സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ കുടുംബ ചിത്രമാണ് വീണ്ടും ചില വീട്ടുകാര്യങ്ങൾ. ലോഹിതദാസ് രചന നിർവഹിച്ച ചിത്രത്തിൽ ജയറാം, തിലകൻ, സംയുക്ത വർമ തുടങ്ങിയവരായിരുന്നു പ്രധാന വേഷത്തിൽ എത്തിയത്. സംയുക്ത വർമയുടെ ആദ്യ ചിത്രം കൂടിയായിരുന്നു വീണ്ടും ചില വീട്ടുകാര്യങ്ങൾ.
ജോൺസൺ മാസ്റ്റർ ഒരുക്കിയ ചിത്രത്തിലെ ഗാനങ്ങളും വലിയ ശ്രദ്ധ നേടിയിരുന്നു. കൈതപ്രം ദാമോദരൻ നമ്പൂതിരിയായിരുന്നു പാട്ടുകൾക്ക് വരികൾ എഴുതിയത്. എന്നാൽ ചിത്രത്തിലെ ‘വിശ്വം കാക്കുന്ന നാഥാ’ എന്ന ഗാനം രചിച്ചത് സംവിധായകൻ സത്യൻ അന്തിക്കാട് തന്നെയാണ്.
കൈതപ്രം കച്ചേരിയുടെ തിരക്കിലായപ്പോൾ ജോൺസൺ മാഷിനെ വെറുതെയിരുത്താതെ ഒരു പണി കൊടുക്കാമെന്ന് കരുതിയാണ് താൻ ആ പാട്ടെഴുതിയതെന്നും എന്നാൽ കൈതപ്രം തിരിച്ചുവന്നപ്പോൾ ആ ഗാനം തന്നെ മതിയെന്ന് പറഞ്ഞെന്നും സത്യൻ അന്തിക്കാട് പറഞ്ഞു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘വിശ്വം കാക്കുന്ന നാഥാ എന്ന ഗാനം ആ സിനിമയ്ക്ക് വേണ്ടി എഴുതിയ പാട്ടല്ലായിരുന്നു. കൈതപ്രം ദാമോദരൻ നമ്പൂതിരിയായിരുന്നു ആ സിനിമയിലെ എല്ലാ പാട്ടും എഴുതേണ്ടത്. എന്നാൽ ഈ പാട്ടെഴുതേണ്ട സമയത്ത് അദ്ദേഹം കുറെ കച്ചേരിയുടെ തിരക്കിലായിരുന്നു. അതുകൊണ്ട് വരാമെന്ന് പറഞ്ഞ സമയത്ത് തിരുമേനിക്ക് വരാൻ കഴിഞ്ഞില്ല.
രണ്ടു ദിവസം പണി ഇല്ലാതെയിരുന്നപ്പോൾ ജോൺസൺ മാഷിന് പ്രയാസം തോന്നി. എന്നാൽ ഞാനൊന്ന് പോയി വന്നാലോയെന്നൊക്കെ ജോൺസൺ ചോദിച്ചു. ഷൊർണൂർ വെച്ചായിരുന്നു അത് നടക്കുന്നത്. പാട്ടിന്റെ സന്ദർഭം എനിക്കറിയുന്നത് കൊണ്ട് ജോൺസനൊരു പണി കൊടുക്കാമെന്ന് കരുതിയാണ് ഞാനൊന്ന് എഴുതി നോക്കാമെന്ന് കരുതിയത്.
ആ പ്രാർത്ഥന ഗാനം ഏകദേശം ഇങ്ങനെയാണ് വരികയെന്ന് ഞാൻ പറഞ്ഞു. ജോൺസൺ ആ ട്യൂൺ ഉണ്ടാക്കിയാൽ കൈതപ്രം തിരുമേനി വന്നാൽ കാര്യങ്ങൾ എളുപ്പമാവുമല്ലോ. അതിനുവേണ്ടി ഞാൻ എഴുതിക്കൊടുത്ത വരികളാണത്. അതിമനോഹരമായി ജോൺസൺ അത് ട്യൂൺ ചെയ്തു.
അത് കേട്ടപ്പോൾ എനിക്ക് നല്ല ഫീൽ തോന്നി. പക്ഷെ എങ്കിലും അത് തിരുമേനി എഴുതേണ്ട പാട്ടാണ്. ജോൺസൺ ആ പാട്ട് ട്യൂൺ ചെയ്ത് കഴിഞ്ഞ ദിവസം തിരുമേനി തിരിച്ച് വന്നു. ഞാനെഴുതിയ വരികൾ അദ്ദേഹത്തെ കാണിച്ചുകൊണ്ട് പറഞ്ഞു, ഇതാണ് ആ സന്ദർഭം. പാട്ട് തിരുമേനി തന്നെ എഴുതിയാൽ മതി. അത് കേട്ടയുടനെ തിരുമേനി പറഞ്ഞു, പാട്ട് ഇതുതന്നെ മതി, ബാക്കി പാട്ടൊക്കെ ഞാൻ എഴുതാമെന്ന്. അങ്ങനെയാണ് ആ പാട്ടുണ്ടാവുന്നത്,’സത്യൻ അന്തിക്കാട് പറയുന്നു.
Content Highlight: Sathyan Anthikkad About Veendum Chila Veetukaryngal Movie Songs