ടൂറിസം മേഖലയില്‍ ചുവടുറപ്പിക്കാന്‍ സൗദി, ഒരുങ്ങുന്നത് വമ്പന്‍ ഫണ്ട്
Gulf
ടൂറിസം മേഖലയില്‍ ചുവടുറപ്പിക്കാന്‍ സൗദി, ഒരുങ്ങുന്നത് വമ്പന്‍ ഫണ്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 21st June 2020, 6:30 pm

റിയാദ്: ടൂറിസം രംഗത്ത് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സൗദി അറേബ്യ. 15 ബില്യണ്‍ സൗദി റിയാലിന്റെ പുതിയ വികസന ഫണ്ടാണ് സൗദി ഒരുക്കുന്നത്.

മികച്ച ടൂറിസം അനുഭവം നല്‍കുന്നതിനും സൗദിയുടെ ലക്ഷ്യത്തിലെത്താനും പുതിയ ഫണ്ട് നിര്‍ണായക പങ്കു വഹിക്കുമെന്ന് രാജ്യത്തിന്റെ ടൂറിസം മന്ത്രി അഹമ്മദ് അല്‍ ഖത്തീബ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് വിദേശവിനോദ സഞ്ചാരത്തിനായി സൗദി ടൂറിസം രംഗം തുറന്നത്. സൗദിയുടെ വിഷന്‍ 2030 ന്റെ ഭാഗമായിട്ടായിരുന്നു തീരുമാനം.

രാജ്യത്തിന്റെ ആകെ ജി.ഡി.പിയുടെ 3 ശതമാനമാണ് നിലവില്‍ ടൂറിസത്തില്‍ നിന്നും സൗദിക്ക് ലഭിക്കുന്നത്. 2030 ഓടെ ഇത് 10 ശതമാനമായി ഉയര്‍ത്താനാണ് സൗദി ലക്ഷ്യമിടുന്നത്. ഇത് 10 ലക്ഷം തൊഴിലവസരങ്ങള്‍ ഉണ്ടാക്കുമെന്നും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ ടൂറിസം മേഖല അഭൂതപൂര്‍വമായ ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കുന്ന ഈ സമയത്ത് ഫണ്ട് സമാഹരിക്കുന്നത് സൗദി ടൂറിസത്തെക്കുറിച്ചുള്ള ദീര്‍ഘകാല കാഴ്ചപ്പാടില്‍ നിക്ഷേപകര്‍ക്കും സ്വകാര്യ മേഖലയ്ക്കും ഉള്ള ആത്മവിശ്വാസത്തിന്റെ തെളിവാണെന്ന് ടൂറിസം മന്ത്രി പറഞ്ഞു.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച നിയന്ത്രണണങ്ങളില്‍ സൗദി ശനിയാഴ്ച ഇളവു വരുത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