കൊച്ചി: തന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീര്‍ത്തിക്കുന്ന തരത്തിലുള്ള വ്യാജ ലേഖനം വീണ്ടും പ്രചരിക്കുന്നുവെന്ന് മുന്‍ ഇടത് എം.പി അഡ്വ. സെബാസ്റ്റ്യന്‍ പോള്‍. കഴിഞ്ഞ വര്‍ഷം മലയാളത്തില്‍ വ്യാജ ലേഖനം പ്രചരിച്ചിരുന്നു. ഇപ്പോള്‍ ഇംഗ്ലീഷിലാണ് ലേഖനം പ്രചരിക്കുന്നതെന്ന് സെബാസ്റ്റ്യന്‍ പോള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി.
കഴിഞ്ഞ തവണ പരാതി നല്‍കിയെങ്കിലും ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും അപരനല്ല, വ്യാജനാണ് ഇത്തരത്തില്‍ ഒരു കുറ്റം ചെയ്തയാള്‍ എന്നും സെബാസ്റ്റിയന്‍ പോള്‍ പറഞ്ഞു.
വ്യാജ ലേഖനം പ്രചരിക്കുന്നത് സംബന്ധിച്ച് ഒരു വീഡിയോയും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
മോദിയെയും ബി.ജെ.പിയെയും പ്രകീര്‍ത്തിക്കുന്ന കുറിപ്പായിരുന്നു 2020 ഏപ്രില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു കൊണ്ടിരുന്നത്. ഇപ്പോള്‍ ഇംഗ്ലീഷില്‍ പ്രചരിക്കുന്ന ലേഖനവും സമാനമായ ഒന്നാണെന്ന് സെബാസ്റ്റിയന്‍ പോള്‍ പറഞ്ഞു.
തനിക്ക് വ്യക്തിപരമായി അപകീര്‍ത്തികരവും രാഷ്ട്രീയമായി ഹാനികരവുമായ ഈ പോസ്റ്റ് ആരും ഷെയര്‍ ചെയ്യരുതെന്നും ഫോര്‍വേര്‍ഡ് ചെയ്യരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
‘എനിക്ക് വ്യക്തിപരമായി അപകീര്‍ത്തികരവും രാഷ്ട്രീയമായി ഹാനികരവുമായ ഈ വ്യാജ പോസ്റ്റ് ഷെയര്‍ ചെയ്യുകയോ ഫോര്‍വേഡ് ചെയ്യുകയോ ചെയ്യരുതെന്ന് സുഹൃത്തുക്കളോടും അഭ്യുദയകാംക്ഷികളോടും അഭ്യര്‍ത്ഥിക്കുന്നു. വ്യാജനെ സ്വാഭാവികമായി മരിക്കാന്‍ വിടുക. ആരും എന്നെ ബി.ജെ.പി ആക്കേണ്ട. മോദിയെ സ്തുതിക്കണമെന്ന് തോന്നിയാല്‍ ഞാനത് സ്വന്തനിലക്കു ചെയ്തുകൊള്ളാം,’ സെബാസ്റ്റിയന്‍ പോള്‍ പറഞ്ഞു.