പി.എസ്.ജി ലയണല്‍ മെസിയെ കുറ്റവാളിയെ പോലെ കാണുന്നുവെന്നും താരം എത്രയും പെട്ടെന്ന് കരാര്‍ അവസാനിപ്പിക്കണമെന്നും മുന്‍ ഉറുഗ്വന്‍ താരം സെബാസ്റ്റ്യന്‍ അബ്ര്യൂ. അദ്ദേഹം ബാഴ്‌സലോണയിലേക്ക് മടങ്ങുന്നത് കാണാനാണ് താന്‍ ആഗ്ഹിക്കുന്നതെന്നും അവിടെ സന്തോവാനായി മെസിക്ക് കരിയര്‍ അവസാനിപ്പിക്കാനാകുമെന്നും അബ്ര്യൂ പറഞ്ഞു. എം.ഡി.സെഡ് ന്യൂസിനോടാണ് അബ്ര്യൂ ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.
‘മെസി ബാഴ്‌സലോണയില്‍ കരിയര്‍ അവസാനിപ്പിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അവിടെ അദ്ദേഹത്തിന് സന്തോഷവാനായി വിരമിക്കാനാകും. മാത്രവുമല്ല, പ്രൗഢ ഗംഭീരമായിട്ടായിരിക്കണം മെസിയുടെ വിരമിക്കല്‍. ബാഴ്‌സയാണ് മെസി അര്‍ഹിക്കുന്ന സ്ഥലം.
ഫ്രാന്‍സില്‍ മെസിയെ ട്രീറ്റ് ചെയ്യുന്ന രീതി ദയനീയമാണ്. ഒരു കുറ്റവാളിയെപ്പോലെയാണ് അവിടെ ആളുകള്‍ മെസിയെ കാണുന്നത്. സത്യം പറഞ്ഞാല്‍ പി.എസ്.ജി.യുമായുള്ള മെസിയുടെ കരാര്‍ എത്രയും പെട്ടെന്ന് അവസാനിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്,’ അബ്ര്യൂ പറഞ്ഞു.
വരുന്ന ജൂണിലാണ് പി.എസ്.ജിയുമായുള്ള മെസിയുടെ കരാര്‍ അവസാനിക്കുക. തുടര്‍ന്ന് താരം തന്റെ പഴയ തട്ടകമായ ബാഴ്‌സലോണയിലേക്ക് മടങ്ങുമെന്ന് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ടെങ്കിലും വിഷയത്തില്‍ ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല.
ബാഴ്‌സലോണക്ക് പുറമെ എം.എല്‍.എസ് ക്ലബ്ബായ ഇന്റര്‍ മിയാമി, സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാല്‍ എന്നിവരാണ് മെസിയെ സൈന്‍ ചെയ്യിക്കാന്‍ രംഗത്തുള്ളത്. 400 മില്യണ്‍ യൂറോയുടെ ഞെട്ടിക്കുന്ന ഓഫറാണ് അല്‍ ഹിലാല്‍ മെസിക്ക് മുന്നില്‍ നീട്ടിയിരിക്കുന്നത്. ഇതിനിടെ മെസി അല്‍ ഹിലാലുമായി കരാറിലേര്‍പ്പെട്ടിട്ടുണ്ടെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നെങ്കിലും താരത്തിന്റെ പിതാവ് വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തിയിരുന്നു.
പി.എസ്.ജിയുമായുള്ള കരാര്‍ അവസാനിച്ചതിന് ശേഷം മാത്രമെ ക്ലബ്ബ് ട്രാന്‍സ്ഫര്‍ വിഷയത്തില്‍ അന്തിമ തീരുമാനം അറിയിക്കുകയുള്ളൂ എന്നും ഈ സീസണില്‍ പാരീസിയന്‍ ക്ലബ്ബിനായി ലീഗ് വണ്‍ ടൈറ്റില്‍ നേടുക എന്നതാണ് മെസിയുടെ ലക്ഷ്യമെന്നാണ് മെസിയുടെ പിതാവും ഏജന്റുമായ ജോര്‍ജ് മെസി അറിയിച്ചത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഉദ്ദരിച്ച് പ്രമുഖ സ്‌പോര്‍ട്‌സ് ജേണലിസ്റ്റും ട്രാന്‍സ്ഫര്‍ എക്‌സ്പര്‍ട്ടുമായ ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.