മലയാളത്തിലെ ആക്ഷന്‍ ഹീറോ ജയനുമായുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് നടി സീമ. ‘ഈ മനോഹര തീരം’ എന്ന ചിത്രത്തില്‍ തനിക്കൊരു കാബറെ നര്‍ത്തകിയുടെ വേഷമായിരുന്നെന്നും ചിത്രത്തില്‍ തന്റെ പ്രകടനത്തിനെ ജയന്‍ അഭിനന്ദിച്ചിട്ടുണ്ടായിരുന്നെന്നും താരം പറഞ്ഞു. പിന്നീടുള്ള അദ്ദേഹത്തിന്റെ കൂടുതല്‍ ചിത്രങ്ങളിലും നായികയാവാനുള്ള ഭാഗ്യം തനിക്ക് കിട്ടിയെന്നും ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ സീമ പറഞ്ഞു.
സീമ
‘ശശിയേട്ടന്റെ(ഐ. വി ശശി) ചിത്രമായ ഈ മനോഹരതീരം എന്ന സിനിമയില്‍ ഒരു കാബറെ നര്‍ത്തകിയുടെ വേഷമായിരുന്നു എനിക്ക്. മധു സാറും ജയേട്ടനും സംവിധാകന്‍ ഹരിയേട്ടനും ആ സീനിലുണ്ടായിരുന്നു. ആ ഒരു സീനില്‍ മാത്രമേ എനിക്ക് അഭിനയിക്കാനുണ്ടായിരുന്നൊള്ളൂ.
ആ സമയത്ത് ജയേട്ടന്‍ എന്റെയടുത്ത് വന്ന് പരിചയപ്പെടുകയും എന്നെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ എറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ നായികയാവാനുള്ള ഭാഗ്യം കിട്ടിയത് എനിക്കായിരുന്നു. അങ്ങാടി, കരിമ്പന, മീന്‍, കാന്തവലയം, ബെന്‍സ് വാസു, മൂര്‍ഖന്‍ തടവറ, സര്‍പ്പം, അന്തപ്പുരം, മനുഷ്യമൃഗം, അനുപല്ലവി, അങ്കക്കുറി തുടങ്ങി ഒരുപാട് സിനിമകളില്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. എല്ലാ സിനിമകളും വന്‍ ഹിറ്റുകളുമായിരുന്നു,’ സീമ പറഞ്ഞു.
അങ്ങാടി എന്ന ചിത്രത്തില്‍ തൊഴിലാളി നേതാവായ ബാബുവിനെ അവതരിപ്പിക്കാന്‍ അദ്ദേഹം കോഴിക്കോട്ടങ്ങാടിയിലെ ചുമട്ടുതൊഴിലാളികളുമായി സൗഹൃദത്തിലാകുകയും അവരുടെ ചുമടെടുക്കുന്ന രീതികളും മറ്റും മനസിലാക്കുകയും ചെയ്തിരുന്നെന്ന് സീമ പറഞ്ഞു.
മലയാളത്തിലെ വലിയ നടന്‍ ആണെന്ന ഭാവമൊന്നും അദ്ദേഹത്തിനുണ്ടായിരുന്നില്ലെന്നും ആ ചുമട്ടുതൊഴിലാളികള്‍ക്ക് ജയന്‍ ചേട്ടനും അനിയനുമൊക്കയായിരുന്നെന്നും സീമ പറഞ്ഞു. പിന്നീട് കരിമ്പന എന്ന സിനിമയില്‍ ഒരു ഡ്യൂപ്പിന്റെ സഹായം പോലുമില്ലാതെ പനകയറുന്ന രംഗം അവതരിപ്പിച്ചെന്നും രാത്രികളില്‍ പനകയറ്റക്കാരുടെ സഹായത്തോടുകുടിയാണ് ജയന്‍ അത് പഠിച്ചതെന്നും നടി പറഞ്ഞു.
‘കാന്തവലയം എന്ന സിനിമയില്‍ ജയേട്ടന്‍ വളരെ സ്‌റ്റൈലിഷ് ആയിട്ടുള്ള ഒരു കഥാപാത്രമായിരുന്നു അവതരിപ്പിച്ചത്. ആ വേഷം അദ്ദേഹം വളരെ മനോഹരമായി അവതരിപ്പിച്ചു. അത് കണ്ടിട്ടാണ് ജയേട്ടനെ ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ അങ്ങാടി എന്ന സിനിമയിലേക്ക് വിളിക്കുന്നത്.
തൊഴിലാളി നേതാവായ ബാബുവിനെയാണ് ആ സിനിമയില്‍ ജയേട്ടന്‍ അവതരിപ്പിച്ചത്. ആ സിനിമക്കുവേണ്ടി കോഴിക്കോട്ടങ്ങാടിയിലെ ചുമട്ടുതൊഴിലാളികളുമായി ജയേട്ടന്‍ സൗഹൃദത്തിലായി അവരുടെ ചുമടെടുക്കുന്ന രീതികളും മറ്റും മനസിലാക്കി.
മലയാളത്തിലെ ഒരു വലിയ നടനാണെന്ന ഭാവമോ ഒന്നും അദ്ദേഹത്തിനുണ്ടായിരുന്നില്ല. ആ ചുമട്ടുതൊഴിലാളികള്‍ക്ക് ജയേട്ടന്‍ ചേട്ടനും അനിയനുമൊക്കയായിരുന്നു. പിന്നീട് കരിമ്പന എന്ന സിനിമയില്‍ പന കയറുന്ന ഒരു രംഗം ഉണ്ടായിരുന്നു. അതൊക്കെ ജയേട്ടന്‍ ഒരു ഡ്യൂപ്പിന്റെ സഹായം പോലുമില്ലാതെയാണ് അവതരിപ്പിച്ചത്. അതുകണ്ട് സെറ്റില്‍ എല്ലാവരും അത്ഭുതപ്പെട്ടു. രാത്രികളില്‍ പനകയറ്റക്കാരുടെ സഹായത്തോടുകുടിയാണ് ജയേട്ടന്‍ അത് പഠിച്ചത്,’ സീമ പറഞ്ഞു.