ഇവനാണ് ഭാവി; 23ാം വയസില്‍ ഷഹീന്‍ ചരിത്രമെഴുതുകയാണ്
icc world cup
ഇവനാണ് ഭാവി; 23ാം വയസില്‍ ഷഹീന്‍ ചരിത്രമെഴുതുകയാണ്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 27th October 2023, 9:15 pm

 

പാകിസ്ഥാന്റെ ഭാവിയെന്ന് നിസ്സംശയം വിശേഷിപ്പിക്കാന്‍ സാധിക്കുന്ന താരമാണ് ഷഹീന്‍ ഷാ അഫ്രിദി. ബാബര്‍ അസമിന് ശേഷം പാക് ക്രിക്കറ്റ് ബോര്‍ഡ് ക്യാപ്റ്റന്‍സിയേല്‍പിക്കാന്‍ സാധ്യത കല്‍പിക്കപ്പെടുന്ന താരങ്ങളില്‍ ഒരാള്‍ കൂടിയാണ് ഷഹീന്‍.

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ലാഹോര്‍ ഖലന്ദേഴ്‌സിനെ രണ്ട് തവണ കിരീടത്തിലേക്ക് നയിച്ച ഷഹീന്‍ പാകിസ്ഥാന്‍ ദേശീയ ടീമിന് വേണ്ടിയും മികച്ച പ്രകടനമാണ് പുറത്തെടുത്തതും ഇപ്പോള്‍ പുറത്തെടുത്തുകൊണ്ടിരിക്കുന്നതും.

പാകിസ്ഥാന്‍ ബൗളിങ് യൂണിറ്റിലെ പ്രധാനിയാണ് ഷഹീന്‍ ഷാ അഫ്രിദി. ഇടക്കാലത്ത് ഫോമിന്റെ പാരമ്യത്തില്‍ നിന്നും താഴേക്ക് വീണെങ്കിലും വിക്കറ്റ് വീഴ്ത്തുക എന്ന തന്റെ പ്രാഥമിക കര്‍മം ഷഹീന്‍ നിറവേറ്റുന്നുണ്ട്.

2023 ലോകകപ്പിലെ 26ാം മത്സരത്തില്‍, സൗത്ത് ആഫ്രിക്കക്കെതിരെയും ഷഹീന്‍ വിക്കറ്റ് നേടിയിരുന്നു. നിലവില്‍ ആറ് ഓവറില്‍ 34 റണ്‍സ് വഴങ്ങി ഒരു വിക്കറ്റാണ് താരം വീഴ്ത്തിയിരിക്കുന്നത്. സൂപ്പര്‍ താരം ക്വിന്റണ്‍ ഡി കോക്കിനെയാണ് ഷഹീന്‍ പുറത്താക്കിയത്.

ഇതോടെ ഒരു അത്യപൂര്‍വ നേട്ടമാണ് ഷഹീന്‍ സ്വന്തമാക്കിയത്. തുടര്‍ച്ചയായ 21 ഏകദിനത്തിലാണ് ഷഹീന്‍ പാകിസ്ഥാന് വേണ്ടി വിക്കറ്റ് വീഴ്ത്തിയത്. ക്രിക്കറ്റിന്റെ ചരിത്രത്തില്‍ തന്നെ പകരം വെക്കാനില്ലാത്ത റെക്കോഡാണിത്.

2023 ലോകകപ്പില്‍ ആദ്യ അഞ്ച് മത്സരത്തില്‍ നിന്നും 10 വിക്കറ്റാണ് ഷഹീന്‍ വീഴ്ത്തിയിരിക്കുന്നത്. ലോകകപ്പിന് മുമ്പ് നടന്ന ഏഷ്യാ കപ്പിലും ന്യൂസിലാന്‍ഡിനും അഫ്ഗാനിസ്ഥാനുമെതിരെ നടന്ന പരമ്പരകളിലും ഷഹീന്‍ പാക് നിരയിലെ നിര്‍ണായക സാന്നിധ്യമായിരുന്നു.

അതേസമയം, സൗത്ത് ആഫ്രിക്കക്കെതിരെ നടക്കുന്ന മത്സരത്തില്‍ തോല്‍ക്കാതിരിക്കാന്‍ പാകിസ്ഥാന്‍ പാടുപെടുകയാണ്. പാകിസ്ഥാന്‍ ഉയര്‍ത്തിയ 270 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സൗത്ത് ആഫ്രിക്ക ഇതിനോടകം തന്നെ 200 റണ്‍സ് മാര്‍ക് പിന്നിട്ടിരിക്കുകയാണ്. നിലവില്‍ 33 ഓവര്‍ പിന്നിടുമ്പോള്‍ 206 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയിലാണ് സൗത്ത് ആഫ്രിക്ക.

76 പന്തില്‍ നിന്നും 77 റണ്‍സുമായി ഏയ്ഡന്‍ മര്‍ക്രവും 32 പന്തില്‍ 29 റണ്‍സുമായി ഡേവിഡ് മില്ലറുമാണ് നിലവില്‍ പ്രോട്ടീസിനായി ക്രീസില്‍.

നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാകിസ്ഥാന്‍ സൗദ് ഷക്കീലിന്റെയും ക്യാപ്റ്റന്‍ ബാബര്‍ അസമിന്റെയും അര്‍ധ സെഞ്ച്വറി കരുത്തിലാണ് പൊരുതാവുന്ന സ്‌കോറിലെത്തിയത്.

 

Content highlight: Shaheen Afridi took wickets in 21 consecutive ODIs