Kerala News
കൊല്ലത്തുകൂടെ വരുമ്പോള്‍ കണ്ണടച്ച് വരാന്‍ കഴിയില്ല; ഫ്‌ളക്‌സുകള്‍ വര്‍ധിക്കുന്നതില്‍ വീണ്ടും ഹൈക്കോടതി വിമര്‍ശനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 06, 02:33 pm
Thursday, 6th March 2025, 8:03 pm

കൊച്ചി: പൊതു ഇടങ്ങളില്‍ ഫ്‌ളക്‌സുകളും കൊടിതോരണങ്ങളും ഉപയോഗിക്കുന്നതില്‍ വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി. പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ കോടതി ഉത്തരവ് പാലിക്കുന്നില്ലെന്നും കൊല്ലം ജില്ല വഴി വരുമ്പോള്‍ കണ്ണടച്ച് വരാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.

സി.പി.ഐ.എം സംസ്ഥാനസമ്മേളനത്തെ പരോക്ഷമായി ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ വിമര്‍ശനം. നിയമത്തിന് മുകളിലാണ് തങ്ങളെന്നാണ് രാഷ്ട്രീയ പാര്‍ട്ടികികള്‍ വിചാരിക്കുന്നതെന്നും സര്‍ക്കാര്‍ അതിന് കുട പിടിക്കുകയാണെന്നും കോടതി അഭിപ്രായപ്പെട്ടു. ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ചാണ് വിമര്‍ശനം ഉയര്‍ത്തിയത്.

പൊതു ഇടങ്ങളിലെ ഫ്‌ളക്‌സ് ബോര്‍ഡുകളും കൊടി തോരണങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ എല്ലാ ആഴ്ച്ചയും കോടതി പരിഗണിക്കാറുണ്ട്. ഇത്തരത്തില്‍ പരിഗണിച്ചപ്പോഴാണ് ഹൈക്കോടതിയുടെ വിമര്‍ശനം വന്നത്. ഈ കേസുമായി ബന്ധപ്പെട്ട ഹരജികളും മറ്റും പരിഗണിക്കുന്നത് താന്‍ നിര്‍ത്തുകയാണെന്ന് പറഞ്ഞ ജസ്റ്റിസ് ദേവന്‍ രാമന്‍ ചന്ദ്രന്‍ അധ്യക്ഷനായ ബെഞ്ച് കോടതിയുടെ ഒരു ഉത്തരവുകളും സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്നും വ്യക്തമാക്കി.

എന്നാല്‍ ഇങ്ങനെ അവസാനിപ്പിച്ചാല്‍ പൊതുജനങ്ങള്‍ക്ക് നീതി ന്യായ സംവിധാനത്തിലുള്ള വിശ്വാസം നഷ്ടപ്പെടുമെന്ന് കരുതി മാത്രമാണ് കേസ് പരിഗണിക്കുന്നത് തുടരുന്നതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പാലിക്കാന്‍ സര്‍ക്കാര്‍ എന്തെങ്കിലും തീരുമാനം സ്വീകരിച്ചിട്ടുണ്ടോ എന്ന് ചോദിച്ച കോടതി നവകേരളം ശുചിത്വ കേരളം എന്ന സര്‍ക്കാരിന്റ തന്നെ ടാഗ്‌ ലൈനുകള്‍ നടപ്പിലാക്കാനാണ് കോടതി ശ്രമിക്കുന്നതെന്നും ചൂണ്ടിക്കാട്ടി.

എന്നാല്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാഗത്ത് നിന്ന് നിരന്തരം നിയമലംഘനം ഉണ്ടാകുന്നതായും ടൂറിസത്തിന്റെ അടിസ്ഥാനമാണ് ശുചിത്വം എന്നത് രാഷ്ട്രീയ പാര്‍ട്ടികള്‍ മനസിലാക്കാത്തതെന്താണെന്നും കോടതി ചോദിച്ചു. കോടതി ഉത്തരവിന്റെ ലംഘനം എന്നത് ഭരണഘടനയുടെ ലംഘനമാണെന്നും കോടതി വ്യക്തമാക്കി.

Content Highlight: Kerala High court criticize political parties in flex board issue