Entertainment news
രാവണപ്രഭു സെറ്റില്‍ നിന്ന് പച്ച പജേറോയില്‍ ലാല്‍ സാര്‍ വീട്ടിലേക്ക് വന്നു; ആ സിഗരറ്റ് പാക്കറ്റ് രഞ്ജിത് അങ്കിള്‍ കയ്യില്‍ തന്നു: ഷഹീന്‍ സിദ്ദിഖ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Mar 14, 05:11 pm
Tuesday, 14th March 2023, 10:41 pm

ചെറുപ്പത്തില്‍ സിനിമയിലെ പല താരങ്ങളും തന്റെ വീട്ടില്‍ വരുമായിരുന്നു എന്ന് പറയുകയാണ് നടനും സിദ്ദീഖിന്റെ മകനുമായ ഷഹീന്‍ സിദ്ദീഖ്. മോഹന്‍ലാല്‍, മുകേഷ്, ജഗദീഷ്, മമ്മൂട്ടി, സംവിധായകന്‍ രഞ്ജിത്ത് തുടങ്ങിയവര്‍ തന്റെ വീട്ടില്‍ വന്നതിന്റെ ഓര്‍മകള്‍ അദ്ദേഹം പങ്കുവെച്ചു. അവര്‍ക്കൊപ്പമുണ്ടായിരുന്ന രസകരമായ നിമിഷങ്ങളും താരം ഓര്‍ത്തെടുത്തു.

രാവണപ്രഭു സിനിമയുടെ ഷൂട്ടിങ് നടക്കുന്ന സമയത്ത് പച്ച പജേറോവില്‍ മോഹന്‍ലാല്‍ തന്റെ വീട്ടില്‍ വന്നുവെന്നും സംവിധായകന്‍ രഞ്ജിത്ത് ഡേവിഡോഫ് സിഗരറ്റിന്റെ ഒരു കവര്‍ തനിക്ക് സമ്മാനമായി തന്നുവെന്നും ഷഹീന്‍ പറഞ്ഞു. മുകേഷിന്റെ മകന്‍ ശ്രാവണുമായുള്ള സൗഹൃദത്തെ കുറിച്ചും അദ്ദേഹം പറഞ്ഞു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് ഷഹീന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘മോഹന്‍ലാല്‍ സാര്‍ എന്റെ വീട്ടില്‍ ആദ്യമായി വരുന്നത് രാവണപ്രഭു സിനിമയുടെ ഷൂട്ടിനിടയാണ്. ആ സെറ്റില്‍ നിന്നാണ് അദ്ദേഹം വീട്ടിലേക്ക് വരുന്നത്. അന്ന് പച്ച കളറുള്ള പജേറോയിലാണ് അദ്ദേഹം വന്നത്, രാത്രി സമയത്തായിരുന്നു. ഭക്ഷണമൊക്കെ കഴിച്ച ശേഷമാണ് അദ്ദേഹമന്ന് പോയത്.

രഞ്ജിത്ത് അങ്കിള്‍ ഞങ്ങളുടെ വീടുമായി വര്‍ഷങ്ങളായി അടുപ്പമുള്ള ഒരാളാണ്. അന്ന് രഞ്ജിത്ത് അങ്കിള്‍ ചുമ്മാ എനിക്കൊരു സാധനം തന്നു. ഒരു ഡേവിഡോഫ് സിഗരറ്റിന്റെ കവര്‍. രാവണപ്രഭു ഇറങ്ങിയ സമയത്ത് ഈ കവറിന് ഭയങ്കര ഫാന്‍സായിരുന്നു. അന്ന് അത് തന്നു. അതില്‍ സിഗരറ്റൊന്നും ഉണ്ടായിരുന്നില്ല. പിന്നീടെപ്പോഴോ അത് കീറിപ്പോയി.

