'മെസിയെ പോലുള്ള താരങ്ങളോട് എനിക്ക് അസൂയയാണ്'; വിരമിക്കലിന് പിന്നാലെ സെര്‍ജിയോ റാമോസിന്റെ വാക്കുകള്‍
Football
'മെസിയെ പോലുള്ള താരങ്ങളോട് എനിക്ക് അസൂയയാണ്'; വിരമിക്കലിന് പിന്നാലെ സെര്‍ജിയോ റാമോസിന്റെ വാക്കുകള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 24th February 2023, 8:14 am

വെള്ളിയാഴ്ച രാത്രിയാണ് പി.എസ്.ജി സൂപ്പര്‍താരം സെര്‍ജിയോ റാമോസ് സ്പാനിഷ് ദേശീയ ടീമില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. സ്‌പെയിനിനായി 18 വര്‍ഷം ബൂട്ടുകെട്ടിയ റാമോസ് മുന്‍ ക്യാപ്റ്റന്‍ കൂടിയാണ്. ദേശീയ ജേഴ്‌സിയില്‍ 180 മത്സരങ്ങള്‍ താരം കളിച്ചിട്ടുണ്ട്. 2010ല്‍ ലോകകപ്പ് നേടിയ സ്പാനിഷ് ടീമില്‍ റാമോസ് അംഗമായിരുന്നു.

നീണ്ട ഇന്‍സ്റ്റഗ്രാം കുറിപ്പിലൂടെയായിരുന്നു റാമോസിന്റെ വിരമിക്കല്‍ പ്രഖ്യാപനം. പോകാന്‍ സമയമായെന്നും ഇന്ന് രാവിലെ നിലവിലെ സ്പാനിഷ് കോച്ചില്‍ നിന്ന് കോള്‍ വന്നതോടുകൂടിയാണ് വിരമിക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സ്‌പെയ്‌നിന്റെ ഭാവി പദ്ധതികളില്‍ താന്‍ ഉണ്ടാകില്ലെന്ന് കോച്ച് തറപ്പിച്ച് പറഞ്ഞെന്നും അതാണ് പെട്ടെന്നൊരു തീരുമാനമെടുക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.

വിരമിക്കല്‍ കുറിപ്പില്‍ അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയെ കുറിച്ചും റാമോസ് പരാമര്‍ശിച്ചിരുന്നു. മെസിയെയും മോഡ്രിച്ചിനെയും പെപ്പെയെയും പോലുള്ള താരങ്ങളോട് തനിക്ക് അസൂയയും ആരാധനയാണെന്നും അദ്ദേഹം പറഞ്ഞു.

ഫുട്‌ബോളില്‍ പ്രായം ഒരു പ്രശ്‌നമല്ലെന്നും അത് പ്രകടനത്തെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ തന്റെ കാര്യത്തില്‍ ഭാഗ്യം തുണച്ചില്ലെന്നും റാമോസ് കൂട്ടിച്ചേര്‍ത്തു.

സ്‌പെയിന്‍ ദേശീയ ടീമിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച കളിക്കാരനെന്ന നിലയില്‍ സന്തോഷം നല്‍കുന്ന ഒരിക്കലും മറക്കാത്ത ഒട്ടേറെ ഓര്‍മകളുണ്ടെന്നും ഈ ബാഡ്ജും ജേഴ്‌സിയും ആരാധകരുമാണ് എന്നെ സന്തോഷിപ്പിച്ചതെന്നും അവര്‍ക്കെല്ലാം ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുകയാണെന്നും റാമോസ് കുറിച്ചു.

2010ല്‍ ലോകകപ്പ് നേടിയ സ്പാനിഷ് ടീമില്‍ റാമോസ് അംഗമായിരുന്നു.

Content Highlights: Sergio Ramos emotionally announces retirement from International football