സൈമണ്‍ ബ്രിട്ടോ, സുനീത് ചോപ്ര...സമാനതകളേറെ; പകരക്കാരില്ലാത്ത രണ്ടു പോരാളികള്‍.... | സീന ഭാസ്‌കര്‍
Memories
സൈമണ്‍ ബ്രിട്ടോ, സുനീത് ചോപ്ര...സമാനതകളേറെ; പകരക്കാരില്ലാത്ത രണ്ടു പോരാളികള്‍.... | സീന ഭാസ്‌കര്‍
സീന ഭാസ്‌കര്‍
Tuesday, 11th April 2023, 1:41 pm
മുന്നണിഭേദമില്ലാതെ വലതുപക്ഷം തനിനിറം കാട്ടുന്ന ഇന്ത്യയില്‍ വെറും നാലാണ്ടിനുള്ളില്‍ പ്രതീക്ഷ ബാക്കിവച്ച ശരിക്കുള്ള രണ്ട് കമ്മ്യൂണിസ്റ്റുകളുടെ വേര്‍പാട് വ്യക്തിപരമായും ഈ സമൂഹത്തിന്റെയും നഷ്ടങ്ങളായി മാറുന്നു. ബ്രിട്ടോയുടെ അഭാവത്തില്‍ അസഹനീയമായിത്തീര്‍ന്ന ജീവിതവും കൈയ്യിലെടുത്ത് മകള്‍ക്കൊപ്പം ദില്ലിക്കെത്തിയ നാള്‍ തൊട്ട് ഒപ്പമുണ്ടാകുമെന്ന് വിശ്വസിച്ച ഒരാശ്രയം കൂടിയില്ലാതാവുന്നു | തങ്ങള്‍ ജീവിച്ചിരിക്കുന്ന കാലത്ത് തന്നെ വിപ്ലവം വരുമെന്ന് ഒടുക്കം വരെ വിശ്വസിച്ച രണ്ട് കമ്യൂണിസ്റ്റുകളെ കുറിച്ച് സീന ഭാസ്‌കര്‍ എഴുതുന്നു

സുനീത് ചോപ്രയും സൈമണ്‍ ബ്രിട്ടോയും

സഖാവ് സുനീത് ചോപ്രയും ഒടുവിലൊരു മിന്നിത്തിളങ്ങുന്ന നക്ഷത്രമായി. ഈ നിമിഷം സുനീതിനൊപ്പം സൈമണ്‍ ബ്രിട്ടോയെക്കൂടി ചേര്‍ത്തുപിടിക്കാതെ എന്റെ ഓര്‍മകള്‍ പൂര്‍ണ്ണമാവില്ല. അവര്‍ക്കിടയില്‍ എന്നും ഒരു താദാത്മ്യം നിലനിന്നു. ബ്രിട്ടോയോടൊപ്പമുള്ള ജീവിതം എന്നിലേക്ക് മുതല്‍ക്കൂട്ടിയ വലിയ മനുഷ്യരില്‍ മറ്റൊരാള്‍ കൂടി യാത്രയാവുന്നു.

പക്ഷെ സുനീത് അങ്ങനെ പലരില്‍ ഒരാള്‍ മാത്രമല്ല.

താന്‍ ജീവിച്ചിരിക്കുന്ന കാലത്ത് തന്നെ വിപ്ലവം വരുമെന്ന് ഒടുക്കം വരെ വിശ്വസിച്ച മറ്റൊരു ശുഭാപ്തിവിശ്വാസിയായിരുന്നു.

ഇന്ത്യയിലെ ക്യാമ്പസുകള്‍ മുഴുവന്‍ ചുവക്കുമെന്നും സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവും യാഥാര്‍ത്ഥ്യമാകുമെന്നും വിശ്വസിച്ച രണ്ട് സഖാക്കള്‍ എസ് .എഫ് .ഐക്കാലത്തെ ബ്രിട്ടോയുടെ വടക്കേ ഇന്ത്യന്‍ യാത്രയിലാണ് പരസ്പരം ഹൃദയത്തിലേക്ക് കുടിയേറിയത്. മനുഷ്യസ്‌നേഹിയായ മറ്റൊരു കമ്മ്യൂണിസ്റ്റ്. അര നൂറ്റാണ്ടിനോടടുപ്പിച്ച് പ്രായമുള്ള മറ്റൊരു സൗഹൃദം.

