[]ന്യൂദല്‍ഹി: ഇന്ത്യയുടെ ദേശീയമൃഗവും വംശനാശഭീഷണി നേരിടുന്ന വന്യമൃഗങ്ങളുടെ പ്രതീകവുമായ കടുവകളെ സംരക്ഷിക്കുന്നതിനായി രണ്ട് സ്‌കൂള്‍ കുട്ടികള്‍ വെബ്‌സൈറ്റ് ലോഞ്ച് ചെയ്തു.
www.thundertigers.weebly.com എന്നാണ് സൈറ്റ് അഡ്രസ്.
ആദര്‍ശ്, ശുഭാം എന്നീ ആറാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് ഈ ഉദ്യമത്തിന് പിന്നില്‍.
കടുവാസംരക്ഷണത്തിന്റെ പ്രാധാന്യം പ്രചരിപ്പിക്കുകയാണ് ലക്ഷ്യം.
ശുഭാമിന്റെ മുതിര്‍ന്ന സഹോദരനാണ് സൈറ്റിന്റെ സാങ്കേതികകാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. അതുകൊണ്ട് സൈറ്റില്‍ ധാരാളം ആക്റ്റിവിറ്റീസ് ഒന്നും കാണാന്‍ കഴിഞ്ഞെന്നു വരില്ല.
സൈറ്റിന്റെ “എബൗട്ട് അസ്” കോളത്തില്‍ ഇവര്‍ എഴുതുന്നു.”കടുവകള്‍ വംശനാശഭീഷണി നേരിടുന്ന മൃഗമാണ്. മനുഷ്യര്‍ എന്ന നിലയില്‍ നാം അവയെ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്.
വലിയൊരു പൂച്ചയെ പോലെയാണ് കടുവ. ഇതിന് നീളമുള്ള വാലുണ്ട്. ബ്രൗണ്‍ നിറത്തിലുള്ള കരുത്തുറ്റ ശരീരത്തില്‍ കറുത്ത വരകളുണ്ട്. മൂര്‍ച്ചയേറിയ നഖങ്ങളുമുണ്ട്.
ഇതിന്റെ നാല് പല്ലുകള്‍, മുകളിലും താഴെയും രണ്ടെണ്ണം വീതം, മറ്റുള്ളവയെ അപേക്ഷിച്ച് വളരെ മൂര്‍ച്ചയും കരുത്തുമുണ്ട്.”
രണ്ട് പത്തുവയസ്സുകാരുടെ ഹൃദയത്തില്‍ നിന്നും വന്ന വാക്കുകളാണിവ.
ആദ്യം ഇതിന്റെ പ്രാധാന്യം പറഞ്ഞ് മനസ്സിലാക്കിയത് സ്വന്തം മാതാപിതാക്കളെ തന്നെയാണ്.പിന്നീട് അധ്യാപകരെയും സ്‌കൂളിലെ സുഹൃത്തുക്കളെയും ബോധവല്‍ക്കരിച്ച ഇവര്‍ ഇപ്പോള്‍ സമീപ സ്ഥലങ്ങളില്‍ വീടുവീടാന്തരം കയറിയിറങ്ങുകയാണ്. ബോധവല്‍ക്കരണത്തിനൊപ്പം ധനസമ്പാദനവുമാണ് ലക്ഷ്യം.
ഒരു ഡോട്ട്‌കോം ഡൊമെയ്ന്‍ രജിസ്റ്റര്‍ ചെയ്യണം. അതിനാണ് ധനശേഖരണം. ഇതുവരെ 1700 രൂപ സമ്പാദിച്ചു കഴിഞ്ഞു.
“ഒരു ഡൊമെയ്ന്‍ പര്‍ച്ചേസ് ചെയ്യാനാണ് ഞങ്ങളുടെ തീരുമാനം. അങ്ങനെയാണെങ്കില്‍ കൂടുതലാളുകള്‍ക്ക് സൈറ്റ് അക്‌സസ് ചെയ്യാം. ചിലയാളുകള്‍ക്ക് ഞങ്ങളുടെ സൈറ്റ് ലഭ്യമല്ല. ഡൊമെയ്ന്‍ ഉണ്ടെങ്കില്‍ എല്ലാ ബ്രൗസറിലും അത് ലഭ്യമാകുമല്ലോ. കൂട്ടുകാരും അയല്‍ക്കാരും അഭ്യുദയകാംക്ഷികളും അതിന് വേണ്ടി സംഭാവനകള്‍ നല്‍കുന്നുണ്ട്.” ശുഭാം പറയുന്നു.
ടി.വിയില്‍ കണ്ട ഒരു പരസ്യമാണ് ഇവര്‍ക്ക് പ്രചോദനമായത്. “ടി.വിയില്‍ കണ്ട ഒരു പരസ്യത്തില്‍ നിന്നാണ് കടുവകള്‍ ഇന്ത്യയില്‍ അപൂര്‍വമാണെന്ന് ഞങ്ങള്‍ മനസിലാക്കുന്നത്. പത്രത്തില്‍ നിന്നും ഇന്റര്‍നെറ്റില്‍ നിന്നുമായി ഇതിനെക്കുറിച്ച് കൂടുതല്‍ അറിഞ്ഞു.” ആദര്‍ശ് പറയുന്നു.