റിയാദ്: റിയാദിലെ ഇന്ത്യന്‍ എംബസിയെ വിമര്‍ശിച്ചെന്ന പരാതിയില്‍ ആര്‍.ടി.ഐ ആക്ടിവിസ്റ്റ് ഡൊമിനിക് സൈമണെ സൗദി പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ എംബസി നല്‍കിയ പരാതിയിലാണ് അറസ്റ്റ്.
റിയാദിലെ ഇന്ത്യന്‍ എംബസ്സിയില്‍ അരങ്ങേറുന്ന അഴിമതിയും ക്രമക്കേടും സംബന്ധിച്ച് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ടതിനാണ് കോട്ടയം സ്വദേശിയായ ഡൊമിനിക് സൈമണെതിരെ ഇന്ത്യന്‍ എംബസി സൗദി പൊലീസില്‍ പരാതി നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്.
റിയാദിലെ അല്‍ ഹെയര്‍ ജയിലിലാണ് അദ്ദേഹമിപ്പോള്‍.
കൊവിഡ് കാലത്ത് വിദേശത്ത് കുടുങ്ങിപ്പോയ ഇന്ത്യക്കാരെ നാട്ടില്‍ എത്തിക്കാന്‍ വലിയ ഇടപെടലുകള്‍ നടത്തിയ വ്യക്തിയാണ് ഡൊമിനിക്.
സൗദിയിലെ പ്രവാസികളുടെ ക്ഷേമത്തിനായി Indian Volunteser എന്നൊരു ഫേയ്‌സ്ബുക്ക് ഗ്രൂപ്പും ഡൊമിനിക് നടത്തുന്നുണ്ട്.
വിവരാവകാശ നിയമം ആയുധമാക്കി വളരെ സ്തുത്യര്‍ഹമായ സേവനമാണ് നാളിതുവരെ അദ്ദേഹം നടത്തിയിട്ടുള്ളതെന്നും ആ ഇടപെടലുകള്‍ മിക്കപ്പോഴും ഇന്ത്യന്‍ എംബസ്സിക്ക് തലവേദന ആയി മാറിയതിനെ തുടര്‍ന്നാണ് ഡൊമിനിക് എംബസിയുടെ നോട്ടപ്പുള്ളി ആയതെന്നുമാണ് ആര്‍.ടി.ഐ ആക്ടിവിസ്റ്റ് കൂടിയായ മഹേഷ് വിജയന്‍ ഫേസ്ബുക്കില്‍ പ്രതികരിച്ചത്.
കുറ്റസമ്മത്തിന് വിസമ്മതിച്ചപ്പോള്‍ ജയിലില്‍ വെച്ച് ഡൊമിനിക്കിന് ക്രൂരമര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും ഇന്ത്യന്‍ എംബസിയിലെ ക്രമക്കേടുകള്‍ക്കെതിരെ പ്രതികരിച്ചതിന് ഡൊമിനികിനെതിരായ പ്രതികാര നടപടിയാണ് ഇതെന്നും വിദേശകാര്യ മന്ത്രാലയം അടിയന്തരമായി വിഷയത്തില്‍ ഇടപെടണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു.
എംബസിയിലെ ചില ഉദ്യോഗസ്ഥര്‍ തന്നെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഡൊമിനിക് എംബസിയില്‍ വിവരാവകാശ അപേക്ഷ നല്‍കിയിരുന്നു. തനിക്ക് വന്ന ഫോണ്‍കോള്‍ എംബസിയിലെ ഔദ്യോഗിക നമ്പര്‍ ആണോയെന്നും ആ നമ്പറിന്റെ വിശദാംശങ്ങള്‍ നല്‍കാനുമായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്.
റിയാദിലെ ഇന്‍ഡ്യന്‍ എംബസിയെ വിമര്‍ശിച്ചെന്ന കാരണത്താല്‍ അവര്‍ കൊടുത്ത കള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് ഡൊമിനിക്കിനെ അറസ്റ്റ് ചെയ്തതെന്നും ദേഹോപദ്രവമേല്‍പ്പിച്ചും ഭീഷണിപ്പെടുത്തിയും പോലീസ് ഡൊമിനിക്കില്‍ നിന്നും കുറ്റസമ്മതം എഴുതിവാങ്ങിയതായാണ് അറിയുന്നതെന്നും മുന്‍ പ്രവാസിയും സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകനും തിരുവനന്തപുരത്തെ അഭിഭാഷകനുമായ അഡ്വ. ആര്‍ മുരളീധരന്‍ പ്രതികരിച്ചു.
വിചാരണസമയത്ത് അയാള്‍ക്കെതിരെ ഉപയോഗിക്കാനാണ് ഈ കുറ്റസമ്മതമെന്നും എംബസിയെക്കൊണ്ട് പരാതി പിന്‍വലിപ്പിച്ച് ഡൊമിനിക്കിനെ എത്രയും പെട്ടെന്ന് പോലീസ് കസ്റ്റഡിയില്‍ നിന്നും മോചിപ്പിക്കുന്നതിനായി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം അടിയന്തിരമായി ഇടപെടണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക