തമിഴ്നാട്ടിലും കേരളത്തിലും വമ്പന്‍ റിലീസിനൊരുങ്ങി ഷാരൂഖ് ചിത്രം 'ജവാന്‍'
Film News
തമിഴ്നാട്ടിലും കേരളത്തിലും വമ്പന്‍ റിലീസിനൊരുങ്ങി ഷാരൂഖ് ചിത്രം 'ജവാന്‍'
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 6th September 2023, 5:44 pm

ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഷാരൂഖ് ഖാന്‍ ചിത്രം ജവാന്‍ റിലീസാവാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ചിത്രത്തിന് വമ്പന്‍ റിലീസാണ് കേരളത്തിലും തമിഴ്നാട്ടിലും ഒരുങ്ങുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.

തമിഴ്നാട്ടില്‍ റെഡ് ജയന്റ് മൂവീസ് ഡിസ്ട്രിബ്യുഷന്‍ പാര്‍ട്ണര്‍ ആകുമ്പോള്‍ കേരളത്തില്‍ ഡ്രീം ബിഗ് ഫിലിംസ് പാര്‍ട്ണറാകുന്നു. തമിഴ്നാട്ടിലും കേരളത്തിലുമായി 718 സെന്ററുകളില്‍ 1001 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.

തമിഴ്നാട്ടില്‍ 450ലധികം സെന്ററുകളിലായി 650 സ്‌ക്രീനുകളില്‍ ചിത്രം എത്തിക്കുന്നുണ്ടെന്ന്
ശ്രീ ഗോകുലം മൂവീസിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍ കൃഷ്ണമൂര്‍ത്തി പറഞ്ഞു. ‘ചിത്രത്തിന്റെ ഹിന്ദി, തമിഴ് പതിപ്പുകളും തമിഴ്നാട്ടിലും കേരളത്തിലും റിലീസ് ചെയ്യും.

ഹിന്ദി പതിപ്പിന്റെ കൂടെ സബ്‌ടൈറ്റില്‍ ചേര്‍ക്കാനും ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ട്. കേരളത്തില്‍ 270 സെന്ററുകളിലായി 350 സ്‌ക്രീനുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. ഒരു ബോളിവുഡ് ചിത്രം കേരളത്തിലും, തമിഴ്‌നാട്ടിലും നേടുന്ന ഏറ്റവുമധികം റിലീസ് സെന്ററുകളും സ്‌ക്രീനുകളും എന്ന റിക്കാര്‍ഡാണ് ജവാനിലൂടെ നേടുന്നത്,’ കൃഷ്ണമൂര്‍ത്തി പറഞ്ഞു.

വലിയ വിജയം നേടിയ പത്താന് ശേഷം ഷാരുഖ് ഖാന്‍ നായകനാകുന്ന ചിത്രത്തില്‍ സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയാണ് നായികയാകുന്നത്. തെരി, മെര്‍സല്‍, ബിഗില്‍ തുടങ്ങിയ സൂപ്പര്‍ഹിറ്റ് തമിഴ് സിനിമകള്‍ ഒരുക്കിയ സംവിധായകന്‍ അറ്റ്ലിയുടെ ആദ്യ ബോളിവുഡ് ചിത്രമാണ് ജവാന്‍.

മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. വലിയ താരനിരയില്‍ ഒരുങ്ങുന്ന ചിത്രത്തിനു സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. ചിത്രത്തിലെ ആദ്യ ഗാനമായ സിന്ദാ ബന്ദാ നേരത്തെ പുറത്തിറക്കിയിരുന്നു. വലിയ ക്യാന്‍വാസിലുള്ള ഗാനം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരുന്നു. ദീപിക പദുകോണ്‍ ചിത്രത്തില്‍ ഗസ്റ്റ് റോളില്‍ എത്തുന്നുണ്ട്.

റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റിന് വേണ്ടി ഗൗരി ഖാനാണ് ജവാന്‍ നിര്‍മിച്ചിരിക്കുന്നത്. ഗൗരവ് വര്‍മയാണ് ചിത്രത്തിന്റെ സഹനിര്‍മാതാവ്. ആറ്റ്ലി സംവിധാനം ചെയ്ത ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ സെപ്റ്റംബര്‍ ഏഴിന് ലോകമെമ്പാടും റിലീസ് ചെയ്യും.

Content Highlight: Shah Rukh’s film ‘Jawan’ is set for a big release in Tamil Nadu and Kerala