ലളിതം സുന്ദരം എന്ന സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തില്‍ ബിജു മേനോനോട് സംയുക്ത വര്‍മ്മയുടെ തിരിച്ചു വരവിനെ കുറിച്ചുള്ള ചോദ്യമുയരുന്നു. അവര്‍ക്ക് നോക്കാന്‍ ഒരുപാട് കുടുംബ കാര്യങ്ങള്‍ ഇല്ലേ എന്നായിരുന്നു ബിജു മേനോന്റെ മറുപടി. അത് സംയുക്തയുടെ തീരുമാനമാനമാണെന്ന് പറഞ്ഞ് മഞ്ജു വാര്യര്‍ പിന്തുണക്കുന്നുമുണ്ട്
കല്യാണം കഴിഞ്ഞ ഒരു സിനിമാനടി നേരിടുന്ന ആദ്യത്തെ ചോദ്യം, ‘ഇനി അഭിനയിക്കുമോ’ എന്നതായിരിക്കും. ഒരു പുരുഷനും വിവാഹം കഴിഞ്ഞതുകൊണ്ട് അഭിനയം തുടരുമോ എന്ന ചോദ്യം കേള്‍ക്കേണ്ടി വരാറില്ല. കുടുംബ കാര്യങ്ങള്‍ നോക്കി വീട്ടിലിരിക്കാനുള്ള ഉപദേശങ്ങളും ലഭിക്കാറില്ല. എന്നാല്‍ വിവാഹത്തിന് ശേഷം വീടും കുട്ടികളും സ്ത്രീകളുടെ ഉത്തരവാദിത്തം മാത്രമാണെന്ന ബോധത്തിന്‍മേലാണ് ഇപ്പോഴും പലരും ജീവിക്കുന്നത്.
വിവാഹം കഴിഞ്ഞ നടിമാര്‍ സിനിമയിലേക്ക് തിരിച്ചു വരുമ്പോള്‍ വളരെ അനുകൂലമായ സ്വീകരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിക്കാറുള്ളത്. എന്നാല്‍ വിവാഹം കഴിഞ്ഞ എല്ലാ നടിമാര്‍ക്കും ഇത്തരം തിരിച്ചുവരവ് നടത്താന്‍ സാധികാറില്ല. സ്ത്രീകള്‍ക്ക് മാത്രം വിവാഹശേഷം സിനിമ കരിയര്‍ ഉപേഷിച്ച് കുടുംബകാര്യങ്ങള്‍ നോക്കി വീട്ടിലിരിക്കേണ്ടി വരുന്നു. വിവാഹമെന്ന സ്ഥാപനത്തിനകത്തു കാലങ്ങളയി നടക്കുന്ന സ്ത്രീവിരുദ്ധ ഇടപെടലുകളാണ് ഇതിനു കാരണം.
അവര്‍ക്ക് നോക്കാന്‍ ധാരാളം കുടുംബകാര്യങ്ങളില്ലേ? എന്നുളള ബിജു മോനോന്റെ പ്രതികരണത്തില്‍ നിന്നും, കുടുംബം നല്ല രീതിയില്‍ കൊണ്ടുപോകാന്‍ സ്ത്രീകള്‍ മാത്രം അവരുടെ ഇഷ്ടങ്ങള്‍ ത്യജിക്കേണ്ടി വരുന്ന, ഇവിടുത്തെ സോഷ്യല്‍ കണ്ടിഷനിങ്ങിന്റെ ചിത്രം ഏകദേശം വ്യക്തമാണ്. കുടുംബ ജീവിതം ഒരു ജെന്‍ഡറില്‍ പെട്ടവരുടെ മാത്രം കഴിവിനെ റദ്ദ് ചെയ്തു കളയുവാനുള്ള സ്ഥാപനമായി മാറുന്ന സ്ഥിതിയാണിവിടെയുള്ളത്. വിവാഹം സ്ത്രീകളുടെ ജോലി സാധ്യതകള്‍ നിഷേധിക്കപെടാനുള്ള ഇടമാകാറുമുണ്ട്. ഇതിനെയെല്ലാം വളരെ സ്വഭാവികമായി കാണുന്ന സമൂഹത്തിന്റെ പ്രവണതയാണ് ബിജുമേനോനിലും നമുക്ക് കാണാനാകുന്നത്.
മഞ്ജു വാര്യര്‍ ബിജു മേനോനെ സപ്പോര്‍ട്ട് ചെയ്തുകൊണ്ട് അത് സംയുക്തയുടെ തീരുമാനമാണെന്ന് പറയുന്നുണ്ട്. സത്യത്തില്‍ മഞ്ജു വാര്യര്‍ പറയുന്നതിലെ പ്രശനം അവര്‍ തിരിച്ചറിയുന്നില്ല. കാലങ്ങളായി സമൂഹം സ്ത്രീകളോട് കാണിക്കുന്ന നീതി നിഷേധത്തിലെ തെറ്റ് മനസ്സിലാക്കാതെ സൊസൈറ്റി കണ്ടിഷന്‍ ചെയ്തുവെച്ച സ്ത്രീ വിരുദ്ധത തന്നെയാണ് മഞ്ജു വാര്യരും അവിടെ പറഞ്ഞത്.
വിവാഹം കഴിഞ്ഞതുകൊണ്ട് തന്റെ ജോലിയായ അഭിനയം നിര്‍ത്തേണ്ടി വരുന്നത്, സ്ത്രീകള്‍ പൂര്‍ണ്ണമായ സന്തോഷത്തോടെയും സ്വാതന്ത്ര്യത്തോടെയും എടുക്കുന്ന തീരുമാനമാണെന്ന തെറ്റായ ധാരണയാണ് മഞ്ജു വാര്യര്‍ തന്റെ വാക്കുകളിലൂടെ മുന്നോട്ട് വെച്ചത്. ചെറുപ്പം മുതല്‍ കുടുംബം നോക്കേണ്ടവളാണെന്ന ധാരണയില്‍ പെണ്‍കുട്ടികളെ വളര്‍ത്തുന്നത് മുതല്‍, കല്യാണം കഴിഞ്ഞാല്‍ കരിയര്‍ ഉപേക്ഷിക്കുക എന്ന തീരുമാനത്തിലേക്കെത്തിക്കാന്‍ വരെ, ഒരു സ്ത്രീക്ക് സമൂഹം കൊടുക്കുന്ന സമ്മര്‍ദ്ദം ഭീകരമാണ്.
വിവാഹം ഒരു വ്യക്തിയുടെ കഴിവും തൊഴിലും റദ് ചെയ്യാനുള്ള ഇടമല്ല. രണ്ട് മനുഷ്യര്‍ ഒന്നിച്ചു ജീവിക്കുന്നതിനുവേണ്ടി ആരും തന്റെ ഇഷ്ടപെട്ട കാര്യങ്ങള്‍ ത്യാഗം ചെയ്യേണ്ടതില്ല.
Content Highlight: sexist comment by biju menon about samyuktha varma’s career