റിയാദ്: സൗദി അറേബ്യ തലസ്ഥാനമായ റിയാദിന്റെ വികസനപദ്ധതി ഈ വര്‍ഷം പ്രഖ്യാപിക്കില്ല. അടുത്ത വര്‍ഷത്തേക്കാണ് പദ്ധതി പ്രഖ്യാപനം മാറ്റിവെച്ചത്.
പദ്ധതി സംബന്ധിച്ച് ചില കാര്യങ്ങള്‍ പൂര്‍ത്തിയാവാനുണ്ടെന്നാണ് പ്രഖ്യാപനം നീണ്ടത് വിശദീകരിച്ച് സ്റ്റേറ്റ് ന്യൂസ് ഏജന്‍സിയായ എഫ്.പി.എ റിപ്പോര്‍ട്ട് ചെയ്തത്. 2022ല്‍ തന്നെ വികസന പദ്ധതി ഫൈനലാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2030 വരെയുള്ള റിയാദിന്റെ സമഗ്ര വികസനത്തെ ലക്ഷ്യം വെച്ചാണ് ‘റിയാദ് 2030’ സ്ട്രാറ്റജി പുറത്തിറക്കുന്നത്.
220 ബില്യണ്‍ ഡോളറാണ് റിയാദിനെ 2030ഓടു കൂടി ഒരു ഗ്ലോബല്‍ സിറ്റിയായി ഉയര്‍ത്തുവാന്‍ സൗദി ഇന്‍വെസ്റ്റ് ചെയ്യുന്നത്. സ്വകാര്യ മേഖലയില്‍ നിന്നും സമാനമായ രീതിയില്‍ സൗദി നിക്ഷേപങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടെന്ന് റിയാദ് റോയല്‍ കമ്മീഷന്‍ തലവന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.
ഏകദേശം ഏഴ് മില്യണ്‍ ആണ് സൗദി തലസ്ഥാനമായ റിയാദിലെ നിലവിലെ ജനസംഖ്യ. അടുത്ത പത്ത് വര്‍ഷത്തില്‍ റിയാദിന്റെ ജനസംഖ്യയും സാമ്പത്തികശേഷിയും ഇരട്ടിയാക്കാനാണ് സൗദി അറേബ്യന്‍ ഭരണകൂടം ലക്ഷ്യമിടുന്നത്.
ലോകത്ത് ക്രൂഡ് ഓയില്‍ ഏറ്റവുമധികം കയറ്റുമതി ചെയ്യുന്ന രാജ്യമാണ് സൗദി. എന്നാല്‍ എണ്ണ ഇതര മേഖലകളില്‍ നിന്നും സമാനമായ രീതിയില്‍ വരുമാനമുണ്ടാക്കാനാണ് രാജ്യം ലക്ഷ്യമിടുന്നത്.
തന്റെ സാമ്പത്തിക പരിഷ്‌കാര പദ്ധതിക്ക് കീഴില്‍ റിയാദിനെ ലോകത്തെ മികച്ച പത്ത് നഗരങ്ങളിലൊന്നാക്കി മാറ്റുക എന്നതാണ് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ലക്ഷ്യമിടുന്നത്.