വെറും സൗഹൃദത്തിനപ്പുറം ഒരു ഹൃദയബന്ധമാക്കി അതിനെ വളര്‍ത്തിയെടുക്കാന്‍ ഇരുവരും മത്സരിച്ചു. അതുകൊണ്ടാണ് പ്രിയ സഖാവ് വിട വാങ്ങിയപ്പോള്‍ അയാളുടെ കുടുംബത്തെ ചേര്‍ത്തുപിടിക്കാനൊരു കടമ തനിക്കുണ്ടെന്ന് സുനീത് വിശ്വസിച്ചത്. അങ്ങനെ ബ്രിട്ടോയുടെ വേര്‍പാടിന് ശേഷം രണ്ട് ദശാബ്ദത്തിനപ്പുറത്തെ പരിചയമുണ്ടായിരുന്ന എന്നെയും അദ്ദേഹം ചേര്‍ത്തുപിടിച്ചു.

സുനീത് ചോപ്രയും സീന ഭാസ്‌കറും

ബ്രിട്ടോയുടെ അവസാനായാത്രക്കൊപ്പം, എഴുതി പൂര്‍ത്തീകരിച്ച ‘ നാലരമാസം ഭാരതയാത്ര”, എന്ന യാത്രാവിവരണത്തിന്റെ പകുതിയോളം ഭാഗം നഷ്ടപ്പെട്ടിരുന്നു. ആദ്യപകര്‍പ്പിന്റെ സഹായത്തോടെ ഈ പുസ്തകം പൂര്‍ത്തീകരിക്കാന്‍ ബ്രിട്ടോ പോയ വഴിയെ ഞാനും തുടര്‍യാത്ര പോയി. സുനീത് ചോപ്രയിലേക്ക് വീണ്ടുമെത്തുന്നത് ആ യാത്രയിലാണ്. കോവിഡ് ബാധിച്ചതിന്റെ ക്ഷീണത്തിലിരുന്ന അദ്ദേഹത്തെ ഡല്‍ഹി കര്‍ഷകത്തൊഴിലാളി യൂണിയന്‍ ഓഫീസില്‍ വച്ചാണ് പിന്നെ കാണുന്നത്.

ബ്രിട്ടോയുടെ പുസ്തക പൂര്‍ത്തീകരണത്തിന്റെ മോഹം പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകളിലേക്ക് പാറി വന്ന പ്രകാശനാളങ്ങള്‍ എനിക്കാശ്വാസമായി. ഈറനണിഞ്ഞ കണ്ണുകളുമായി അന്ന് ബ്രിട്ടോയെക്കുറിച്ച് സംസാരിച്ച സുനീത് എന്നെയും മകള്‍ നിലാവിനെയും ചേര്‍ത്തുപിടിച്ച് മുന്നോട്ടുള്ള യാത്രയില്‍ ഞങ്ങളുണ്ടെന്ന പ്രതീക്ഷയാണ് തന്നത്. അതൊരു പാഴ് വാക്കായിരുന്നില്ല.

ദില്ലിയില്‍ അദ്ദേഹം പങ്കെടുത്ത ഓരോ പരിപാടിയിലും എനിക്കും ഒരിടം അദ്ദേഹം ബാക്കി വച്ചു. കലാ-സാംസ്‌കാരിക പരിപാടികളില്‍ നിന്നും പിന്‍വാങ്ങി അധികാരത്തിന്റെ മത്തിലും ഭോഗാലസ്യത്തിലും മയങ്ങി വീണ ദില്ലി വീണ്ടും സുനീതിലൂടെ എനിക്കും പ്രതീക്ഷ തന്നു, നിറക്കൂട്ടുകളുടെ സായാഹ്നങ്ങളിലേക്കും, തീഷ്ണമായ ഓര്‍മ്മപ്പെടുത്തലുകളുടെ മദ്ധ്യാഹ്നങ്ങളിലേക്കും പോരാട്ടങ്ങളുടെ ഭൂതകാലത്തിലേക്കും മാറ്റം വരുത്തേണ്ടുന്ന വത്തമാനകാലത്തിനും ഇടയിലൂടെ. ഈ വിപ്ലവകാരി തന്റെ പഠനം, കുട്ടിക്കാലം, കുടുംബം, രാഷട്രീയപ്രവര്‍ത്തനം, ഓരോന്നിനെപ്പറ്റിയും പറഞ്ഞുകൊണ്ടേയിരുന്നു.