അതുപോലെ മമ്മൂക്കയെ ഞാന്‍ ആദ്യമായി കാണുന്നത് വാത്സല്യം സിനിമയുടെ സെറ്റില്‍ വെച്ചാണ്. ചെറിയൊരു ഓര്‍മയേ എനിക്കുള്ളൂ. ഒരു ജീപ്പിലാണ് ഞാന്‍ സെറ്റിലേക്ക് പോകുന്നത്. അവിടെ ചെന്ന് മമ്മൂക്കയെ കണ്ടു. മൂത്താപ്പാ എന്നാണ് ഞാന്‍ അദ്ദേഹത്തെ ആദ്യം തന്നെ വിളിക്കുന്നത്. ആ വിളി കേട്ടതും അദ്ദേഹത്തിന് ഭയങ്കര സന്തോഷമായി. അദ്ദേഹവുമായി ഇന്നും ഒരുപാട് അടുപ്പമുണ്ട്. ഉമ്മച്ചിയുടെ കൂടെയാണ് വാത്സല്യത്തിന്റെ സെറ്റിലേക്ക് പോയത്. വാപ്പച്ചിയുടെ ഷൂട്ടൊക്കെ അന്നുണ്ടായിരുന്നു.

അതുപോലെ മുകേഷ് അങ്കിളുമായും നല്ല അടുപ്പമാണ്. ശ്രാവണ്‍ മുകേഷും ഞാനും ഒരുമിച്ചാണ് പഠിച്ചത്. ശ്രാവണിനെ പിക്ക് ചെയ്യാന്‍ അദ്ദേഹം ഹോസ്റ്റലില്‍ വരുമായിരുന്നു. ഞങ്ങളെയൊക്കെ പറ്റിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ഒരു ഹോബി. ഹോസ്റ്റലില്‍ വരുമ്പോള്‍ അദ്ദേഹം ലോബിയില്‍ ഇരിക്കും. ശ്രാവണ്‍ സാധനങ്ങള്‍ പാക്ക് ചെയ്യുന്ന സമയമായിരിക്കും. അങ്ങനെ ഞങ്ങള്‍ എല്ലാവരും ചുറ്റും കൂടും. നിങ്ങള്‍ അടുത്തിടെ ഇറങ്ങിയ സിനിമയൊന്നും കണ്ടില്ലേ എന്നൊക്കെ ചോദിക്കും. ഏത് സിനിമ എന്ന് ചോദിക്കുമ്പോള്‍ ഗോഡ്‌സില്ല എന്ന് പറയും. ഗോഡ്‌സില്ലയില്‍ അങ്കിളോ എന്ന് ചോദിക്കുമ്പോള്‍ ഗോഡ്‌സില്ലയെ ഞാനല്ലേ ഓപ്പറേറ്റ് ചെയ്യുന്നത് എന്നൊക്കെ പറയും (ചിരി).

അതുപോലെ ജഗദീഷ് സാറുമായി നല്ല ബന്ധമാണ്. അദ്ദേഹത്തിന് പഠിക്കുന്നവരെ ഭയങ്കര ഇഷ്ടമാണ്. ഒരു ദിവസം വീട്ടില്‍ വന്നപ്പോള്‍ ഞാന്‍ പഠിക്കുകയായിരുന്നു. അത് കണ്ടപ്പോള്‍ ഭയങ്കര സന്തോഷമായി. അവനെ വിളിക്കണ്ട. പഠിച്ചോട്ടെ എന്നൊക്കെ പറഞ്ഞു.

അതുപോലെ ഞാന്‍ പ്ലസ്ടു കഴിഞ്ഞ ശേഷം യു.കെയില്‍ പോയിരുന്നു. അതൊക്കെ അദ്ദേഹത്തിന് വലിയ സന്തോഷമായിരുന്നു. പഠിക്കുന്ന കാര്യത്തില്‍ ഭയങ്കര സപ്പോര്‍ട്ടീവാണ്,’ ഷഹീന്‍ പറഞ്ഞു.

content highlight: shaheen sidhique about mohanlal and ranjith