തിരുവനന്തപുരം: വാളയാര്‍ കേസില്‍ പ്രതികളെ വെറുതെവിട്ട കോടതി വിധി നിരാശാജനകമെന്ന് എസ്.എഫ്.ഐ. കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് പൊലീസിന് വീഴ്ച്ച സംഭവിച്ചിട്ടുണ്ടോയെന്നതും പ്രോസിക്യൂഷന് പരാജയം സംഭവിച്ചിട്ടുണ്ടോയെന്നതും പരിശോധിക്കപ്പെടണമെന്നും ഉചിതമായ നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്നും എസ്.എഫ്.ഐ ആവശ്യപ്പെട്ടു. എസ്.എഫ്.ഐ കേരള സംസ്ഥാന കമ്മിറ്റി ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
‘വാളയാറിലെ സംഭവം കേരള മനസാക്ഷിയെ തന്നെ ഞെട്ടിപ്പിക്കുന്നതാണ്. മുഴുവന്‍ പ്രതികള്‍ക്കും അര്‍ഹമായ ശിക്ഷ ലഭിക്കേണ്ടതുണ്ട്. എന്നാല്‍ പ്രതികളെ വെറുതെ വിട്ട പോക്‌സോ കോടതിയുടെ നടപടി നിരാശാജനകമാണെന്നും’ എസ്.എഫ്.ഐ പറഞ്ഞു.
വാളയാറില്‍ സഹോദരിമാരായ പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികള്‍ക്കെതിരെ കൃത്യമായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല എന്ന നിരീക്ഷണത്തില്‍ പാലക്കാട് ഒന്നാം അഡീഷണല്‍ സെഷന്‍സ് പോക്‌സോ കോടതിമുഴുവന്‍ പ്രതികളെയും വെറുതെ വിട്ടത്. കോടതി വിധിക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്.
പ്രതികളെ വെറുതെവിട്ട പോക്‌സോ കോടതിയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും കേസന്വേഷണത്തിന്റെ തുടക്കം മുതലേ പൊലീസിന്റെ അനാസ്ഥയും താല്‍പര്യക്കുറവും പ്രകടമായിരുന്നെന്നും കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് രംഗത്തെത്തിയിരുന്നു.