'കൊല്‍ക്കത്തയും ആര്‍.സി.ബിയും ചെയ്ത ഏറ്റവും വലിയ മഠയത്തരം'; തുറന്നടിച്ച് ക്രിക്കറ്റ് ലെജന്‍ഡ്
IPL
'കൊല്‍ക്കത്തയും ആര്‍.സി.ബിയും ചെയ്ത ഏറ്റവും വലിയ മഠയത്തരം'; തുറന്നടിച്ച് ക്രിക്കറ്റ് ലെജന്‍ഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 29th May 2023, 3:29 pm

 

ഐ.പി.എല്‍ 2023ന്റെ ഫൈനല്‍ മത്സരത്തിന് കളമൊരുങ്ങുകയാണ്. മഴ മൂലം റിസര്‍വ് ഡേയിലേക്ക് മാറ്റിവെച്ച മത്സരം തിങ്കഴളാഴ്ച വൈകീട്ട് നടക്കും. കഴിഞ്ഞ ദിവസത്തെ പോലെ മഴ വീണ്ടും വില്ലനാവുകയാണെങ്കില്‍ ഭാഗ്യം ഗുജറാത്തിനൊപ്പം നില്‍ക്കും.

അഥവാ മഴ പെയ്തില്ലെങ്കിലും ഗുജറാത്തിനെ ചാമ്പ്യനാക്കാന്‍ പോന്നവന്‍ ടീമിലുണ്ടെന്നതാണ് ആരാധകരെ ആവേശത്തിലാഴ്ത്തുന്നത്. കഴിഞ്ഞ തവണത്തേതെന്ന പോലെ ഗുജറാത്ത് ടൈറ്റന്‍സ് നിരയിലെ ട്രംപ് കാര്‍ഡായ ശുഭ്മന്‍ ഗില്‍ തന്നെയാണ് ഇത്തവണയും ടീമിനെ മുമ്പില്‍ നിന്നും നയിക്കുന്നത്.

സീസണിലെ 16 മത്സരത്തില്‍ നിന്നും 851 റണ്‍സാണ് ഗില്‍ സ്വന്തമാക്കിയത്. മൂന്ന് സെഞ്ച്വറിയുള്‍പ്പെടെയാണ് ഗില്ലിന്റെ റണ്‍ നേട്ടം. സീസണിലെ ഓറഞ്ച് ക്യാപ്പ് വിന്നറും ഗില്‍ തന്നെയാണ്.

തുടര്‍ച്ചയായ മൂന്നാം ഫൈനലിലാണ് ഗില്‍ ബാറ്റേന്താന്‍ ഒരുങ്ങുന്നത്. 2021 മുതലിങ്ങോട്ടുള്ള എല്ലാ ഐ.പി.എല്‍ ഫൈനലിലും ഗില്‍ തന്റെ സാന്നിധ്യമറിയിച്ചിരുന്നു.

2021ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ താരമായിരുന്ന ഗില്ലിനെ മെഗാ ലേലത്തില്‍ ടീം കൈവിട്ടുകളയുകയായിരുന്നു. ആ സീസണില്‍ ഐ.പി.എല്ലിലേക്ക് കാലെടുത്ത് വെച്ച് ഗുജറാത്ത് ടൈറ്റന്‍സ് ഗില്ലിനെ പൊന്നുംവില കൊടുത്ത് സ്വന്തമാക്കി. പിന്നെ നടന്നത് ചരിത്രമായിരുന്നു.

തുടര്‍ന്നുള്ള രണ്ട് സീസണിലും ബൗളര്‍മാര്‍ക്ക് പിടികൊടുക്കാതെയാണ് ഗില്‍ ഒന്നിന് പിറകെ ഒന്നായി റെക്കോഡുകള്‍ പടുത്തുയര്‍ത്തിയത്.

ഗില്ലിനെ കൈവിട്ടുകളഞ്ഞതാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ചെയ്ത ഏറ്റവും വലിയ മണ്ടത്തരമെന്ന് പറയുകയാണ് ഇതിഹാസ താരം സ്‌കോട്ട് സ്‌റ്റൈറിസ്. ജിയോ സിനിമാസിലെ ടോക് ഷോയിലായിരുന്നു സ്‌റ്റൈറിസിന്റെ പരാമര്‍ശം.

‘ശുഭ്മന്‍ ഗില്ലിനെ റിലീസ് ചെയ്തത് ഫ്രാഞ്ചൈസിയുടെ ഏറ്റവും വലിയ മണ്ടത്തരമായി മാറിയിരിക്കുകയാണ്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു കെ.എല്‍. രാഹുലിനെ വിട്ടുകളഞ്ഞതാണ് ഐ.പി.എല്ലിലെ രണ്ടാമത്തെ വലിയ മണ്ടത്തരം. ഗില്‍ വളരെ ചെറുപ്പമാണ്. വരും സീസണുകളില്‍ പ്രകടനം മെച്ചപ്പെടുത്താനുള്ള എല്ലാ സാധ്യതയുമുണ്ട്,’ സ്റ്റൈറിസ് പറഞ്ഞു.

 

‘ചെറിയ തുടക്കങ്ങളൊക്കെ വലിയ സ്‌കോറിലേക്ക് കണ്‍വേര്‍ട്ട് ചെയ്യാനുള്ള പൊട്ടെന്‍ഷ്യല്‍ അവനിലുണ്ട്. നേരത്തെ ഒരു തുടക്കം നല്‍കിയ ശേഷം പുറത്താവുകയായിരുന്നു അവന്‍ ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോഴങ്ങനെയല്ല.

കഴിഞ്ഞ രണ്ട് സീസണുകളിലായി വളരെ പക്വതയേറിയ പ്രകടനമാണ് അവന്‍ കാഴ്ചവെക്കുന്നത്. അവന് ഒരുപാട് സമയം ഇനിയും ബാക്കിയുണ്ട്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Content Highlight: Scott Styris about Shubman Gill and KL Rahul