വാതുവെപ്പുകാരന്‍ സമീപിച്ച കാര്യം മറച്ചുവെച്ചു, ഷാക്കിബ് അല്‍ ഹസന് രണ്ടുവര്‍ഷം വിലക്ക്; കുറ്റമേറ്റ് പറഞ്ഞ് ബംഗ്ലാദേശ് താരം
Cricket
വാതുവെപ്പുകാരന്‍ സമീപിച്ച കാര്യം മറച്ചുവെച്ചു, ഷാക്കിബ് അല്‍ ഹസന് രണ്ടുവര്‍ഷം വിലക്ക്; കുറ്റമേറ്റ് പറഞ്ഞ് ബംഗ്ലാദേശ് താരം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 30th October 2019, 7:38 am

ധാക്ക: ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ക്യാപ്റ്റനും ലോകത്തിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളുമായ ഷാക്കിബ് അല്‍ ഹസനെ രണ്ടുവര്‍ഷത്തേക്ക് ഐ.സി.സി സസ്‌പെന്‍ഡ് ചെയ്തു. രണ്ടുവര്‍ഷങ്ങള്‍ക്കു മുന്‍പ് മൂന്ന് അന്താരാഷ്ട്ര മത്സരങ്ങളില്‍ ഷാക്കിബിനെ വാതുവെപ്പുകാരന്‍ സമീപിച്ച കാര്യം അദ്ദേഹം ഐ.സി.സിയുടെ അഴിമതി വിരുദ്ധ യൂണിറ്റിനെ അറിയിച്ചില്ലെന്നതാണ് സസ്‌പെന്‍ഷനു കാരണം. ഇത് ഐ.സി.സി നിയമത്തിനെതിരാണ്.

ഞായറാഴ്ച തുടങ്ങുന്ന ഇന്ത്യന്‍ പര്യടനം മുതല്‍ ഷാക്കിബിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടങ്ങും. ഇതില്‍ ആദ്യത്തെ ഒരുവര്‍ഷം നിര്‍ബന്ധമായും വിലക്ക് അനുഭവിക്കേണ്ട കാലയളവാണ്.

അക്കാലയളവില്‍ ഐ.സി.സി നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുകയും അച്ചടക്കത്തോടെ പെരുമാറുകയും ചെയ്താല്‍ രണ്ടാംവര്‍ഷത്തില്‍ നിന്ന് ഇളവ് ലഭിക്കുകയും ഉടന്‍ കളിക്കളത്തില്‍ ഇറങ്ങാന്‍ സാധിക്കുകയും ചെയ്യും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഷാക്കിബ് ഐ.സി.സിക്കു മുന്നില്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. ദീപക് അഗര്‍വാള്‍ എന്ന ഇന്ത്യക്കാരനാണ് ഷാക്കിബിനെ വാതുവെപ്പുമായി ബന്ധപ്പെട്ട് സമീപിച്ചത്.

2016 ഏപ്രില്‍ 26-നു നടന്ന ഹൈദരാബാദ്-പഞ്ചാബ് മത്സരത്തിനിടെയാണു വാതുവെപ്പുകാരന്‍ സമീപിച്ചതും ഹൈദരാബാദ് ടീമിന്റെ തന്ത്രങ്ങളും പദ്ധതികളും ചോര്‍ത്തി നല്‍കാന്‍ ആവശ്യപ്പെട്ടതും.

ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ദീപക്കിന്റെ സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്തതായി ഷാക്കിബ് സമ്മതിച്ചു. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് മത്സരത്തിലും 2018-ലെ ശ്രീലങ്ക-സിംബാബ്‌വെ-ബംഗ്ലാദേശ് ത്രിരാഷ്ട്ര പരമ്പരയിലും വാതുവെപ്പുകാരന്‍ സമീപിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

താനേറ്റവും ഇഷ്ടപ്പെടുന്ന ക്രിക്കറ്റില്‍ നിന്നു വിലക്കിയതില്‍ കടുത്ത സങ്കടമുണ്ടെന്നും കുറ്റം പൂര്‍ണമായി അംഗീകരിക്കുന്നെന്നും ഷാക്കിബ് പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ക്രിക്കറ്റില്‍ നിന്ന് അഴിമതി തുടച്ചുനീക്കുന്നതില്‍ ഏറ്റവും വലിയ പങ്ക് വഹിക്കേണ്ടതു താരങ്ങളാണെന്നും എന്നാല്‍ താന്‍ ചെയ്യേണ്ടിയിരുന്നതു താന്‍ ചെയ്തില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

32-കാരനായ ഷാക്കിബ് ബംഗ്ലാദേശിന്റെ ടെസ്റ്റ്, ട്വന്റി20 ക്യാപ്റ്റനാണ്. വിലക്കോടെ ഷാക്കിബിനു പകരം ഇന്ത്യന്‍ പര്യടനത്തിനുള്ള ടെസ്റ്റ് ക്യാപ്റ്റനായി മോമിനുള്‍ ഹഖിനെ തെരഞ്ഞെടുത്തു.

പ്രതിഫല വര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങള്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരെ സമരത്തിനിറങ്ങിയതിനു തൊട്ടുപിന്നാലെയാണ് ഇക്കാര്യം സംഭവിക്കുന്നത്. സമരത്തിനു നേതൃത്വം നല്‍കിയത് ഷാക്കിബായിരുന്നു.

തങ്ങളുയര്‍ത്തിയിരിക്കുന്ന 11 ആവശ്യങ്ങള്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അംഗീകരിച്ചില്ലെങ്കില്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട ഒരു പ്രവര്‍ത്തികളിലും പങ്കെടുക്കില്ലെന്ന് ടീം നേരത്തേ പ്രഖ്യാപിച്ചിരുന്നു.