മമ്മൂട്ടി ഇനി ഫ്രീ ആയിട്ട് വന്നു ചെയ്തുതരാമെന്ന് പറഞ്ഞാലും അവന്‍ ഇനി എന്റെ പടത്തില്‍ വേണ്ടെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു; ആ ചിത്രത്തില്‍ നിന്നും മമ്മൂട്ടി ഒഴിവായതിനെ കുറിച്ച് ഡെന്നിസ് ജോസഫ്
മോഹന്‍ലാലിനെ മലയാളത്തിലെ സൂപ്പര്‍താരപരിവേഷത്തില്‍ എത്തിച്ച ചിത്രമാണ് തമ്പി കണ്ണന്താനത്തിന്റെ സംവിധാനത്തിലൊരുങ്ങിയ രാജാവിന്റെ മകന്‍. എന്നാല്‍ രാജാവിന്റെ മകന്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാകണമെന്നായിരുന്നു തന്റെ ആഗ്രഹമെന്ന് പറയുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തായ ഡെന്നിസ് ജോസഫ്.
കണ്ണന്താനത്തിനും തന്റെ ആത്മസുഹൃത്തായ മമ്മൂട്ടിയെ തന്നെ ആ ചിത്രത്തില്‍ നായകനാക്കണമെന്നായിരുന്നു ആഗ്രഹമെന്നും എന്നാല്‍ തമ്പിയുടെ മുന്‍സിനിമകള്‍ പരാജയപ്പെട്ടതിനാല്‍ മമ്മൂട്ടി തമ്പിക്ക് ഡേറ്റ് കൊടുക്കാന്‍ തയ്യാറായിരുന്നില്ലെന്നും ഡെന്നിസ് ജോസഫ് പറയുന്നു.
ചിത്രത്തില്‍ മോഹന്‍ലാലിനെ നായകനാക്കി തീരുമാനിച്ച ശേഷവും ഒരുവേള താന്‍ മമ്മൂട്ടിയെ വെച്ച് ചിത്രം ചെയ്താലോ എന്ന് ആലോചിച്ചെന്നും എന്നാല്‍ ഇനി അവന്‍ ഫ്രീ ആയിട്ട് വന്ന് ചെയ്ത് തരാമെന്ന് പറഞ്ഞാലും ആ ചിത്രത്തില്‍ മമ്മൂട്ടിയെ അഭിനയിപ്പിക്കില്ലെന്നും തമ്പി ഉറച്ച നിലപാട് എടുക്കുകയായിരുന്നു എന്ന് ഡെന്നിസ് ജോസഫ് ‘നിറക്കൂട്ടുകളില്ലാതെ’ എന്ന തന്റെ പുസ്തകത്തില്‍ പറയുന്നു.
‘ മമ്മൂട്ടി അന്ന് വിജയം വരിച്ചുനില്‍ക്കുന്ന ഹീറോയാണ്. മമ്മൂട്ടിക്ക് കഥ വളരെ ഇഷ്ടമായിരുന്നു. എന്റെ കൂടെ സിനിമ ചെയ്യാന്‍ അദ്ദേഹത്തിന് നൂറുശതമാനം സമ്മതമാണ്. പക്ഷേ തമ്പിയുടെ പടത്തില്‍ അഭിനയിക്കാന്‍ മമ്മൂട്ടി എന്തോ വിസ്സമ്മതിച്ചു. ഞാന്‍ നിര്‍ബന്ധിച്ചു. തമ്പി ഒരുപാട് നിര്‍ബന്ധിച്ചു. എന്നിട്ടും മമ്മൂട്ടി സമ്മതിച്ചില്ല. എന്ന് മാത്രമല്ല അന്നത്തെ നിലയ്ക്ക് തമ്പിക്ക് വിഷമമുണ്ടാകുന്ന രീതിയില്‍ മമ്മൂട്ടി സംസാരിക്കുകയും ചെയ്തു. തമ്പിക്ക് വാശിയായി. മോഹന്‍ലാലിനെ വെച്ച് ആ സിനിമ എടുക്കും എന്ന് തമ്പി തീരുമാനിക്കുന്നു. ലാലിനോടും നല്ല അടുപ്പമുണ്ട്’ ഡെന്നിസ് ജോസഫ് പറയുന്നു.
