റിയാദ്: തുര്‍ക്കി സന്ദര്‍ശിക്കാനൊരുങ്ങി സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. ഈ വരുന്ന ജൂണ്‍ 22ന് എം.ബി.എസ് തുര്‍ക്കി സന്ദര്‍ശിക്കുമെന്ന് തുര്‍ക്കിയിലെ മുതിര്‍ന്ന ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞതായി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു.
സന്ദര്‍ശനത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് എം.ബി.എസിന്റെ തുര്‍ക്കി സന്ദര്‍ശനം.
ഇക്കഴിഞ്ഞ ഏപ്രിലില്‍ തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗന്‍ സൗദി സന്ദര്‍ശിക്കുകയും സല്‍മാന്‍ രാജാവുമായും മകന്‍ എം.ബി.എസുമായും കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
2018ല്‍ സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജി ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ വെച്ച് കൊല്ലപ്പെട്ടതിന് ശേഷമുള്ള തുര്‍ക്കി പ്രസിഡന്റിന്റെ ആദ്യ സൗദി സന്ദര്‍ശനമായിരുന്നു ഇത്. അതിന് തൊട്ടുപിന്നാലെയാണ് എം.ബി.എസ് തുര്‍ക്കി സന്ദര്‍ശിക്കാനൊരുങ്ങുന്നത്.
ഖഷോഗ്ജിയുടെ വധത്തിന് ശേഷം ആദ്യമായാണ് സൗദി നേതാവ് തുര്‍ക്കിയും സന്ദര്‍ശിക്കുന്നത്.
സന്ദര്‍ശനത്തിന്റെ ഭാഗമായി തുര്‍ക്കി തലസ്ഥാനമായ അങ്കാറയില്‍ വെച്ച് നടക്കാനിരിക്കുന്ന എം.ബി.എസ്- എര്‍ദോഗന്‍ കൂടിക്കാഴ്ചയില്‍ വെച്ച് ഇരുരാജ്യങ്ങളും തമ്മില്‍ നിരവധി കരാറുകളും ഒപ്പുവെക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ജമാല്‍ ഖഷോഗ്ജിയുടെ വധം വലിയ വിവാദമാകുകയും സൗദിയും തുര്‍ക്കിയും തമ്മിലുണ്ടായിരുന്ന ബന്ധത്തില്‍ വിള്ളലുകള്‍ വീഴ്ത്തുകയും ചെയ്ത സംഭവമായിരുന്നു.
സൗദി സര്‍ക്കാരിലെ ഉന്നത വിഭാഗമാണ് ഖഷോഗ്ജിയെ വധിക്കാന്‍ ഉത്തരവിട്ടതെന്ന് എര്‍ദോഗന്‍ ആരോപിച്ചിരുന്നെങ്കിലും പിന്നീട് വിമര്‍ശനങ്ങള്‍ നേര്‍പ്പിക്കുകയായിരുന്നു.
ഖഷോഗ്ജിയെ കൊല്ലാനുള്ള ഓപ്പറേഷന് എം.ബി.എസാണ് അനുമതി നല്‍കിയതെന്ന് കഴിഞ്ഞ വര്‍ഷം പുറത്തുവന്ന യു.എസിന്റെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലും പറയുന്നുണ്ട്. എന്നാല്‍ സൗദി സര്‍ക്കാര്‍ ഇതെല്ലാം നിഷേധിക്കുകയായിരുന്നു.
Content Highlight: Saudi Arabia’s crown prince MBS to visit Turkey next week, will meet Erdogan