സന്ദേശം എന്ന സിനിമയുടെ സെക്കന്റ് വേര്‍ഷന്‍ എടുക്കാന്‍ ചിന്തിച്ചിരുന്നെന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. സെക്കന്റ് പാര്‍ട്ടല്ല ഉദ്ദേശിച്ചതെന്നും അത് സന്ദേശം എന്ന ചിത്രത്തോടെ തീര്‍ന്നെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു പൊളിറ്റിക്കല്‍ സറ്റയര്‍ ചെയ്യണമെന്ന് ഞാനും ശ്രീനിവാസനും കുറച്ച് വര്‍ഷങ്ങളായി ആലോചിക്കുന്നുണ്ട്. അതിന്റെ കുറേ മെറ്റീരിയല്‍സും ഉണ്ട്. എന്നാല്‍ ഇപ്പോള്‍ അക്കാര്യത്തില്‍ ചെറിയൊരു സംശയം ഉണ്ട്. കാരണം സന്ദേശം ഇറങ്ങിയ കാലത്തുള്ള ഒരു സഹിഷ്ണുത ഇപ്പോള്‍ ഓഡിയന്‍സിനുണ്ടോ എന്ന് സംശയമാണ്.
ഇന്ന് നമുക്ക് ഒരുപാട് കാര്യങ്ങള്‍ നോക്കാനുണ്ട്. മതം, രാഷ്ട്രീയം ഇതിലൊക്കെ അന്ധമായി വിശ്വസിക്കുന്ന ആളുകള്‍ ഒരു സറ്റയറിനെ സറ്റയറായി കണ്ടില്ലെന്ന് വരും. സന്ദേശത്തിന് ഇപ്പോഴും, 32 കൊല്ലത്തിന് ശേഷവും അന്ന് ജനിച്ചിട്ടില്ലാത്തവര്‍ വരെ, അന്ധമായി ഒരു വിഭാഗത്തെ സപ്പോര്‍ട്ട് ചെയ്യുന്നവര്‍ തെറി പറയുന്നുണ്ടല്ലോ.
സന്ദേശം അരാഷ്ട്രീയ സിനിമയാണെന്ന് വലിയ പ്രചരണം നടക്കുന്നു. ഇത് അന്ന് തൊട്ടേ ഉണ്ട്. പല രീതിയില്‍ ഇതിനെ തള്ളിക്കളയാന്‍ ശ്രമിക്കുമ്പോഴും സന്ദേശത്തിന് പ്രസക്തി കൂടുകയാണ്. അണികളുടെ കഥയാണ് സന്ദേശം. അതില്‍ ഒരു പഞ്ചായത്ത് മെമ്പര്‍ പോലും ഇല്ല. ഒരു പാര്‍ട്ടിയുടെ മണ്ഡലം പ്രസിഡന്റാണ് ഏറ്റവും വലിയ നേതാവ്, പൊതുവാള്‍ എന്ന മാമുക്കോയ.
രാഷ്ട്രീയം എന്തെന്നറിയാതെ അതിലേക്ക് എടുത്തുചാടിയവരുടെ കഥയാണ്. അവരോട് തിലകന്‍ പറയുന്നുണ്ട്. ഇതല്ല രാഷ്ട്രീയം, രാഷ്ട്രീയം നല്ലതാണ്. അത് നല്ല ആളുകള്‍ ചെയ്യുമ്പോള്‍ എന്ന് പറയുന്നതാണ് അതിലെ സത്യസന്ധമായ സംഗതി. പക്ഷേ ആളുകള്‍ ഇപ്പോഴും പറയുന്നത് അത് അരാഷ്ട്രീയ വാദമാണെന്നാണ്.
സിനിമ ഇറങ്ങിയപ്പോള്‍ ഒരുപാട് ഊമക്കത്തുക്കള്‍ ലഭിച്ചു. അത് വെച്ച് നോക്കുമ്പോള്‍ ഇപ്പോഴത്തെ സോഷ്യല്‍ മീഡിയയുടെ അറ്റാക്ക് ഒന്നും ഒന്നുമല്ല. നല്ല പച്ചത്തെറികള്‍ വരും. ഊമക്കത്താണല്ലോ. ശ്രീനിയും ഞാനും ഒരുമിച്ചാണ് കത്ത് വായിക്കുക. എഴുതുന്ന എഴുത്തുകാരന്റെ എക്‌സ്പ്രഷനില്‍ ശ്രീനിവാസന്‍ കത്ത് വായിക്കും. ‘ എടാ പട്ടീ, നിനക്ക് നാണമുണ്ടോ ഡാ എന്ന് ചോദിച്ചൊക്കെയാണ് കത്ത്. ഇത് വായിച്ച് ഞങ്ങള്‍ ചിരിച്ചുമറിയും. ഇപ്പോഴും ഞങ്ങള്‍ക്ക് ഇത് തമാശയാണ്.
സന്ദേശം അരാഷ്ട്രീയവാദമാണെന്നും അതില്‍ ഒരു മണ്ണാങ്കട്ടയും ഇല്ലെന്ന് ചിലര്‍ പറയുമ്പോള്‍ ഞങ്ങള്‍ ഹാപ്പിയാണ്. കാരണം ആ സിനിമ ഞങ്ങളില്‍ നിന്ന് പോയിക്കഴിഞ്ഞു. അത് അന്ന് ചെയ്തുകഴിഞ്ഞതാണ്, സത്യന്‍ അന്തിക്കാട് പറഞ്ഞു.
മലയാള സിനിമയിലെ ചില നിരൂപകര്‍ ചില തിരക്കഥയുമായി തന്റെ അടുത്ത് വന്നിട്ടുണ്ടെന്നും ഒട്ടും കൊള്ളാത്ത കഥകളായതുകൊണ്ട് അത് തന്റെ കