Kerala News
കളഞ്ഞുകിട്ടിയ എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് പണം തട്ടിയ കേസില്‍ ബി.ജെ.പി നേതാവ് അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 18, 07:45 am
Tuesday, 18th March 2025, 1:15 pm

ആലപ്പുഴ: കളഞ്ഞുകിട്ടിയ എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് പണം തട്ടിയ കേസില്‍ ബി.ജെ.പി മഹിള മോര്‍ച്ച നേതാവും സഹായിയും അറസ്റ്റില്‍. ബി.ജെ.പി ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗമായ സുജന്യ ഗോപി, പെല്ലിശ്ശേരി വല്യത്ത് ലക്ഷ്മി നിവാസില്‍ സലീഷ് മോഹന്‍ എന്നിവരാണ് അറസ്റ്റിലായത്.

വാഴാര്‍മംഗലം സ്വദേശി വിനോദ് എന്ന യുവാവിന്റെ പേഴ്‌സസ് മാര്‍ച്ച് 14നാണ് നഷ്ടമായത്. ഭാര്യയെ ജോലി സ്ഥലത്ത് കൊണ്ടുപോയി മടങ്ങി വരവെയാണ് പേഴ്‌സ് നഷ്ടപ്പെട്ടത്. ഓട്ടോ ഡ്രൈവറായ സലീഷ് മോഹനാണ് പേഴ്‌സ് ലഭിച്ചത്. ഇയാളാണ് സുജന്യയെ വിവരം അറിയിച്ചത്.

തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് മാന്നാര്‍, ബുധനൂര്‍, പാണ്ടനാട് എന്നിവിടങ്ങളിലെ മൂന്ന് എ.ടി.എമ്മുകളില്‍ നിന്നായി 25,000 രൂപ പിന്‍വലിച്ചു. ഇതിന്റെ സി.സി.ടി ദൃശ്യങ്ങള്‍ അടക്കം പൊലീസിന് ലഭിച്ചിട്ടുണ്ട്. എ.ടി.എം കാര്‍ഡിനൊപ്പം എഴുതി സൂക്ഷിച്ച പിന്‍ നമ്പര്‍ ഉപയോഗിച്ചാണ് ഇവര്‍ പണം പിന്‍വലിച്ചത്.

തുടര്‍ന്ന് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കപ്പെട്ടതായി വിനോദിന് ബാങ്കില്‍ നിന്ന് സന്ദേശം ലഭിച്ചു. ഈ വിവരം വിനോദ് പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് എ.ടി.എം കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.

Content Highlight: BJP leader arrested for defrauding money using stolen ATM card