തനിക്ക് അക്കാലത്ത് മോഹന്‍ലാലിനെ പരിചയമില്ലെന്നും ലാലിനെ ഒന്ന് പരിചയപ്പെടാനും കഥപറയാനും വേണ്ടി താനും പോയെന്നും തിരക്കഥ കേള്‍ക്കാന്‍ ഇന്നോ നാളെയോ ഒരു ദിവസം തരണമെന്ന് പറഞ്ഞപ്പോള്‍ തങ്ങളെ അമ്പരിപ്പിക്കുന്ന മറുപടിയായിരുന്നു ലാല്‍ തന്നതെന്നും ഡെന്നിസ് പറയുന്നു.
‘ ഏയ് എനിക്ക് കഥയൊന്നും കേള്‍ക്കണ്ട. നിങ്ങള്‍ക്ക് ഒക്കെ അറിയാമല്ലോ പിന്നെ എന്തിനാണ് കഥ കേള്‍ക്കുന്നത്, ഞാന്‍ റെഡി’. എന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. ഞങ്ങള്‍ക്ക് അത് വലിയ പ്രോത്സാഹനമായിരുന്നു. മനസ് തെളിഞ്ഞു. അങ്ങനെ മോഹന്‍ലാലിനെ വെച്ച് സിനിമ എടുക്കാന്‍ ഞാന്‍ തിരക്കഥ എഴുതിത്തുടങ്ങി.
ഇടയ്ക്കിടെ മമ്മൂട്ടി എന്റെ റൂമില്‍ വരും. ഞാന്‍ എഴുതിവെച്ചിരിക്കുന്നത് എടുത്ത് വായിക്കും. വായിക്കുക മാത്രമല്ല വിന്‍സെന്റ് ഗോമസ് എന്ന നായക കഥാപാത്രത്തിന്റെ ഡയലോഗ് മമ്മൂട്ടി സ്‌റ്റൈലില്‍ അങ്ങനെ ശബ്ദക്രമീകരണത്തില്‍ മമ്മൂട്ടി നടന്നുപറയാന്‍ തുടങ്ങി. ഞാന്‍ അന്തംവിട്ടിരുന്നു. അസ്വസ്ഥനാവുകയും ചെയ്തു.
അന്നുതന്നെ ഞാന്‍ തമ്പിയോട് പറഞ്ഞു. ‘ തമ്പീ നമുക്ക് മാറ്റിച്ചിന്തിച്ചാലോ’ ഏയ് ഇനി അവന്‍ ഫ്രീ ആയിട്ട് അഭിനയിക്കാമെന്ന് പറഞ്ഞാലും എന്റെ പടത്തില്‍ വേണ്ട.’. തമ്പിയുടെ ശബ്ദം ഉറച്ചതായിരുന്നു. അങ്ങനെ തമ്പി ധീരമായി പലതും പരിത്യജിച്ച് രാജാവിന്റെ മകന്‍ ചെയ്തു. തമ്പിയുടെ ഫിയറ്റ് കാര്‍ വിറ്റും നാട്ടിലുള്ള റബ്ബര്‍ തോട്ടം പണയംവെച്ചും വളരെ കഷ്ടപ്പെട്ടാണ് രാജാവിന്റെ മകന്‍ പൂര്‍ത്തിയാക്കിയത്.
പൈസ കുറവായതുകൊണ്ട് ചെറിയ ചിലവിലാണ് ഷൂട്ട് ചെയ്തത്. കുറച്ചുദിവസമേ ഷൂട്ടിങ് ഉണ്ടായിരുന്നുള്ളൂ. എന്നിട്ടും രാജാവിന്റെ മകന്‍ ഇന്നും ആളുകള്‍ ഓര്‍മ്മിക്കുന്നത് അമ്പരപ്പിക്കുന്നതും അഭിമാനം തോന്നുന്നതുമായ കാര്യമാണ്. ആഗ്രഹിച്ചതുപോലെ ആ സിനിമ എടുക്കാനുള്ള സാഹചര്യം തമ്പിക്ക് കിട്ടിയിരുന്നില്ല’, പുസ്തകത്തില്‍ ഡെന്നിസ് ജോസഫ് പറയുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക