Kerala News
ലൊക്കേഷനിൽ വെച്ച് ലൈംഗികാതിക്രമം; ജയസൂര്യക്കെതിരെ വീണ്ടും കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Aug 30, 06:05 am
Friday, 30th August 2024, 11:35 am

കൊച്ചി: ജയസൂര്യയ്‌ക്കെതിരെ കൂടുതൽ ആരോപണങ്ങളുമായി വീണ്ടും കേസ് രജിസ്റ്റർ ചെയ്തു. തിരുവനന്തപുരം സ്വദേശിയായ നടി നൽകിയ പരാതിയെ തുടർന്നാണ് കരമന പൊലീസ് കേസ് എടുത്തത്. വർഷങ്ങൾക്ക് മുമ്പ് തൊടുപുഴയിലെ ഷൂട്ടിങ് ലൊക്കേഷനിൽ വെച്ച് ജയസൂര്യ ലൈംഗീകാതിക്രമം നടത്തിയെന്നാണ് നടിയുടെ പരാതി.

ഡി.ജി.പിക്ക് ഓൺലൈൻ വഴിയാണ് നടി പരാതി ആദ്യം സമർപ്പിച്ചത്. എന്നാൽ പിന്നീട് കരമന പൊലീസ് നടിയുടെ മൊഴി രേഖപ്പെടുത്തുകയായിരുന്നു. തൊടുപുഴ പൊലീസിന് ഈ കേസ് കൈമാറും. സ്ത്രീത്വത്തെ അപമാനിക്കൽ, അപമര്യാദയായി പെരുമാറൽ, അനുവാദമില്ലാതെ ഉപദ്രവിക്കുക തുടങ്ങിയ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.

2013ൽ തൊടുപുഴയിലെ ലൊക്കേഷനിൽ വെച്ച് മേക്കപ്പ് ചെയ്ത് വാഷ് റൂമിൽ പോയി തിരിച്ചുവരുന്നതിനിടയിൽ ഒരു യുവ നടൻ കടന്ന് പിടിച്ച് അനുവാദമില്ലാതെ ചുംബിച്ചു എന്നാണ് നടിയുടെ പരാതിയിൽ പറയുന്നത്. അതിന് ശേഷം താൻ നടനെ പിടിച്ച് തള്ളിയെന്നും സെറ്റിലുള്ളവരോട് പരാതിപ്പെട്ടിട്ടും ആരും തുടർനടപടികൾ സ്വീകരിച്ചില്ലെന്നും നടി പറയുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് ഒരുപാട് നടിമാർ പരാതികളുമായി രംഗത്ത് വന്ന പശ്ചാത്തലത്തിൽ അവർക്ക് പിന്തുണയായാണ് തന്റെ ദുരനുഭവവും തുറന്ന് പറയുന്നതെന്നും നടി പറയുന്നു.

2013ലെ സംഭവമായതിനാൽ ഐ.പി.സി പ്രകാരമുള്ള കുറ്റങ്ങൾ തന്നെയാണ് ജയസൂര്യയ്ക്കെതിരെ എടുത്തിരിക്കുന്നത്. ജയസൂര്യയ്ക്കെതിരെ വരുന്ന രണ്ടാമത്തെ കേസാണിത്.

മുമ്പ് കൊച്ചിയിലുള്ള നടിയുടെ പരാതിയിൽ ഗുരുതര വകുപ്പുകൾ ചുമത്തി ജയസൂര്യയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് നടനെതിരെ കൂടുതൽ ആരോപണവുമായി മറ്റൊരു നടി രംഗത്തെത്തിയിരിക്കുന്നത്.

 

Content Highlight: Sexual assault on location; Another case against Jayasurya