കടുത്ത സാമ്പത്തിക പ്രതിസന്ധി; ഭക്ഷ്യസഹായമടക്കമുള്ള ആനുകൂല്യങ്ങള്‍ വെട്ടിച്ചുരുക്കുന്നതായി യു.എന്‍
World News
കടുത്ത സാമ്പത്തിക പ്രതിസന്ധി; ഭക്ഷ്യസഹായമടക്കമുള്ള ആനുകൂല്യങ്ങള്‍ വെട്ടിച്ചുരുക്കുന്നതായി യു.എന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 29th July 2023, 8:22 pm

ന്യൂയോര്‍ക്ക്: കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം വിവിധ രാജ്യങ്ങളിലെ ദശലക്ഷക്കണക്കിനാളുകള്‍ക്ക് നല്‍കുന്ന ഭക്ഷണം, പണം തുടങ്ങിയ ആനുകൂല്യങ്ങള്‍ വെട്ടിച്ചുരുക്കുന്നതായി ഐക്യരാഷ്ട്ര സഭ അറിയിച്ചു.

അഫ്ഗാനിസ്ഥാന്‍, സിറിയ, യെമന്‍, പശ്ചിമാഫ്രിക്ക എന്നിവയുള്‍പ്പെടെ വേള്‍ഡ് ഫുഡ് പ്രോഗ്രാം പ്രവര്‍ത്തിക്കുന്ന 86 രാജ്യങ്ങളില്‍ 38 രാജ്യങ്ങളില്‍ നിന്നും ഇതിനകം തന്നെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചുവെന്ന് വേള്‍ഡ് ഫുഡ് പ്രോഗ്രാം ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കാള്‍ സ്‌കൗ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

‘എല്ലായിടങ്ങളിലും ആവശ്യമായ സഹായം എത്തിക്കുന്നതിന് ഡബ്ല്യു.എഫ്.പിക്ക് 20 ബില്യന്‍ ഡോളര്‍ ആവശ്യമായി വരും. എന്നാല്‍ ഇപ്പോള്‍ 10 ബില്യന്‍ ഡോളറിനും 14 ബില്യന്‍ ഡോളറിനും ഇടയിലാണ് ലക്ഷ്യം വെക്കുന്നത്. ഈ തുകയാണ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നമുക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഞങ്ങള്‍ ഇപ്പോഴും ഈ തുകയാണ് ലക്ഷ്യം വെക്കുന്നത്. എന്നാല്‍ ഈ വര്‍ഷം ഇതുവരെ ഇതിന്റെ പകുതിയാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. ഏകദേശം അഞ്ച് ബില്യന്‍ ഡോളര്‍ മാത്രമാണ് ലഭിച്ചത്,’ അദ്ദേഹം പറഞ്ഞു.

കൊവിഡും റഷ്യ-ഉക്രൈന്‍ യുദ്ധങ്ങളുടെയും ആഗോള പ്രത്യാഘാതങ്ങള്‍ കാരണം 2021ലും 2022ലും മാനുഷികമായ ആവശ്യങ്ങള്‍ക്ക് വീഴ്ചയുണ്ടായെന്നും കാള്‍ പറഞ്ഞു.

‘ആവശ്യങ്ങള്‍ വര്‍ധിച്ചുവരികയാണ്. എന്നാല്‍ ഫണ്ടിങ് കുറവാണ്. അതുകൊണ്ട് തന്നെ 2024നെ പേടിയോടെയാണ് ഞങ്ങള്‍ കാണുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ ഭക്ഷ്യ-പോഷകാഹാര പ്രതിസന്ധി നിലനില്‍ക്കുന്നു.

ഈ വര്‍ഷം 345 ദശലക്ഷം ആളുകള്‍ കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥയിലാണ് കടന്നു പോകുന്നത്. കാലാവസ്ഥ വ്യതിയാനം, ദുരന്തങ്ങള്‍, ഭക്ഷ്യ വിലക്കയറ്റം, വര്‍ധിച്ച് വരുന്ന സാമ്പത്തിക പ്രതിസന്ധി എന്നിവയോടൊപ്പം അരക്ഷിതാവസ്ഥയും സംഘര്‍ഷാവസ്ഥയുമാണ് ലോകമെമ്പാടുമുള്ള കടുത്ത പട്ടിണിക്ക് കാരണം,’ സ്‌കൗ പറഞ്ഞു.

ഡബ്ല്യു.എഫ്.പി വ്യത്യസ്ത ഫണ്ടിങ് നോക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സാധാരണ ഫണ്ടിങ് തരുന്നവരോട് ഈ അവസരത്തില്‍ പിന്തുണക്കണമെന്നും സ്‌കൗ അഭ്യര്‍ത്ഥിച്ചു.

CONTENT HIGHLIGHTS: severe economic crisis; UN said that benefits including food aid will be cut