തിരുവനന്തപുരം: ഉത്തര്‍പ്രദേശിലെ ഹാത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി ദളിത് പെണ്‍കുട്ടി കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ചുക്കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തതിന് പിന്നാലെ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ എന്‍ പ്രശാന്തിനെതിരെ ‘രാജ്യദ്രോഹി’ പ്രചാരണവും ലൈംഗികാരോപണങ്ങളും. എന്‍.പ്രശാന്ത് ഷെയര്‍ ചെയ്ത പോസ്റ്റില്‍ വിനയ് മൈനാഗപ്പള്ളി എന്നയാളാണ് കമന്റ് ചെയ്തിരിക്കുന്നത്.
ഡോ.സതീഷ് കുമാര്‍ എഴുതിയ ഫേസ്ബുക്ക് കുറിപ്പാണ് പ്രശാന്ത് ഷെയര്‍ ചെയ്തിരിക്കുന്നത്. ഇതിലെ ചില വരികള്‍ രാജ്യവിരുദ്ധമാണെന്നും കലാപത്തിന് ആഹ്വാനം ചെയ്യുന്നതാണെന്നും അതിനാല്‍ പ്രശാന്തിനെതിരെ നടപടിയെടുക്കണമെന്നുമാണ് വിനയ് കമന്റിലൂടെ ആവശ്യപ്പെടുന്നത്.
മുന്‍പ് കളക്ടര്‍ ഓഫീസിലെത്തിയ കോളേജ് വിദ്യാര്‍ത്ഥിയെ പ്രശാന്ത് ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും അതിനാല്‍ ഹാത്രാസ് ബലാത്സംഗത്തില്‍ പ്രതികരിക്കാന്‍ യോഗ്യതയില്ലെന്നും ഇയാള്‍ ആരോപിച്ചു.
എന്നാല്‍ ലൈംഗികാരോപണം അപകീര്‍ത്തിപ്പെടുത്താനുള്ള ഉദ്ദേശം മാത്രം വെച്ചുക്കൊണ്ട് കെട്ടിച്ചമച്ചതാണെന്നും വ്യക്തിഹത്യ നടത്തിയ ഇയാള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും എന്‍.പ്രശാന്ത് അറിയിച്ചു. മൂന്ന് തവണ എഡിറ്റ് ചെയ്ത ലൈംഗികാരോപണത്തെക്കുറിച്ചുള്ള കമന്റിന്റെ സ്‌ക്രീന്‍ ഷോട്ടുകളും പ്രശാന്ത് പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
‘വ്യക്തിഹത്യ ചെയ്യുക എന്ന ഉദ്ദേശത്തില്‍ ഭാവനയില്‍ ചമച്ചെടുക്കുന്ന കള്ള കഥകള്‍ ഉണ്ടാക്കിയാല്‍ പേടിച്ച് നാവടക്കാന്‍ ഈയുള്ളവന്‍ ശീലിച്ചിട്ടില്ല.14 വര്‍ഷത്തെ സര്‍വ്വീസില്‍ ഇതാദ്യമായിട്ടൊന്നുമല്ല പെണ്ണ്‌കേസില്‍ പെടുത്തിക്കളയുമെന്ന് ഭീഷണി വരുന്നത്. കോഴിക്കോട്ടിരിക്കുമ്പോഴും അതിന് മുമ്പ് തിരുവനന്തപുരത്തുള്ളപ്പോഴും ഇമ്മാതിരി വിരട്ടൊക്കെ കുറേ കണ്ടതാണ്. സങ്കിയും കോങ്ങിയും കമ്മിയും എല്ലാം ഇക്കാര്യത്തില്‍ കണക്കാ.’ പ്രശാന്ത് ഫേസ്ബുക്കില്‍ എഴുതി.
രാജ്യത്തിന് എതിരെ പരസ്യമായി കലാപത്തിന് ആഹ്വാനം ചെയ്ത ഓഫീസര്‍ക്ക് എതിരെ നിയമപരമായി നീങ്ങുമെന്നും എന്‍.പ്രശാന്തിനെതിരെ എന്‍.ഐ.എക്കും പൊലീസിനും പരാതിക്കൊടുക്കുമെന്നും വിനയ് മൈനാഗപ്പിള്ളി തന്റെ ഫേസ്ബുക്കില്‍ എഴുതി. കേരളത്തിലെ പ്രധാന ബി.ജെ.പി നേതാവിന്റെ പരാതിയില്‍ യു.പി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഇയാള്‍ പറയുന്നു.
എന്നാല്‍ ഈ വാദങ്ങളെല്ലാം തെറ്റാണെന്ന് പ്രശാന്ത് പറഞ്ഞു. ഹാത്രാസിലെ പെണ്‍കുട്ടിയുടെ വേദന ഏറ്റെടുത്തതിന്റെ പേരിലാണ് സ്ത്രീ പീഡകനും ഞരമ്പ് രോഗിയും അഴിമതിക്കാരനും രാജ്യദ്രോഹിയുമായി തന്നെ ചിത്രീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഹാത്രാസിലെ പെണ്‍കുട്ടിയുടെ വേദന ഏറ്റെടുത്തു കൊണ്ട് ഒരു പോസ്റ്റ് ഷെയര്‍ ചെയ്തതാണ് ഇന്നാട്ടിലെ വലിയ പിഴ. മനുഷ്യനായി ജനിച്ചാല്‍ പോരാ, മനുഷ്യത്തം വേണം.’ എന്‍.പ്രശാന്ത് ഫേസ്ബുക്കില്‍ എഴുതി.
ഉത്തര്‍പ്രദേശിലെ ഹാത്രാസില്‍ വെച്ച് നാല് പേര്‍ ചേര്‍ന്ന് ക്രൂരമായി ബലാത്സംഗം ചെയ്ത പത്തൊന്‍പതുകാരിയായ ദളിത് പെണ്‍കുട്ടി മരിച്ചതിനെ തുടര്‍ന്ന് രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നുണ്ട്. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കുട്ടിയുടെ മാതാപിതാക്കളെ കാണാന്‍ എത്തിയതിനെ തുടര്‍ന്ന് പൊലീസ് ഇവരെ തടഞ്ഞ് കസ്റ്റഡിയിലെടുത്തിരുന്നു.
ബന്ധുക്കളുടെ അനുവാദം കൂടാതെ പെണ്‍കുട്ടിയുടെ മൃതദേഹം ബലമായി കൊണ്ടുപോയി സംസ്‌ക്കരിച്ചതിനെതിരെ യു.പി പൊലീസിനും ഉത്തര്‍പ്രദേശ് സര്‍ക്കാരിനുമെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക