തിരുവനന്തപുരം: കേരള സാങ്കേതിക സര്‍വകലാശാലയില്‍ വി.സി സ്ഥാനം ഏറ്റെടുക്കാന്‍ എത്തിയ ഡോ. സിസ തോമസിനെ എസ്.എഫ്.ഐ പ്രവര്‍ത്തകരും ജീവനക്കാരും ചേര്‍ന്ന് തടഞ്ഞു. സര്‍ക്കാരിന്റെ ശിപാര്‍ശ തള്ളിക്കൊണ്ട് ഗവര്‍ണര്‍ കഴിഞ്ഞ ദിവസം സിസയ്ക്ക് കെ.ടി.യു വൈസ് ചാന്‍സലറുടെ താല്‍ക്കാലിക ചുമതല നല്‍കിയിരുന്നു.
സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് കെ.ടി.യു വൈസ് ചാന്‍സലറായിരുന്ന ഡോ. എം.എസ്. രാജശ്രീയെ സ്ഥാനത്തുനിന്ന് നീക്കിയതിനെ തുടര്‍ന്നാണ് പുതിയ ആള്‍ക്ക് ചുമതല നല്‍കിയത്.
പുതിയ ആള്‍ക്ക് വി.സിയുടെ ചാര്‍ജ് നല്‍കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ മുന്നോട്ടുവെച്ച ശിപാര്‍ശകള്‍ ഗവര്‍ണര്‍ അവഗണിക്കുകയും സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ ജോയിന്റ് ഡയറക്ടറായ സിസ തോമസിന് വി.സിയുടെ ചുമതല നല്‍കുകയുമായിരുന്നു.
സര്‍ക്കാര്‍ ശിപാര്‍ശ തള്ളിയാണ് രാജ്ഭവന്‍ ഡോ. സിസ തോമസിന് താത്കാലിക ചുമതല നല്‍കി ഉത്തരവിറക്കിയത്. ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ചുമതല നല്‍കാനായിരുന്നു സര്‍ക്കാര്‍ ശിപാര്‍ശ. പുതിയ വി.സിയെ നിയമിക്കുന്നതുവരെയാണ് ഡോ. സിസാ തോമസിന് കെ.ടി.യു വൈസ് ചാന്‍സലര്‍ ചുമതല താല്‍ക്കാലികമായി നല്‍കിയിരിക്കുന്നത്.
ചാര്‍ജ് ഏറ്റെടുക്കാന്‍ സാങ്കേതിക സര്‍വകലാശാലയില്‍ എത്തിയപ്പോഴായിരുന്നു എസ്.എഫ്.ഐയുടെയും ജീവനക്കാരുടെയും പ്രതിഷേധം ഉണ്ടായത്. ആദ്യം എസ്.എഫ്.ഐ പ്രവര്‍ത്തകരും പിന്നീട് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലും സിസ തോമസിനെ തടയുകയായിരുന്നു. പിന്നീട് സിസ ജോസഫ് ഓഫീസിലെത്തി കസേരയില്‍ ഇരുന്നു.
കെ.ടി.യു രജിസ്ട്രാര്‍ സ്ഥലത്തില്ലാത്തതിനാല്‍ അവര്‍ക്ക് ജോയിനിങ് റിപ്പോര്‍ട്ടില്‍ ഒപ്പുവെക്കാന്‍ കഴിഞ്ഞിട്ടില്ല. ജോയിന്റ് രജിസ്ട്രാര്‍ മുഖേന രേഖകളില്‍ ഒപ്പിടാനുള്ള ശ്രമം നടക്കുന്നുണ്ട്.
നേരത്തെ, ഡോ. രാജശ്രീ എം.എസിന്റെ വൈസ് ചാന്‍സലറായുള്ള നിയമനം യു.ജി.സി. ചട്ടപ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി റദ്ദാക്കുകയായിരുന്നു. വൈസ് ചാന്‍സലര്‍ നിയമനത്തിന് ചാന്‍സലര്‍ക്ക് പാനല്‍ കൈമാറുന്നതിന് പകരം ഒരു വ്യക്തിയുടെ പേര് മാത്രമാണ് കൈമാറിയതെന്ന് ചൂണ്ടിക്കാട്ടിയിരുന്നു കോടതി നടപടി. ജസ്റ്റിസ് എം.ആര്‍. ഷാ അധ്യക്ഷനായ ബെഞ്ചാണ് രാജശ്രീയുടെ നിയമനം റദ്ദാക്കിയത്.