റിയാദ്: സൗദി റിയാദ് സീസണ്‍ പരിപാടിയില്‍ സ്ത്രീകളുടെ വീഡിയോ എടുത്ത് പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടി. വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം സ്ത്രീകളോട് മോശമായി പെരുമാറിയവരെ കസ്റ്റഡിയിലെടുക്കുമെന്ന് സൗദി മന്ത്രാലയം അറിയിച്ചു.
ഒരു വര്‍ഷം തടവുശിക്ഷയോ പിഴയോ ആണ് മൊബൈല്‍ ഫോണുപയോഗിച്ച് മറ്റുള്ളവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ കുറ്റത്തിന് സൗദിയില്‍ ലഭിക്കുക.
വലിയ ജനക്കൂട്ടമായിരുന്നു കഴിഞ്ഞ ദിവസം നടന്ന റിയാദ് സീസണ്‍ ഫെസ്റ്റിവലില്‍ പങ്കെടുത്തത്. ഇതിനിടെ പരിപാടിയ്‌ക്കെത്തിയ സ്ത്രീകളുടെ ദൃശ്യങ്ങള്‍ ചിലര്‍ പകര്‍ത്തുകയായിരുന്നു. ഇവര്‍ക്ക് നേരെ കൈയേറ്റ ശ്രമവും ഉണ്ടായിരുന്നു.
ടിക്‌ടോക് അടക്കമുള്ള വീഡിയോ പ്ലാറ്റ്‌ഫോമുകളില്‍ നിരവധി പേര്‍ ഈ ദൃശ്യങ്ങള്‍ അപ്‌ലോഡ് ചെയ്തു. ഫെസ്റ്റിവലില്‍ പങ്കെടുത്ത വനിതകള്‍ പരിപാടി ആസ്വദിക്കുന്നത് സമൂഹമാധ്യമങ്ങള്‍ വഴി തെറ്റായി വ്യാഖ്യാനിച്ച് പ്രചരിപ്പിച്ചിരുന്നു.
സീസണ്‍ ഫെസ്റ്റിവലിന്റെ ഉദ്ഘാടന വേളയില്‍ പൊതുമര്യാദ നിയമങ്ങള്‍ ലംഘിക്കപ്പെട്ടുവെന്ന് പൊതുസുരക്ഷാ വക്താവ് പറഞ്ഞു.
വീഡിയോ പോസ്റ്റ് ചെയ്തവരേയും റീപോസ്റ്റ് ചെയ്തവരേയും കണ്ടെത്തി നിരീക്ഷിച്ച് കസ്റ്റഡിയിലെടുക്കുമെന്ന് സൗദി മന്ത്രാലയം അറിയിച്ചു. സൈബര്‍ കുറ്റകൃത്യ നിരോധന നിയമപ്രകാരമാവും നടപടിയെടുക്കുക.
പ്രായ-ലിംഗഭേദമന്യേ നടപടിയുണ്ടാകുമെന്നും പൊതുസുരക്ഷാ വക്താവ് അറിയിച്ചു.
മൊബൈല്‍ ഫോണ്‍ ദുരുപയോഗം ചെയ്യുക, അന്യരുടെ ദൃശ്യം പകര്‍ത്തി സ്വകാര്യത ലംഘിക്കുക എന്നീ കുറ്റങ്ങള്‍ക്കെതിരെ പൊതുസുരക്ഷാ വക്താവ് മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്.