സുനീത് ചോപ്ര

ലണ്ടനിലെ ആഫ്രിക്കന്‍ സ്റ്റഡീസില്‍ പഠനം പൂത്തിയാക്കി നിലക്കാത്ത വെടിയൊച്ച മുഴങ്ങുന്ന പാലസ്തീനില്‍ സമാധാനപ്രവത്തനങ്ങളും കഴിഞ്ഞാണ് ജെ. എന്‍. യുവില്‍ അദ്ധ്യാപകനായി ഇന്ത്യയിലേക്കുള്ള അദ്ദേഹത്തിന്റെ മടങ്ങിവരവ്. പക്ഷെ ശക്തമായൊരു വിദ്യാര്‍ത്ഥിപ്രസ്ഥാനം അവിടെ വളര്‍ത്തിയെടുക്കാന്‍ ഇ. എം. എസ്സിന്റെ നിര്‍ദ്ദേശമനുസരിച്ച് സുനീത് പാര്‍ട്ടിക്ക് വേണ്ടി പിന്നെയും വിദ്യാത്ഥിയായി, സെന്റര്‍ ഫോര്‍ സ്റ്റഡീസ് ഇന്‍ റീജിയണല്‍ ഡെവലപ്പ്‌മെന്റില്‍. ജെ. എന്‍. യുവിലെ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രവത്തനം എങ്ങനെയായിരിക്കണമെന്നതിനെ സംബന്ധിച്ച രൂപരേഖയും അതനുസരിച്ചൊരു ഭരണഘടനയും രൂപപ്പെടുത്തുന്നതില്‍ നേതൃത്വപരമായ പങ്കേറ്റെടുത്ത എസ്. എഫ്. ഐ അമരക്കാരനായി സുനീത്.

തുടര്‍ന്ന് ഇന്ത്യന്‍ യുവത്വത്തിന് ഊര്‍ജ്ജമായി, കര്‍ഷകത്തൊഴിലാളികളുടെ മനസ്സറിഞ്ഞ നേതാവായി സി.പി.എം. കേന്ദ്ര കമ്മറ്റിയിലും പ്രവര്‍ത്തിച്ചു. ഇന്ത്യയൊട്ടാകെ സഞ്ചരിച്ച് സമര-പോരാട്ടങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു. പോരാട്ട ഭൂമിയില്‍ വീണു പോയവരെയും രക്തസാക്ഷികളെയും ഹൃദയത്തിലേറ്റി. സുനീതിനേയും ബ്രിട്ടോയെയും അടുപ്പിച്ച വഴിയും അതായിരുന്നു.

1983ലെ കെ. എസ്. യു പരാക്രമത്തില്‍ ജീവിതത്തിനും മരണത്തിനുമിടയിലൂടെയുള്ള സന്ദിഗ്ദ്ധഘട്ടത്തിലാണ് സുനീത് വീണ്ടും ബ്രിട്ടോയെ കാണാനെത്തുന്നത്. അപ്പൊഴേക്കും ഭാവിയെക്കുറിച്ച് ഒരു നിശ്ചയവുമില്ലാതെ വീണുപോയ ബ്രിട്ടോയെ ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് മാറ്റിയിരുന്നു.

റഷ്യയില്‍ നിന്നും അദ്ദേഹം കൊണ്ടുവന്ന പേനയും ഒരു ഡിയോഡറന്റും സമ്മാനിച്ചുകൊണ്ട് പറഞ്ഞു

”സഖാവ് എഴുതണം. ആ അനുഭവങ്ങള്‍ വരും തലമുറക്ക് ഊര്‍ജ്ജമാകും. പോകാന്‍ ഇനിയും ദൂരമുണ്ട്.” ബ്രിട്ടോ എഴുതി, യാത്ര ചെയ്തു, മരണം വരെ.

സുനീത് കേരളത്തിലെത്തുമ്പോഴെല്ലാം ബ്രിട്ടോയെ കണ്ടു, കലയും രാഷ്ട്രീയവുമങ്ങനെ പലതിനെപ്പറ്റിയും സംസാരിച്ചു, എവിടേക്കെല്ലാമോ ഒരുമിച്ച് യാത്ര ചെയ്തു. ഇഷ്ടമുള്ള വഴിയമ്പലങ്ങളില്‍ ഒരുമിച്ച് ചെലവിട്ടു. ഒരിക്കല്‍ തട്ടേക്കാട് പക്ഷി നിരീക്ഷണത്തിനായി രണ്ട് പേരും പുറപ്പെട്ട് വിശന്ന് വലഞ്ഞ് വഴിയോരത്തുള്ള കള്ളു ഷാപ്പില്‍ കയറി കപ്പയും ബീഫും ഊണും കഴിച്ച കഥ ഇടക്കിടെ അവരാവര്‍ത്തിച്ചു.

എഴുതാനും അറിയാനുമായി ബ്രിട്ടോ ഒരു ഭാരതയാത്ര സ്വപ്‌നം കണ്ടുതുടങ്ങുമ്പോഴും ആ സഖാവ് വഴികാട്ടിയായി. വഴിയും കാലാവാസ്ഥയുമെല്ലാം നിജപ്പെടുത്തി ബ്രിട്ടോയെ യാത്രയാക്കി. യാത്ര കല്‍ക്കത്തയിലെത്തുമ്പോള്‍ അച്ഛന്റെ മരണവാര്‍ത്തയറിഞ്ഞ ബ്രിട്ടോക്കാശ്വാസമായി ഓടിയെത്തിയതും ഇതേ സഖാവ് തന്നെ.

ബ്രിട്ടോയുടെ രണ്ടാമത്തെ നോവല്‍ മഹാരൗദ്രം സുനീത് ചോപ്ര പ്രകാശനം ചെയ്തു. നാവും പേനയും പിന്നൊരു വീല്‍ച്ചെയറും കൊണ്ട് വിപ്ലവത്തിന്റെ വഴിയെ അവസാനം വരെ യാത്ര ചെയ്ത ബ്രിട്ടോയെക്കുറിച്ച് സുനീത് എന്നും അഭിമാനത്തോടെ മാത്രം സംസാരിച്ചു. പോയ ഡിസംബറിലും ബ്രിട്ടോ അനുസ്മരണത്തിനും ഭാരതയാത്രയെപ്പറ്റിയുള്ള പുസ്തകപ്രകാശനത്തിനുമായി സഖാവ് കേരളത്തിലെത്തി. പക്ഷെ പുസ്തക പ്രകാശനം നടന്നില്ല . പകരം ബ്രിട്ടോയുടെ നാടകം കണ്ട അദ്ദേഹം പറഞ്ഞു ‘ ബ്രിട്ടോയുടെ രചനകളെല്ലാം അന്യഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യണമെന്ന്. അത് ഇന്ത്യയിലെ സാധാരണക്കാരന് ആശ്വാസം നല്‍കുമെന്നും. സഖാവിന്റെ എല്ലാവിധ പിന്തുണയും അറിയിച്ചു കൊണ്ട് നിരന്തരം ഫോണില്‍ വിളിച്ച് ഇതിന്റെ പുരോഗതി അന്വേഷിക്കുമായിരുന്നു.

പെരിന്തല്‍മണ്ണയില്‍ സംഘടിപ്പിച്ച സൈമണ്‍ ബ്രിട്ടോ അനുസ്മരണത്തില്‍ സംസാരിക്കുന്ന സുനീത് ചോപ്ര

പെരിന്തല്‍മണ്ണയിലെ സൈമണ്‍ ബ്രിട്ടോ റീഹാബിലിറ്റേഷന്‍ സെന്ററിലെത്തി ബ്രിട്ടോ അനുസ്മരണ പ്രഭാഷണം നടത്തി, അവിടുത്തെ വീല്‍ച്ചെയറിലെ ജീവിതങ്ങള്‍ നേരില്‍ക്കണ്ട്, ഒരു തുക സംഭാവനയും നല്‍കി അന്ന് സുനീത് ചോപ്ര മടങ്ങി. ആ വരവില്‍ പാര്‍ട്ടിയുടെ ഹൗസ് ക്യാമ്പയ്നിങ്ങില്‍ പങ്കെടുത്തു. പാട്ടുപാടി, ഭക്ഷണം കഴിച്ച്, ഒരുപാട് സംസാരിച്ച് ഏലംകുളത്തെ വീട്ടമ്മമാര്‍ക്കും സാധാരണക്കാര്‍ക്കും ഇടയിലൂടെ സഞ്ചരിച്ചു.

