റിയാദ്: പ്രതിഷേധസമരത്തില്‍ പങ്കെടുത്തിന് 17ാം വയസില്‍ അറസ്റ്റ് ചെയ്ത കൗമാരക്കാരനെ ഒമ്പത് വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം സൗദി അറേബ്യന്‍ ജയിലില്‍ നിന്നും വിട്ടയച്ചു. അലി അല്‍-നിമ്ര് എന്നയാളാണ് ജയില്‍മോചിതനായത്.
അറബ് വസന്തത്തിന്റെ ഭാഗമായി 2012 ഫെബ്രുവരിയില്‍ സര്‍ക്കാര്‍ വിരുദ്ധ സമരത്തില്‍ പങ്കെടുത്തതിനായിരുന്നു അലിയെ അറസ്റ്റ് ചെയ്തത്. സൗദിയിലെ ന്യൂനപക്ഷ സമുദായമായ ശിയ മുസ്‌ലിം കുടുംബത്തില്‍ നിന്നുള്ളയാളാണ് അലി.
അറസ്റ്റിലായ അലിയെ 2014ല്‍ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. എന്നാല്‍ 18 വയസില്‍ താഴെയുള്ളവരുടെ വധശിക്ഷ റദ്ദാക്കിക്കൊണ്ട് നിയമം വന്നതോടെ ശിക്ഷ 10 വര്‍ഷത്തെ ജയില്‍വാസമാക്കി മാറ്റുകയായിരുന്നു.
യുവാവിന്റെ അറസ്റ്റിലും വധശിക്ഷാ വിധിയിലും സൗദിയില്‍ രാജ്യവ്യാപകമായി പ്രതിഷേധമുയര്‍ന്നിരുന്നു. അലിയുടെ അമ്മാവനായ നിമ്ര് അല്‍-നിമ്രിനെ മുന്‍പ് സൗദി ഭരണകൂടം അറസ്റ്റ് ചെയ്ത് 2016ല്‍ തൂക്കിലേറ്റിയിരുന്നു.
ജയില്‍ മോചിതനായതിന് പിന്നാലെ അലിയുടെ ഫോട്ടോ മറ്റൊരമ്മാവനായ ജാഫര്‍ അല്‍-നിമ്ര് ട്വിറ്ററിലൂടെ പുറത്തുവിടുകയായിരുന്നു. ”അലി അല്‍-നിമ്ര് സ്വാതന്ത്ര്യത്തിലേയ്ക്ക്. നിന്റെ സുരക്ഷയ്ക്ക് ദൈവത്തിന് നന്ദി,” ജാഫര്‍ കുറിച്ചു.
തങ്ങളെ വര്‍ഷങ്ങളോളം പിന്തുണച്ച സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും അലിയുടെ പിതാവ് മുഹമ്മദ് നന്ദി പറയുകയും ചെയ്തു.
2020 ഏപ്രിലിലായിരുന്നു പ്രായപൂര്‍ത്തിയാവാത്ത ആളുകള്‍ക്ക് വധശിക്ഷ വിധിക്കരുതെന്നും മുമ്പ് വിധിച്ചവരുടേത് നടപ്പാക്കരുതെന്നുമുള്ള നിയമം കൊണ്ടുവന്നത്. ചരിത്രപരമായ ഈ തീരുമാനമെടുത്ത സൗദി ഭരണാധികാരി സല്‍മാന് നന്ദി അറിയിക്കുന്നെന്നും അലിയുടെ പിതാവ് പറഞ്ഞു.
അലിയുടെ മോചനം സ്വാഗതം ചെയ്യുന്നെന്നും മറ്റ് രാഷ്ട്രീയത്തടവുകാരുടെ കാര്യത്തിലും ഇതേ വാര്‍ത്ത കേള്‍ക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അലിയുടെ അഭിഭാഷകന്‍ താഹ അല്‍-ഹാജി മിഡില്‍ ഈസ്റ്റ് ഐയോട് പ്രതികരിച്ചു.
”അലിയും കൂട്ടുകാരും ശിക്ഷയര്‍ഹിക്കുന്ന കുറ്റമൊന്നും ചെയ്തിട്ടില്ല. ഇത്രയും നാളത്തെ അനീതിയ്ക്കും ചൂഷണത്തിനും അടിച്ചമര്‍ത്തലിനും ഇവര്‍ക്ക് തക്കതായ നഷ്ടപരിഹാരം ലഭിക്കണമെന്നാണ് ഞങ്ങളുടെ പ്രധാന ആവശ്യം.
എന്തായാലും ഇപ്പോഴത്തെ ഈ നീക്കം ആശ്വാസകരമാണെങ്കിലും അത് മുഴുവന്‍ നീതിയും നല്‍കുന്നില്ല. പ്രതിഷേധപ്രകടനങ്ങളില്‍ പങ്കെടുക്കുന്നതും സ്വന്തം അഭിപ്രായങ്ങള്‍ വ്യക്തമാക്കുന്നതും കുറ്റകൃത്യമല്ല, മറിച്ച് അവകാശമാണ്,” താഹ അല്‍-ഹാജി വ്യക്തമാക്കി.
സൗദി നടപ്പാക്കുന്ന വധശിക്ഷകള്‍ക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ വലിയ പ്രതിഷേധമുയരാറുണ്ട്. 2019ല്‍ മാത്രം 184 പേരെയാണ് രാജ്യത്ത് തൂക്കിലേറ്റിയത്.