ഗുജറാത്ത് ബി.ജെ.പിയില്‍ പ്രതിസന്ധി; സ്ഥാനങ്ങള്‍ രാജിവെച്ച് നേതാക്കള്‍; പിരിച്ചുവിട്ടതെന്ന് ബി.ജെ.പി
national news
ഗുജറാത്ത് ബി.ജെ.പിയില്‍ പ്രതിസന്ധി; സ്ഥാനങ്ങള്‍ രാജിവെച്ച് നേതാക്കള്‍; പിരിച്ചുവിട്ടതെന്ന് ബി.ജെ.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 2nd March 2023, 8:29 am

അഹമ്മദാബാദ്: ഗുജറാത്ത് ബി.ജെ.പിയില്‍ നേതാക്കന്മാരുടെ കൊഴിഞ്ഞുപോക്ക്. ബുധനാഴ്ച മാത്രം നാല് ജില്ലാ, നഗര മേധാവികളാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചതെന്ന് ന്യൂഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവര്‍ക്കു പുറമെ മെഹ്‌സാന, ബോട്ടാഡ്, ഭാവ്‌നഗര്‍ ജില്ലാ, ഭാവ്‌നഗര്‍ നഗര പ്രസിഡന്റുമാരും പ്രസിഡന്റ് സ്ഥാനത്തുനിന്നും രാജിവെച്ചതായാണ് റിപ്പോര്‍ട്ട്.

മെഹ്‌സാന, ബോട്ടാഡ്, ഭാവ്‌നഗര്‍ ജില്ലാ, ഭാവ്‌നഗര്‍ നഗര പ്രസിഡന്റുമാര്‍ സ്വമേധയാ രാജിവെച്ചതാണെന്ന് ബി.ജെ.പി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നുണ്ട്. ഉത്തരവാദിത്തങ്ങള്‍ ഭംഗിയായി നിര്‍വഹിക്കാന്‍ സാധിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് രാജി എന്ന് ബി.ജെ.പി പറയുന്നു.

അതേസമയം ജില്ലാ നഗര മേധാവിമാരുടെ രാജി സ്വമേധയാ അല്ലെന്നും പാര്‍ട്ടി നിര്‍ദ്ദേശിച്ച പ്രകാരമാണെന്നും ബി.ജെ.പി പ്രസ്താവനയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ജില്ലാ നഗര മേധാവിത്വത്തില്‍ നിന്ന് രാജി വെച്ച എല്ലാവരും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി കണ്ടെത്തിയിരുന്നുവെന്നും ഇത് സംബന്ധിച്ച് പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇവരോട് രാജി വെക്കാന്‍ പാര്‍ട്ടി ആവശ്യപ്പെടുകയായിരുന്നുവെന്നുമാണ് പ്രസ്താവനയില്‍ പറയുന്നത്.

ഈ മാസം ആദ്യം ബനസ്‌കന്ത, ദേവഭൂമി ദ്വാരക, അമ്രേലി, സുരേന്ദ്രനഗര്‍, വഡോദര, ഖേഡ എന്നീ ജില്ലകളിലെ പ്രസിഡന്റുമാരെ മാറ്റിയിരുന്നു.

‘പല പ്രസിഡന്റുമാരെയും എം.എല്‍എമാരായി നിയമിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ രണ്ട് പദവികളിലും ഒരുപോലെ പ്രവര്‍ത്തിക്കാന്‍ പ്രയാസമനുഭവിക്കുന്നവരാണ് സ്ഥാനത്തുനിന്നും രാജിവെച്ചത്. അവര്‍ക്ക് കൂടുതല്‍ സമയം ജനപ്രതിനിധിയായി ഇത് വഴി പ്രവര്‍ത്തിക്കാന്‍ സാധിക്കും,’ ബി.ജെ.പി വക്താവ് യമല്‍ വ്യാസ് പറയുന്നു.

156 സീറ്റുകള്‍ നേടി കഴിഞ്ഞ ഡിസംബറിലായിരുന്നു ബി.ജെ.പി ഗുജറാത്തില്‍ അധികാരം ഉറപ്പിച്ചത്.

Content Highlight: Several BJP leaders quits allotted positions, storm in gujarat bjp