'ഡാ ജയറാമേ, മമ്മൂട്ടിയാടാ പറയുന്നത്, മാറി നില്‍ക്കടാ': ആത്മഹത്യാ രംഗം ഷൂട്ട് ചെയ്തതിനെ പറ്റി സത്യന്‍ അന്തിക്കാട്
Film News
'ഡാ ജയറാമേ, മമ്മൂട്ടിയാടാ പറയുന്നത്, മാറി നില്‍ക്കടാ': ആത്മഹത്യാ രംഗം ഷൂട്ട് ചെയ്തതിനെ പറ്റി സത്യന്‍ അന്തിക്കാട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 4th May 2022, 5:15 pm

സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ മമ്മൂട്ടിയെ നായകനാക്കി 1989ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ‘അര്‍ത്ഥം’. വേണു നാഗവള്ളിയുടെ തിരക്കഥയില്‍ ജയറാം, ശ്രീനിവാസന്‍, പാര്‍വതി, മുരളി, സുകുമാരി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ചിത്രത്തിന്റെ തുടക്കം തന്നെ മമ്മൂട്ടി ജയറാമിനെ ആത്മഹത്യയില്‍ നിന്നും രക്ഷിക്കുന്ന രംഗത്തില്‍ നിന്നുമായിരുന്നു. ഒരു റെയില്‍വേ പാളത്തില്‍ വെച്ച് ഈ രംഗം ഷൂട്ട് ചെയ്ത കാര്യം പറയുകയാണ് സത്യന്‍ അന്തിക്കാട്. കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

”അര്‍ത്ഥം സിനിമയിലെ മമ്മൂട്ടിയുടെ ആ സീന്‍ ജീവന്‍ കൈയ്യില്‍ പിടിച്ച് കൊണ്ടുള്ള ഒരു അഭിനയമായിരുന്നു. അതായത് ഓടി വരുന്ന ട്രെയ്നിന്റെ മുമ്പിലേക്ക് ജയറാം ചാടാന്‍ പോകുമ്പോള്‍ മമ്മൂട്ടി രക്ഷപ്പെടുത്തുന്നതാണ് സീന്‍. റെയില്‍വെ ട്രാക്കിലാണ് ഈ കളി.

ആ സീന്‍ ജയറാം അഭിനയിച്ച് തകര്‍ക്കുകയായിരുന്നു. കാരണം, മമ്മൂട്ടിയ്ക്ക് അവനെ പിടിച്ചിട്ട് കിട്ടുന്നില്ല. ആ ട്രെയ്ന്‍ ഇപ്പോള്‍ വന്ന് ഇടിച്ച് പോകുമെന്ന് മമ്മൂട്ടിയ്ക്ക് അറിയാം. മാത്രമല്ല, ജയറാമിനെ വിട്ടാല്‍ അവന് ട്രെയ്ന്‍ തട്ടും.

ആ സമയം ഞാന്‍ നോക്കുമ്പോള്‍ മമ്മൂട്ടിയുടെ കഥാപാത്രമൊക്കെ പോയി. ഡാ ജയറാമേ, മമ്മൂട്ടിയാടാ പറയുന്നത്. മാറി നില്‍ക്കടാ, ട്രെയ്ന്‍ വന്നിടിക്കും എന്നാക്കെയായി മമ്മൂട്ടിയുടെ ഡയലോഗ്. ആ സമയം മമ്മൂട്ടി ആകെ പേടിച്ച് പോയി. മമ്മൂട്ടി പിടിക്കുന്തോറും ജയറാം അങ്ങോട്ട് ചാടുകയാണ്. ജയറാമിനെ വിട്ട് കൊടുക്കാന്‍ മമ്മൂട്ടിയ്ക്കും പറ്റുന്നില്ല. അവസാനം അത് ഡബ്ബ് ചെയ്താണ് മാറ്റിയത്.

അന്ന് ശരിക്കും മമ്മൂട്ടി കരഞ്ഞ് പോയി. ഷോട്ട് കഴിഞ്ഞ് മമ്മൂട്ടി വിറച്ചിട്ട് ഒരു സ്ഥലത്തിരുന്നു. എന്നിട്ട് മമ്മൂക്ക ജയറാമിനെ ഒരുപാട് തെറി വിളിച്ചു. അത് ഭീകരമായ ഒരു സാഹചര്യമായിരുന്നു,” സത്യന്‍ അന്തിക്കാട് പറഞ്ഞു.

”മമ്മൂട്ടി എന്റെ ആത്മാര്‍ത്ഥ സുഹൃത്താണ്. അദ്ദേഹം ശരിക്കും വളരെ സെന്‍സിറ്റീവായിട്ടുള്ള ഒരാളാണ്. അയാളുടെ പുറമെയുള്ള ഗൗരവം ഒരു മുഖമൂടിയാണ്. മമ്മൂട്ടിയെ നമുക്ക് എളുപ്പത്തില്‍ കരയിക്കാന്‍ പറ്റും. നമ്മള്‍ വളരെ ആത്മാര്‍ത്ഥമായി ഒരു കാര്യം പറഞ്ഞാല്‍ മമ്മൂട്ടിയുടെ കണ്ണ് നിറയും.

ഒരാള്‍ക്ക് കരയാന്‍ സാധിക്കുക എന്ന് പറയുന്നത് വലിയ ഒരു ഗുണമാണ്. വളരെ പെട്ടെന്ന് വേദന സ്പര്‍ശിക്കുന്ന ഒരാളാണ്. അത് കൊണ്ടാണ് പുറമെ ബോധപൂര്‍വ്വമല്ലെങ്കിലും ഓരോ സ്ഥലത്തും മമ്മൂട്ടിയുടെ ഒരു ടച്ചുണ്ടാവും. ഒരു പുതിയ സംവിധായകന്‍ നല്ല കഴിവുള്ളവനാണ് എന്ന് തോന്നിയാല്‍ മമ്മൂക്ക അയാളെ തിരഞ്ഞെടുക്കും,” സത്യന്‍ അന്തിക്കാട് കൂട്ടിച്ചേര്‍ത്തു.

Content Highlight: sathyan anthikkad about the shooting experience of Artham movie with mammootty and jayaram