റിയാദ്: ടെക്‌നോളജി ഭീമനായ ആപ്പിളിനെ മറികടന്ന് ലോകത്തെ ഏറ്റവും മൂല്യമേറിയ സ്‌റ്റോക്കായി സൗദി അറേബ്യന്‍ എണ്ണക്കമ്പനിയായ ആരാംകോ.
ആപ്പിളിന്റെ വിപണി സ്റ്റോക്ക് വില ഇടിഞ്ഞതോടെയാണ് സൗദിയുടെ പബ്ലിക് പെട്രോളിയം ആന്‍ഡ് നാചുറല്‍ ഗ്യാസ് കമ്പനിയായ സൗദി ആരാംകോ ഈ നേട്ടത്തിലെത്തിയത്.
ആഗോള തലത്തില്‍ എണ്ണവില കുത്തനെ കൂടുന്നതും ഇതുവഴി ആരാംകോയുടെ വരുമാനവും ലാഭവും ഉയര്‍ന്നതുമാണ് സ്‌റ്റോക്ക് മൂല്യം ഉയരാന്‍ കാരണമായത്.
ബുധനാഴ്ചയാണ് ആരാംകോ ഈ നേട്ടത്തിലെത്തിയത്. ആരാംകോയുടെ ട്രേഡ്, മാര്‍ക്കറ്റ് കാപ്പിറ്റലൈസേഷന്‍ 2.43 ട്രില്യണ്‍ ഡോളറിലാണ് ബുധനാഴ്ച എത്തിയത്. അതേസമയം, ആപ്പിളിന്റേത് 2.37 ട്രില്യണ്‍ ഡോളറായി ഇടിയുകയും ചെയ്തു.
5.2 ശതമാനം ഇടിവാണ് ആപ്പിളിനുണ്ടായത്. ഇതോടെ ആപ്പിളിന്റെ ഷെയറിന് 146.50 ഡോളറാണ് മൂല്യം.
2020ന് ശേഷം ആദ്യമായാണ് വിപണി മൂല്യത്തില്‍ സൗദി ആരാംകോ ആപ്പിളിനെ മറികടക്കുന്നത്. അതേസമയം അമേരിക്കന്‍ കമ്പനികളില്‍ ഇപ്പോഴും ആപ്പിളിന്റെ സ്റ്റോക്കിന് തന്നെയാണ് വിപണിയില്‍ മൂല്യം ഏറ്റവും കൂടുതലുള്ളത്.