ഐ.സി.സി മെന്‍സ് ടി-20 ലോകകപ്പിന്റെ ഏഷ്യ ബി ക്വാളിഫയറില്‍ ചൈനയെ തകര്‍ത്തെറിഞ്ഞ് മലേഷ്യ. ജൂലൈ 26ന് കോലാലംപൂരില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് മലേഷ്യ ചൈനയെ തകര്‍ത്തുവിട്ടത്.
മത്സരത്തില്‍ ടോസ് നേടി ചൈന ബാറ്റിങ് തെരഞ്ഞടുക്കുകയായിരുന്നു. ചടങ്ങിനെന്ന പോലെ ക്രീസിലെത്തിയ ബാറ്റര്‍മാരെല്ലാം ഒന്നിന് പിറകെ ഒന്നായി മടങ്ങി. മലേഷ്യ സൂപ്പര്‍ താരം സിയാസ്രുള്‍ ഇദ്രസ് പന്ത് കൊണ്ട് വിരുത് കാട്ടിയപ്പോള്‍ ചൈന 11.2 ഓവറില്‍ വെറും 23 റണ്‍സിന് ഓള്‍ ഔട്ടായി. 15 പന്ത് നേരിട്ട് ഏഴ് റണ്‍സ് നേടിയ വെയ് ഗോ ലീയാണ് ചൈനയുടെ ടോപ് സ്‌കോറര്‍.
ഒരു മെയ്ഡന്‍ ഉള്‍പ്പെടെ നാല് ഓവര്‍ പന്തെറിഞ്ഞ് എട്ട് റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റാണ് ഇദ്രസ് പിഴുതെറിഞ്ഞത്. ആകെയെറിഞ്ഞ 24 പന്തില്‍ 20 പന്തിലും താരം റണ്‍സ് വഴങ്ങിയിരുന്നില്ല.
ചരിത്ര നേട്ടമണ് ഈ മത്സരത്തിന് പിന്നാലെ ഇദ്രസിനെ തേടിയെത്തിയത്. ഒരു അന്താരാഷ്ട്ര ടി-20 മത്സരത്തില്‍ ഏഴ് വിക്കറ്റ് വീഴ്ത്തുന്ന ആദ്യ താരം എന്ന അത്യപൂര്‍വ റെക്കോഡാണ് ഇദ്രസ് സ്വന്തമാക്കിയത്. ഇതില്‍ ഏഴ് വിക്കറ്റും ക്ലീന്‍ ബൗള്‍ഡാക്കിയാണ് താരം സ്വന്തമാക്കിയതെന്നതാണ് ഇതിലെ മറ്റൊരു അപൂര്‍വത.
ഒരു അന്താരാഷ്ട്ര ടി-20 മത്സരത്തില്‍ ആറ് വിക്കറ്റ് വിക്കറ്റ് വീഴ്ത്തിയതാണ് ടി-20യിലെ ഇതുവരെയുണ്ടായിരുന്ന ഏറ്റവും മികച്ച ബൗളിങ് ഫിഗര്‍. ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളായ യൂസ്വേന്ദ്ര ചഹലും ദീപക് ചഹറുമടക്കം 12 താരങ്ങള്‍ ഈ നേട്ടം സ്വന്തമാക്കിയവരാണ്.
ഇദ്രസ് ഏഴ് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ പവന്‍ദീവ് സിങ് രണ്ട് വിക്കറ്റും വിജയ് ഉണ്ണി ഒരു വിക്കറ്റും സ്വന്തമാക്കി.
Malaysia’s Syazrul Idrus produced the best bowling figures in Men’s T20I history 🙌
ചൈനീസ് നിരയില്‍ എല്ലാവരും ഒറ്റയക്കത്തിനാണ് പുറത്തായത്, ആറ് താരങ്ങള്‍ ഡക്കായും പുറത്തായി. ഒരു ബൗണ്ടറിയോ സിക്‌സറോ പോലും ചൈനീസ് ഇന്നിങ്‌സില്‍ ഉണ്ടായിരുന്നില്ല. 18 റണ്‍സ് ചൈനീസ് താരങ്ങള്‍ ഓടിയെടുത്തപ്പോള്‍ അഞ്ച് റണ്‍സ് എക്‌സ്ട്രാസ് ഇനത്തിലും ലഭിച്ചു.
ടി-20 ഫോര്‍മാറ്റിലെ മൂന്നാമത്തെ ഏറ്റവും മോശപ്പെട്ട സ്‌കോറാണിത്. പത്ത് റണ്‍സിന് പുറത്തായ ഐല്‍ ഓഫ് മാനിന്റെ പേരിലാണ് ഈ മേശം റെക്കോഡുള്ളത്. 21 റണ്‍സ് നേടിയ ടര്‍ക്കിയാണ് പട്ടികയിലെ രണ്ടാം സ്ഥാനക്കാര്‍.
24 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങി മലേഷ്യ എട്ട് വിക്കറ്റും 91 പന്തും ബാക്കിയിരിക്കെ വിജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു.
ശേഷിക്കുന്ന പന്തുകളുടെ അടിസ്ഥാനത്തില്‍ ടി-20 ചരിത്രത്തിലെ ഏറ്റവും വലിയ 12ാമത് വിജയമാണിത്.
🇲🇾 Malaysia win by 8 wickets! Chase 24 in just 4.5 Overs
Viran closes out the chase with back-to-back fours through the off side
⭐️ But Syazrul grabbed the headlines with his 7 wickets
ഈ വിജയത്തിന് പിന്നാലെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താനും മലേഷ്യക്കായി. ഒരു മത്സരത്തില്‍ നിന്നും രണ്ട് പോയിന്റാണ് മലേഷ്യക്കുള്ളത്. രണ്ട് പോയിന്റ് തന്നെയുള്ള ഭൂട്ടാനാണ് പട്ടികയിലെ രണ്ടാം സ്ഥാനക്കാര്‍.
ജൂലൈ 27നാണ് മലേഷ്യയുടെ രണ്ടാം മത്സരം. ഭൂട്ടാനാണ് എതിരാളികള്‍.
Content Highlight: Sayazrul Idrus created history by picking 7 wickets in a T20 match