ഒരു കോഴിയുടെ വീഡിയോയാണ് നടന്‍ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരിക്കുന്നത്. ഇതാണെടാ അമ്മ….,ഇതായിരിക്കണമെടാ അമ്മ എന്നാണ് വീഡിയോക്ക് താഴെ നടന്‍ എഴുതിയിരിക്കുന്നത്. അമ്മ സംഘടനക്കെതിരെ വിവിധ ഭാഗങ്ങളില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് ഷമ്മി തിലകന്റെ പോസ്റ്റ്.

അടുത്തിടെ അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലെ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. അമ്മയുടെ നേതൃത്വത്തില്‍ നിര്‍മ്മിക്കുന്ന പുതിയ മള്‍ട്ടിസ്റ്റാര്‍ ചിത്രത്തില്‍ നടി ഭാവന അംഗമാവില്ലെന്ന് ഇടവേള ബാബു പറഞ്ഞിരുന്നു. നിലവില്‍ ഭാവന അമ്മയുടെ അംഗമല്ല. മരിച്ചു പോയ ആളുകള്‍ തിരിച്ച് വരില്ലല്ലോ. അതുപോലെ ആണ് ഇതെന്നായിരുന്നു ഇടവേള ബാബുവിന്റെ പരാമര്‍ശം.

ഇതില്‍ പ്രതിഷേധിച്ച് നടി പാര്‍വതി തിരുവോത്ത് സംഘടനയില്‍ നിന്നും രാജിവെച്ചിരുന്നു. സംഘടനയില്‍ ഇനി ഒരുമാറ്റമുണ്ടാവില്ലെന്ന് മനസ്സിലായതു കൊണ്ടാണ് രാജി എന്നാണ് പാര്‍വതി വ്യക്തമാക്കിയത്.

അമ്മയില്‍ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയില്ലെന്ന് നടി രേവതിയും പ്രതികരിച്ചിരുന്നു. സംഘടനാ നേതൃത്വത്തിന് സ്ത്രീകളുടെ പ്രശ്നങ്ങളോട് പുച്ഛമാണെന്നും അവര്‍ പറയുന്നതിനോട് വഴങ്ങുന്നവര്‍ക്ക് മാത്രമേ അവിടെ നിലനില്‍പ്പുള്ളുവെന്നും രേവതി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Shammi Thilakan mocks A.M.M.A