റിയാദ്: സൗദിയില്‍ കഴിയുന്ന റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ബംഗ്ലാദേശ് പാസ്‌പോര്‍ട്ട് നല്‍കണമെന്ന് സൗദി അറേബ്യ. റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് പാസ്‌പോര്‍ട്ട് അനുവദിക്കാത്ത പക്ഷം സൗദിയിലുള്ള ബംഗ്ലാദേശ് തൊഴിലാളികളുടെ എണ്ണം പരിമിതപ്പെടുത്തുമെന്നാണ് സൗദിയുടെമുന്നറിയിപ്പ് . 40 വര്‍ഷത്തോളമായി അഭയാര്‍ത്ഥികളായി കഴിയുന്ന 54000 ത്തോളം റോഹിംഗ്യന്‍ വംശജരാണ് സൗദിയിലുള്ളത്.
സെപ്റ്റംബറില്‍ സൗദി ഇക്കാര്യം ബംഗ്ലാദേശിനോട് സൂചിപ്പിച്ചിരുന്നെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി വ്യക്തമാക്കിയിരുന്നു. ഈ അഭയാര്‍ത്ഥികള്‍ക്ക് പാസ്‌പോര്‍ട്ട് നല്‍കിയാല്‍ അവര്‍ രാജ്യമില്ലാത്തവരായി തുടരില്ലെന്നാണ് സൗദി നല്‍കിയ നിര്‍ദ്ദേശം എന്നായിരുന്നു ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി എ.കെ അബ്ദുള്‍ മൊമെന്‍ പറഞ്ഞത്.
എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ബംഗ്ലാദേശിന് കഴിഞ്ഞിട്ടില്ല.
‘ അഭയാര്‍ത്ഥികളില്‍ മിക്കവരും ബംഗ്ലാദേശിലേക്ക് ഇതുവരെ വന്നിട്ടില്ല. ഈ രാജ്യത്തെ പറ്റി ഒന്നുമവര്‍ക്ക് അറിയില്ല. സൗദി സംസ്‌കാരത്തെക്കുറിച്ചു മാത്രമേ അവര്‍ക്കറിയൂ. അറബിയാണ് അവര്‍ സംസാരിക്കുന്നതും’ ബംഗ്ലാദേശ് വിദേശകാര്യമന്ത്രി സെപ്റ്റംബറിലെ പ്രസ് കോണ്‍ഫറന്‍സില്‍ പറഞ്ഞു.