ഐ.സി.സി വേള്‍ഡ് കപ്പ് ക്വാളിഫയറിലെ ഗ്രൂപ്പ് ഘട്ട മത്സരം അവസാനിച്ചപ്പോള്‍ റണ്‍ വേട്ടയില്‍ ഒന്നാമതെത്തി സിംബാബ്‌വേ സൂപ്പര്‍ താരം സീന്‍ വില്യംസ്. ഗ്രൂപ്പ് എയില്‍ നാല് മത്സരത്തില്‍ നിന്നും 390 റണ്‍സാണ് താരം അടിച്ചെടുത്തത്.
കഴിഞ്ഞ മത്സരങ്ങളിലെല്ലാം വെടിക്കെട്ട് തീര്‍ത്താണ് സീന്‍ വില്യംസ് തരംഗമായത്. രണ്ട് സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെ 390 റണ്‍സാണ് ക്വാളിഫയര്‍ ഘട്ടത്തില്‍ സീന്‍ വില്യംസ് സ്വന്തമാക്കിയത്.
130 എന്ന തകര്‍പ്പന്‍ ശരാശരിയിലും 152.94 എന്ന വെടിക്കെട്ട് സ്‌ട്രൈക്ക് റേറ്റിലുമാണ് ഷെവ്‌റോണ്‍സ് ഹാര്‍ഡ് ഹിറ്റര്‍ ടീം സ്‌കോറിങ്ങിന് അടിത്തറയിട്ടത്.
നേപ്പാളിനെതിരെയായിരുന്നു ക്വാളിഫയര്‍ ഘട്ടത്തില്‍ സിംബാബ്‌വേയുടെ ആദ്യ മത്സരം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ നേപ്പാള്‍ നിശ്ചിത ഓവറില്‍ 290 റണ്‍സ് നേടി.
291 ടാര്‍ഗെറ്റുമായി ഇറങ്ങിയ സിംബാബ്‌വേക്കായി ക്യാപ്റ്റന്‍ ക്രെയ്ഗ് ഇര്‍വിനും സീന്‍ വില്യംസും സെഞ്ച്വറി നേടിയിരുന്നു. ഇര്‍വിന്‍ 128 പന്തില്‍ നിന്നും 121 റണ്‍സടിച്ചപ്പോള്‍, വില്യംസ് 70 പന്തില്‍ നിന്നും 102 റണ്‍സ് നേടി പുറത്താകാതെ നിന്നു.
ജൂണ്‍ 20ന് ഹരാരെയില്‍ നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തില്‍ ഒമ്പത് റണ്‍സിനാണ് വില്യംസിന് സെഞ്ച്വറി നഷ്ടമായത്. 58 പന്തില്‍ നിന്നും പത്ത് ബൗണ്ടറിയുടെയും രണ്ട് സിക്‌സറിന്റെയും അകമ്പടിയോടെ 91 റണ്‍സാണ് താരം നേടിയത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഹോളണ്ട് ആറ് വിക്കറ്റ് നഷ്ടത്തില്‍ 315 റണ്‍സടിച്ചപ്പോള്‍ സിംബാബ്‌വേ 55 പന്തും ആറ് വിക്കറ്റും കയ്യിലിരിക്കെ വിജയം പിടിച്ചടക്കുകയായിരുന്നു. സീന്‍ വില്യംസിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സിനൊപ്പം സിക്കന്ദര്‍ റാസയുടെ സെഞ്ച്വറിയുമാണ് ഷെവ്‌റോണ്‍സിന് അനായാസ വിജയം സമ്മാനിച്ചത്.
വിന്‍ഡീസിനെതിരായ മത്സരത്തിലാണ് വില്യംസ് അല്‍പമെങ്കിലും മങ്ങിയത്. 26 പന്തില്‍ നിന്നും 23 റണ്‍സ് മാത്രമാണ് താരത്തിന് നേടാന്‍ സാധിച്ചത്. വില്യംസ് മങ്ങിയെങ്കിലും ബാറ്റിങ്ങിലും ബൗളിങ്ങിലും മറ്റ് താരങ്ങള്‍ കരുത്തായപ്പോള്‍ മൂന്നാം മത്സരത്തിലും സിംബാബ്‌വേ വിജയം സ്വന്തമാക്കുകയായിരുന്നു.
യു.എസിനെതിരായ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ സീന്‍ വില്യംസ് വീണ്ടും സെഞ്ച്വറി നേടി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വേക്കായി വില്യംസ് തകര്‍ത്തടിച്ചു.
21 ബൗണ്ടറിയും അഞ്ച് സികിസ്‌റുമടക്കം 101 പന്തില്‍ നിന്നും 174 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. വില്യംസിന്റെ ഇന്നിങ്‌സിന്റെ കരുത്തില്‍ ഷെവ്‌റോണ്‍സ് നിശ്ചിത ഓവറില്‍ 408 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ അമേരിക്കയെ 26ാം ഓവറില്‍ തന്നെ 104 റണ്‍സിന് എറിഞ്ഞിട്ട് 304 റണ്‍സിന്റെ പടുകൂറ്റന്‍ വിജയവും ആഫ്രിക്കന്‍ കരുത്തര്‍ സ്വന്തമാക്കിയിരുന്നു.
A brilliant career-best ODI tally of 174 from @sean14williams propels 🇿🇼 to it’s highest ODI score, 4⃣0⃣8⃣/6⃣ from 50 overs. 🙌
(Williams 174, Gumbie 78, Raza 48; Paradkar 3/78, Singh 2/97, Kenjige 1/62)
📝: https://t.co/S84siqbni6#ZIMvUSA | #CWC23 pic.twitter.com/zBdxCcWhjc
— Zimbabwe Cricket (@ZimCricketv) June 26, 2023
For his career-best ODI score of 174 (off 101 balls) and two catches, @SeanWilliams is the @aramco Player of the Match. #ZIMvUSA | #CWC23 pic.twitter.com/sqACEa3b6p
— Zimbabwe Cricket (@ZimCricketv) June 26, 2023
സൂപ്പര്‍ സിക്‌സ് മത്സരങ്ങളാണ് ഇനി സിംബാബ്‌വേക്ക് മുമ്പിലുള്ളത്. നാളെ (വ്യാഴാഴ്ച) ക്യൂന്‍സ് സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ ഒമാനെതിരെയാണ് സിംബാബ്‌വേയുടെ അടുത്ത മത്സരം. സീന്‍ വില്യംസിന്റെ ബാറ്റിങ് കരുത്തിനെ തന്നെയാണ് ഷെവ്‌റോണ്‍സ് ആശ്രയിക്കുന്നത്.
Content highlight: Sean Williams scored more runs in ICC World Cup Qualifier