ന്യൂദല്‍ഹി: മാധബി പുരി ബുച്ചിനും പങ്കാളിക്കുമെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് തള്ളി സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ).
അദാനി ഗ്രൂപ്പിനെ സഹായിക്കാന്‍ നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തിയെന്ന ആരോപണം തെറ്റാണെന്ന് സെബി ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു. സെബി ചെയര്‍പേഴ്‌സണ്‍ മാധബി പുരി ബുച്ച് ഹിന്‍ഡന്‍ബര്‍ഗിന്റെ ആരോപണങ്ങള്‍ നിഷേധിച്ചിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം അദാനി ഗ്രൂപ്പിനെതിരെ ഹിന്‍ഡന്‍ബര്‍ഗ് ഉന്നയിച്ച 24 ആരോപണങ്ങളില്‍ 23 ഉം അന്വേഷിച്ചു. ആരോപണങ്ങളില്‍ അദാനി ഗ്രൂപ്പിന് നോട്ടീസ് അയച്ചെന്നും മൊഴിയെടുത്തെന്നും സെബി പ്രതികരിച്ചു. ശേഷിക്കുന്ന ആരോപണത്തില്‍ ഉടന്‍ അന്വേഷണം പൂര്‍ത്തിയാക്കുമെന്നും സെബി പ്രസ്താവനയില്‍ പറഞ്ഞു.
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ പൂര്‍ണമായും നിഷേധിച്ച സെബി, അദാനി ഗ്രൂപ്പിനെതിരായ അന്വേഷണത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്നും വ്യക്തമാക്കി. നേരത്തെ അദാനി ഗ്രൂപ്പും മാധബി പുരി ബുച്ചിയും റിപ്പോര്‍ട്ടിനെ തള്ളി രംഗത്തെത്തിയിരുന്നു.
‘സെബിയുമായി യാതൊരു ബന്ധവും ഇല്ലാതിരുന്ന സമയത്ത് ഉണ്ടായിരുന്ന സാമ്പത്തിക രേഖകളും വിവരങ്ങളുമാണ് ഹിന്‍ഡന്‍ബര്‍ഗ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. അതേക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടാന്‍ ഞങ്ങള്‍ക്ക് ഒരു മടിയുമില്ല. എന്റെയും എന്റെ ഭര്‍ത്താവിന്റെയും ജീവിതം തുറന്ന പുസ്തകമാണ്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ പൂര്‍ണമായും തള്ളുന്നു,’ എന്നായിരുന്നു മാധബി പുരി ബുച്ചിയുടെ പ്രതികരണം.
സെബി ചെയര്‍പേഴ്‌സണ്‍ മാധബി ബുച്ചും അവരുടെ ഭര്‍ത്താവുമായി തങ്ങള്‍ക്ക് യാതൊരു സാമ്പത്തിക ബന്ധവും ഇല്ലെന്ന് അദാനി കമ്പനിയും പറഞ്ഞു. ആരുടെയൊക്കെയോ വ്യക്തിപരമായ ലാഭത്തിനുവേണ്ടി മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള വിവരങ്ങളാണ് ഹിന്‍ഡിന്‍ബര്‍ഗ് റിപ്പോര്‍ട്ടിലുള്ളതെന്നും അദാനി ഗ്രൂപ്പ് ആരോപിച്ചു.
കഴിഞ്ഞ വര്‍ഷം അദാനി ഗ്രൂപ്പിന് വിദേശത്ത് രഹസ്യ നിക്ഷേപമുണ്ടെന്ന് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്കും ഇടയാക്കിയിരുന്നു. അന്ന് 72 ലക്ഷം കോടി രൂപയുടെ ഓഹരി ഇടിവായിരുന്നു അദാനി ഗ്രൂപ്പ് കമ്പനികള്‍ക്കുണ്ടായത്.
അതേസമയം ഹിന്‍ഡിന്‍ബര്‍ഗ് സെബിക്കെതിരെ റിപ്പോര്‍ട്ട് പുറത്തുവിട്ടതിന് പിന്നാലെ പ്രതിപക്ഷം കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്. മാധബി ബുച്ചിനെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ കോണ്‍ഗ്രസ് അന്വേഷണം ആവശ്യപ്പെട്ടു. മാധബി ബുച്ചിനെതിരെയും ഭര്‍ത്താവ് ധവല്‍ ബുച്ചിനെതിരെയും സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി (ജെ.പി.സി) അന്വേഷണം നടത്തമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്.
അദാനി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത ആളാണെന്നും ഇവരെയൊക്കെ സംരക്ഷിക്കുന്നതിനായി പ്രധാനമന്ത്രി ഇന്ത്യന്‍ ഭരണഘടനയുടെ മൂല്യങ്ങളെപ്പോലും ബലികഴിക്കുമെന്നും ഖാര്‍ഗെ ചൂണ്ടിക്കാട്ടി. 2023 ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പ്രകാരമുള്ള കേസില്‍ അദാനിയെ കുറ്റവിമുക്തമാക്കിയത് സെബിയുടെ ഇടപെടല്‍ മൂലമാണെന്ന ഹിന്‍ഡന്‍ബര്‍ഗിന്റെ വാദവും അദ്ദേഹം ശരിവെച്ചു.