ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളിലൊന്നായിരുന്നു അന്നത്; അതേറ്റെടുക്കാന്‍ നവോദയ അപ്പച്ചന് മാത്രമേ സാധിക്കുമായിരുന്നുള്ളൂ: ഷമ്മി തിലകന്‍
മോഹന്‍ലാലിനെ ടൈറ്റില്‍ കഥാപാത്രമാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത സിനിമയായിരുന്നു കടത്തനാടന്‍ അമ്പാടി. മലയാളത്തിന്റെ എക്കാലത്തെയും വലിയ സൂപ്പര്‍ സ്റ്റാറായ പ്രേം നസീറിന്റെ ഏറ്റവുമൊടുവില്‍ റിലീസ് ചെയ്ത സിനിമയും ഇതായിരുന്നു.
ചില നിയമപ്രശ്‌നങ്ങള്‍ കാരണം റിലീസ് നീണ്ടുപോയ കടത്തനാടന്‍ അമ്പാടി 1989ല്‍ പ്രേം നസീര്‍ അന്തരിച്ചതിന് ശേഷം 1990ലാണ് റിലീസ് ചെയ്തത്. അതുകൊണ്ട് ഡബ്ബിങ്ങ് ആര്‍ടിസ്റ്റ് കൂടിയായ നടന്‍ ഷമ്മി തിലകനായിരുന്നു ചിത്രത്തില്‍ പ്രേം നസീറിന് വേണ്ടി ഡബ്ബ് ചെയ്തത്.
കടത്തനാടന്‍ അമ്പാടിയുടെ റിലീസിങ് നീണ്ടുപോകാനിടയായ കാരണങ്ങളെ കുറിച്ചും അതില്‍ ഡബ്ബ് ചെയ്യാനെത്തിയതിനെക്കുറിച്ചും സംസാരിക്കുകയാണ് ഇപ്പോള്‍ ഷമ്മി തിലകന്‍. ജിഞ്ചര്‍ മീഡിയ എന്റര്‍ടെയിന്‍മെന്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
”പ്രേം നസീര്‍ മരിക്കുന്നതിന് അഞ്ച് വര്‍ഷം മുമ്പ് അഭിനയിച്ച് പടമായിരുന്നു കടത്തനാടന്‍ അമ്പാടി. ചില നിയമപരമായ പ്രശ്‌നങ്ങള്‍ കാരണം അത് റിലീസ് ചെയ്യാനാകാതെ പെട്ടിക്കകത്തായി.
നിര്‍മാതാക്കളുടെ ചില സാമ്പത്തിക പ്രശ്‌നങ്ങളും കാരണമായിരുന്നു. വലിയ കോടീശ്വരനായിരുന്നെങ്കില്‍ അദ്ദേഹം പാപ്പരായി പോയി. കോടതിയില്‍ കേസുകളൊക്കെ വന്നു. പിന്നെ പടത്തിന്റെ പ്രിന്റ് കോടതി പിടിച്ചെടുക്കുന്ന അവസ്ഥയുണ്ടായി.
അന്ന് ഏതാണ്ട് ഒരു കോടിയോളം ലെവലില്‍ എടുത്ത ബിഗ് ബഡ്ജറ്റ് സിനിമയായിരുന്നു കടത്തനാടന്‍ അമ്പാടി. എനിക്ക് തോന്നുന്നു അന്നത്തെ കാലത്തെ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ബിഗ് ബഡ്ജറ്റ് പടങ്ങളിലൊന്ന്, അത്ര ഹെവി പടമാണ്.
സ്‌ക്രിപ്‌റ്റൊന്നുമില്ലാതെ ആ പടം എനിക്ക് ഡബ്ബ് ചെയ്യേണ്ടി വന്നു.
ഞാന്‍ ശരിക്ക് അസിസ്റ്റന്റ് ഡയറക്ടറായാണ് സിനിമയിലേക്ക് വന്നത്. അഭിനയിക്കാനോ ഡബ്ബ് ചെയ്യാനോ വന്ന ആളായിരുന്നില്ല ഞാന്‍.
ഞാന്‍ അന്ന് നവോദയയുടെ സ്റ്റാഫിനെ പോലെയായിരുന്നു. നവോദയയുടെ ചാണക്യന്‍ എന്ന സിനിമയില്‍ ഞാന്‍ വര്‍ക്ക് ചെയ്തിരുന്നു. അതിന് ശേഷമാണ് ഈ കടത്തനാടന്‍ അമ്പാടി സിനിമയെ നവോദയ ഏറ്റെടുക്കുന്നത്. കോടതി ഇവരെ ഏല്‍പ്പിക്കുകയായിരുന്നു.
കാരണം അന്ന് ഇന്ത്യയില്‍ അത് ചെയ്യാന്‍, കടത്തനാടന്‍ അമ്പാടി ഏറ്റെടുക്കാന്‍ ഒരു പ്രൊഡ്യൂസറേ ഉള്ളൂ, അത് നവോദയ അപ്പച്ചനാണ്. അങ്ങനെ ആ സിനിമ കോടതി നവോദയ അപ്പച്ചന്‍ സാറിനെ ഏല്‍പ്പിക്കുകയായിരുന്നു. അങ്ങനെയാണ് ഞാന്‍ ആ സിനിമയിലെത്തിയത്,” ഷമ്മി തിലകന്‍ പറഞ്ഞു.
പ്രേം നസീറിന്റേതടക്കം ചിത്രത്തിലെ ഇരുപത് കഥാപാത്രങ്ങള്‍ക്ക് ഡബ്ബ് ചെയ്തത് ഷമ്മി തിലകനായിരുന്നു.
സാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സാജന്‍ വര്‍ഗീസായിരുന്നു കടത്തനാടന്‍ അമ്പാടി നിര്‍മിച്ചത്. എന്നാല്‍ കമ്പനിക്ക് നഷ്ടം സംഭവിച്ചതോടെ ചിത്രം ഏറ്റെടുത്ത് റിലീസ് ചെയ്യാന്‍ കേരള ഹൈക്കോടതി നവോദയ പ്രൊഡക്ഷന്‍സിനെ ഏല്‍പ്പിക്കുകയായിരുന്നു.
Content Highlight: Shammi Thilakan about Kadathanadan Ambadi movie and Navodaya Appachan