പെരിന്തല്‍മണ്ണയിലെ ഇ.എം.എസ് സ്മാരകത്തില്‍ വൃക്ഷത്തൈകള്‍ നടുന്ന സുനീത് ചോപ്ര

ഇ. എം. എസ് സ്മാരകത്തില്‍ വൃക്ഷത്തൈകള്‍ നട്ടുമടങ്ങുമ്പോള്‍ കാല് പൊട്ടി ചോരയൊഴുകി ആശുപത്രിയിലെത്തിച്ചപ്പൊഴും ഡോക്ടര്‍ ഞങ്ങളോട് പറഞ്ഞിരുന്നു, ഹൃദയത്തിന്റെ പ്രവത്തനം മുപ്പത് ശതമാനം മാത്രമാണെന്ന്. അതറിഞ്ഞിട്ടും സഖാവ് കര്‍മ്മനിരതനായിരുന്നു. ചിത്രകാരനായ സുനീത് ചോപ്ര ക്യുറേറ്റ് ചെയ്യുന്ന ചിത്രപ്രദര്‍ശനം ഈ ഏപ്രില്‍ ആറിനും പന്ത്രണ്ടിനുമിടക്ക് ഡല്‍ഹിയിലെ ബിക്കാനെര്‍ ഹൗസ്സില്‍ സംഘടിപ്പിക്കുന്ന തിരക്കിനിടയില്‍ ആയിരുന്നു മരണം. തന്റെ യാത്രാവിവരണത്തിന്റെ അവസാന മിനുക്കുപണികള്‍ക്കിടയില്‍ ഇതുപോലങ്ങുപോയ ബ്രിട്ടോയെ സുനീത് മരണം കൊണ്ടും വീണ്ടുമോര്‍മ്മിപ്പിച്ചു.

രണ്ടായിരത്തി പതിനെട്ട് ഡിസംബര്‍ 31ന് ബ്രിട്ടോ യാത്രപറയുന്നത് , കേരളത്തിലെ സ്ത്രീമുന്നേറ്റത്തിനായി വനിതാമതിലുയര്‍ന്നതിന്റെ തലേന്നായിരുന്നുവെങ്കില്‍ ,സഖാവ് ചോപ്ര വിടവാങ്ങുന്നത് മോദിസര്‍ക്കാരിന്റെ ജനദ്രോഹനടപടികള്‍ക്കെതിരെ സംഘടിപ്പിച്ച മസ്ദൂര്‍ കിസാന്‍ സംഘര്‍ഷ് റാലിയുടെ തലേന്നായിരുന്നു.

മുന്നണിഭേദമില്ലാതെ വലതുപക്ഷം തനിനിറം കാട്ടുന്ന ഇന്ത്യയില്‍ വെറും നാലാണ്ടിനുള്ളില്‍ പ്രതീക്ഷ ബാക്കിവച്ച ശരിക്കുള്ള രണ്ട് കമ്മ്യൂണിസ്റ്റുകളുടെ വേര്‍പാട് വ്യക്തിപരമായും ഈ സമൂഹത്തിന്റെയും നഷ്ടങ്ങളായി മാറുന്നു. ബ്രിട്ടോയുടെ അഭാവത്തില്‍ അസഹനീയമായിത്തീര്‍ന്ന ജീവിതവും കൈയ്യിലെടുത്ത് മകള്‍ക്കൊപ്പം ദില്ലിക്കെത്തിയ നാള്‍ തൊട്ട് ഒപ്പമുണ്ടാകുമെന്ന് വിശ്വസിച്ച ഒരാശ്രയം കൂടിയില്ലാതാവുന്നു. ശിഷ്ടം കാലം കേരളത്തില്‍ പ്രവത്തിക്കാന്‍ മോഹിച്ച സഖാവ് തിരികെപ്പോകാന്‍ എന്നെയും പ്രേരിപ്പിച്ചിരുന്നു.

കേരളത്തില്‍ സജീവമായൊരു പ്രവത്തനവേദി എനിക്കൊരുക്കിത്തരാനും സഖാവ് സുനീത് ചോപ്ര പല വാതിലും മുട്ടി. കേട്ട പഴികള്‍ക്ക് ശക്തമായ ഭാഷയില്‍ മറുപടിയും കൊടുത്തു. എനിക്ക് നിരന്തരം പ്രതീക്ഷയും തന്നു. ആ സഖാവ് ഇനിയില്ല. പക്ഷെ പ്രതീക്ഷകള്‍ വിദൂരമായി മാറിയ രണ്ട് തുരുത്തുകളായി നില്‍ക്കുന്ന ദില്ലിക്കും കേരളത്തിനുമിടയില്‍ ജീവിതം തുടരുകയാണ്.

content highlights; Seena Bhaskar remembers Suneet Chopra and Simon Brito