കെ.വി തോമസിന് സീറ്റ് നിഷേധിച്ചത് മോദിയെ പ്രശംസിച്ചതിനാല്‍, മോദി ആരാധനയുടെ പേരില്‍ ഇനിയും ആളുകള്‍ പുറത്തുവരും; ബി. ഗോപാലകൃഷ്ണന്‍
D' Election 2019
കെ.വി തോമസിന് സീറ്റ് നിഷേധിച്ചത് മോദിയെ പ്രശംസിച്ചതിനാല്‍, മോദി ആരാധനയുടെ പേരില്‍ ഇനിയും ആളുകള്‍ പുറത്തുവരും; ബി. ഗോപാലകൃഷ്ണന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 17th March 2019, 12:10 am

കൊച്ചി: എറണാകുളത്ത് സിറ്റിങ്ങ് എം.പിയായ കെ.വി തോമസിനെ തഴഞ്ഞ് ഹൈബി ഈഡനെ സ്ഥാനാര്‍ത്ഥിയാക്കിയത് മോദിയെ പ്രശംസിച്ചതിനാലെന്ന് ബി.ജെ.പി നേതാവ് ബി.ഗോപാലകൃഷ്ണന്‍. ടോം വടക്കനെ പോലെ സോണിയാ ഗാന്ധിയുടെ ഇഷ്ടക്കാരായ പലരും കേരളത്തിലെ കോണ്‍ഗ്രസില്‍ നിന്നും പുറത്തു പോകുമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞതായി മാതൃഭൂമി ഓണ്‍ലൈന്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

“കെ വി തോമസിനോട് കോണ്‍ഗ്രസ്സ് ചെയ്തത് അനീതി നിര്‍ഭാഗ്യകരം. മോദിയെ പ്രശംസിച്ചതും മോദിയോടുള്ള ആരാധനയുമാണ് പ്രധാന കാരണം. സോണിയ ഗാന്ധിയുടെ കിച്ചന്‍ ക്യാബിനറ്റിലെ അംഗമായിരുന്ന വടക്കനും തോമസ് മാഷും ഇന്ന് പുറത്തായി. ഇനി പലരും കേരളത്തില്‍ മോദി ആരാധനയുടെ പേരില്‍ പുറത്ത് വരും. പലര്‍ക്കും ഇനി സീറ്റ് നിഷേധിക്കപ്പെടേണ്ടി വരും”- എന്നായിരുന്നു ഗോപാലകൃഷ്ണന്‍ പറഞ്ഞത്.

Also Read പ്രായമായത് എന്റെ കുറ്റമല്ല, ഞാന്‍ എന്ത് തെറ്റു ചെയ്തു; പൊട്ടിത്തെറിച്ച് കെ.വി തോമസ്

2018ല്‍ കൊച്ചിയില്‍ കേരള മാനേജ്മെന്റ് അസോസിയേഷന്‍ സംഘടിപ്പിച്ച ദേശീയ മാനേജ്മെന്റ് കണ്‍വെന്‍ഷന്‍ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു കെ.വി തോമസിന്റെ വിവാദ പ്രസംഗം.

മോദി മികച്ച ഭരണാധികാരിയാണെന്നും, സങ്കീര്‍ണമായ നോട്ടുനിരോധനം മോദിക്ക് വലിയ പ്രശ്‌നങ്ങളില്ലാതെ നടപ്പിലാക്കാനായി എന്നുമായിരുന്നു കെ.വി തോമസിന്റെ പ്രസ്താവന. എന്നാല്‍ ഇംഗ്ലീഷില്‍ നടത്തിയ പ്രസ്താവന ചില മാധ്യമങ്ങള്‍ തെറ്റദ്ധരിച്ചതാണെന്നായിരുന്നു കെ.വി തോമസിന്റെ അന്നത്തെ വിശദീകരണം.

അതേസമയം, എറണാകുളത്ത് സീറ്റ് നിഷേധിച്ചതില്‍ താന്‍ ദുഖിതനാണെന്ന് കെ.വി തോമസ് പറഞ്ഞിരുന്നു. ഞാന്‍ എന്ത് തെറ്റു ചെയ്തുവെന്ന് അറിയില്ലെന്നും ഏഴ് പ്രാവശ്യം ജയിച്ചത് എന്റെ തെറ്റല്ലെന്നുമായിരുന്നു തോമസ് പറഞ്ഞത്. മണ്ഡലത്തില്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞു കൊണ്ടായിരുന്നു കെ.വി തോമസിന്റെ പ്രതികരണം.താന്‍ ഒരു ഗ്രൂപ്പിന്റേയും ആളല്ലെന്നും ജനങ്ങള്‍ക്കൊപ്പം ഇനിയും രാഷ്ട്രീയ പ്രവര്‍ത്തനം തുടരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Also Read കെ.വി തോമസിന്റെ ഗൈഡന്‍സിലായിരിക്കും തെരഞ്ഞെടുപ്പിനെ നേരിടുക; ഹൈബി ഈഡന്‍

ചെറിയൊരു സൂചന പോലും തരാതിരുന്നത് മോശമായി പോയെന്നും പാര്‍ട്ടിക്ക് പറയാമായിരുന്നുവെന്നും പറഞ്ഞ കെ.വി തോമസ് ഏല്‍പ്പിച്ച ജോലികള്‍ എല്ലാം കൃത്യമായി ചെയ്ത വ്യക്തിയാണ് താനെന്നും വ്യക്തമാക്കിയിരുന്നു.

പ്രായമായത് എന്റെ കുറ്റമല്ല, ഞാന്‍ എന്ത് തെറ്റു ചെയ്തു; പൊട്ടിത്തെറിച്ച് കെ.വി തോമസ്

17ാമത് ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുള്ള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നാല് മണ്ഡലം ഒഴികെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. എറണാകുളത്ത് ഹൈബി ഈഡനെയും തൃശൂരില്‍ ടി.എന്‍ പ്രതാഭനേയും മാവേലിക്കരയില്‍ സുരേഷ് കൊടുക്കുന്നിലിനേയും ചാലക്കുടിയില്‍ ബെന്നി ബെനഹന്നാനേയും ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസിനേയും മത്സരിപ്പിക്കും. കാസര്‍ഗോഡ് അപ്രതീക്ഷി സ്ഥാനാര്‍ത്ഥിയായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ജില്ലാ നേതാവ് സുബ്ബയ്യ റാവുവിനെ സ്ഥാനാര്‍ത്ഥിയാക്കുമെന്ന് സൂചന ഉണ്ടായിരുന്നെങ്കിലും അവസാന നിമിഷം ഉണ്ണിത്താന് നറുക്ക് വീഴുകയായിരുന്നു.

വടകര, വയനാട്, ആറ്റിങ്ങല്‍, ആലപ്പുഴ എന്നീ നാലു മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് ഇനിയും തീരുമാനിക്കാനുള്ളത്. 16 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. രണ്ടു സീറ്റുകളില്‍ ലീഗും, രണ്ട് സീറ്റില്‍ കോണ്‍ഗ്രസ് മാണി വിഭാഗവുമാണ് മത്സരിക്കുന്നത്.