ഫുട്‌ബോള്‍ ലോകത്തെ മികച്ച താരങ്ങളില്‍ ഒരാളാണ് ബ്രസീലിന്റെ നെയ്മര്‍ ജൂനിയര്‍. എന്നാല്‍ ഏറെ കാലങ്ങളായി താരം പരിക്കിന്റെ പിടിയിലായിരുന്നു. ഇതോടെ കോപ്പ അമേരിക്ക പോലുള്ള നിരവധി ടൂര്‍ണമെന്റുകള്‍ താരത്തിന് നഷ്ടപ്പെടുത്തേണ്ടി വന്നിരുന്നു.
എന്നിരുന്നാലും പരിക്കില്‍ നിന്നും മോചിതനായ താരം എം.എല്‍.എസില്‍ തന്റെ ക്ലബ്ബായ അല്‍ ഹിലാലിന്റെ കൂടെ ചേര്‍ന്നിരുന്നു. പക്ഷെ പരിക്ക് വീണ്ടും തിരിച്ചടിയായപ്പോള്‍ കളത്തില്‍ നിന്നും മാറിനില്‍ക്കാന്‍ നെയ്മറിനെ നിര്‍ബന്ധിതനാക്കി.
അടുത്തവര്‍ഷം ജനുവരിയോടെ അല്‍ ഹിലാലിന്റെ കോണ്‍ട്രാക്ട് അവസാനിക്കാനിരിക്കെ ക്ലബ് താരത്തെ നിലനിര്‍ത്താനുള്ള സാധ്യതകളെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചകള്‍ നടന്നിരുന്നു.
എന്നാല്‍ നെയ്മര്‍ അല്‍ ഹിലാലില്‍ നിന്നും മാറുമെന്നും ശേഷം ഇന്റര്‍ മയാമിയി
ലേക്ക് പോകുമെന്നും അടക്കമുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇതിനെക്കുറിച്ച് ഇ.എസ്.പി.എന്‍ ഫുട്‌ബോള്‍ പണ്ഡിറ്റായ സെബാസ്റ്റ്യന്‍ സലാസര്‍ സംസാരിച്ചിരുന്നു.
സെബാസ്റ്റ്യന്‍ സലാസര്‍ നെയ്മറിനെക്കുറിച്ച് പറഞ്ഞത്
‘അമേരിക്കന്‍ ലീഗില്‍ മാര്‍ക്കറ്റിങ്ങിനാണ് നെയ്മറിന്റെ മുന്‍ഗണന. തീര്‍ച്ചയായും നെയ്മര്‍ ഒരു വലിയ താരമാണ്. ഇന്റര്‍മയാമിയുടെ കാഴ്ചപ്പാടില്‍ നോക്കുകയാണെങ്കില്‍ അദ്ദേഹം മാര്‍ക്കറ്റിങ്ങിന് സഹായകരമാകും. പക്ഷേ അദ്ദേഹത്തിന്റെ പരിക്കുകള്‍ അവഗണിക്കേണ്ടിവരും. അല്‍ ഹിലാല്‍ നെയ്മര്‍ക്ക് വേണ്ടി ചെയ്തത് നോക്കൂ. 90 മില്യണ്‍ യൂറോ പി.എസ്.ജിക്ക് നല്‍കി. കൂടാതെ നെയ്മര്‍ക്ക് സാലറിയും മറ്റുള്ള ആനുകൂല്യങ്ങളും നല്‍കി,
എന്നിട്ട് നെയ്മര്‍ കുറഞ്ഞ മത്സരങ്ങള്‍ മാത്രമാണ് കളിച്ചത്. അതൊരു ദുരന്തത്തില്‍ കലാശിക്കുകയാണ് ചെയ്തിട്ടുള്ളത്. ഇന്റര്‍മയാമി നെയ്മറെ കൊണ്ടുവന്നാലും ഇത് ആവര്‍ത്തിച്ചേക്കാം. വളരെ അപൂര്‍വമായി മാത്രമാണ് അദ്ദേഹം കളിക്കുന്നത്. പക്ഷെ മെസി, സുവാരസ് എന്നിവര്‍ക്കൊപ്പം പഴയപോലെ നെയ്മര്‍ക്ക് കളിക്കാന്‍ കഴിഞ്ഞാല്‍ അതൊരു മുതല്‍ക്കൂട്ട് തന്നെയായിരിക്കും,’ സെബാസ്റ്റ്യന്‍ സലാസര്‍ പറഞ്ഞു.
Content Highlight: Sebastian Salazar Talking About Neymar Jr