Entertainment
മൂന്നുകോടി ലാഭം കിട്ടിയിട്ടും അന്നയും റസൂലും എനിക്ക് നഷ്ടമായി മാറി: നിർമാതാവ് പറയുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 20, 03:13 am
Monday, 20th January 2025, 8:43 am

രാജീവ് രവി സംവിധാനം ചെയ്ത് 2013ല്‍ പുറത്തിറങ്ങിയ ചിത്രമാണ് അന്നയും റസൂലും. ഫഹദ് ഫാസിലും ആന്‍ഡ്രിയയും ഒരുമിച്ച ഈ സിനിമ രാജീവ് രവിയുടെ ആദ്യ സംവിധാന ചിത്രമായിരുന്നു.

ഫഹദിനും ആന്‍ഡ്രിയക്കും പുറമെ സൗബിന്‍ ഷാഹിര്‍, ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ, സണ്ണി വെയ്ന്‍ തുടങ്ങിയ മികച്ച താരനിരയായിരുന്നു ചിത്രത്തിൽ ഒന്നിച്ചത്. ബോക്സ് ഓഫീസിൽ ശ്രദ്ധ നേടിയ റിയാലിസ്റ്റിക്ക് സിനിമയാണ് അന്നയും റസൂലും ഒപ്പം ദേശീയ ചലച്ചിത്ര അവാര്‍ഡും മൂന്ന് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളും ചിത്രം നേടിയിരുന്നു.

എന്നാൽ വിജയമായി മാറിയ അന്നയും റസൂലും വ്യക്തിപരമായി തനിക്ക് നഷ്ടമായിരുന്നുവെന്ന് പറയുകയാണ് ചിത്രത്തിന്റെ നിർമാതാവ് സെവൻ ആർട്സ് മോഹൻ. മൂന്നുകോടി ലാഭം കിട്ടിയ സിനിമ വിചാരിച്ചതിനേക്കാൾ അധികം ദിവസം ഷൂട്ട് ചെയ്യേണ്ടി വന്നെന്നും എന്നാൽ അത്തരമൊരു റിയാലിസ്റ്റിക്ക് സിനിമ ചെയ്യാൻ കഴിഞ്ഞതിൽ തനിക്ക് അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാസ്റ്റർ ബിന്നിനോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അന്നയും റസൂലും എന്ന സിനിമ ലാഭമാണ്. പക്ഷെ വ്യക്തിപരമായി എനിക്ക് നഷ്ടം സംഭവിച്ച സിനിമയാണത്. മൂന്ന് കോടി രൂപയാണ് ആ സിനിമയുടെ ലാഭം. പക്ഷെ എനിക്കത് നഷ്ടമാണ്. ചിലപ്പോൾ എന്റെ കഴിവ് കേടായിരിക്കും. കാരണം അന്നയും റസൂലും എന്ന പുതിയകാലത്തെ ഒരു റിയാലിസ്റ്റിക്ക് സിനിമ എടുക്കാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷവുമുണ്ട് അഭിമാനവുമുണ്ട്.

എനിക്കെപ്പോഴും അന്തസോടെ പറയാൻ കഴിയുന്ന സിനിമ തന്നെയാണ് അന്നയും റസൂലും. സംവിധായകൻ രാജീവ് രവിയോട് എനിക്കതിന് നന്ദിയുണ്ട്. പക്ഷെ ആ സിനിമ എനിക്ക് നഷ്ടമാവാൻ കാരണം, മനസാക്ഷി ഇല്ലായ്മയാണ്. പക്ഷെ ഒരിക്കലും സംവിധായകനെ ഞാൻ കുറ്റം പറയില്ല.

പടം വിതരണം ചെയ്യാനായി ഏറ്റെടുത്തത് ഇ ഫോർ എന്റർടൈമെന്റ്സ് എന്ന കമ്പനിയുടെ ആദ്യത്തെ സിനിമയാണ് അന്നയും റസൂലും. ഞാൻ ഔട്ട് റേറ്റ് വിറ്റ സിനിമയാണ്.

ഒരു ബിസിനസ് മാൻ എന്ന നിലയിൽ ഞാൻ പറഞ്ഞ പൈസ അവർ എനിക്ക് തന്നിട്ടുണ്ട്. നാല്പത് ദിവസം കൊണ്ട് ഇത്ര പൈസകൊണ്ട് സിനിമ തീർക്കാമെന്ന് ഞാനും രാജീവ് രവിയും തമ്മിലൊരു ധാരണയുണ്ടായിരുന്നു. പക്ഷെ ആ സിനിമ അവസാനം അറുപത് ദിവസത്തോളമെല്ലാം ഷൂട്ട് ചെയ്യേണ്ടി വന്നു,’സെവൻ ആർട്സ് മോഹൻ പറയുന്നു.

Content Highlight: Seven  Arts Mohan About Annayum Rasoolum Movie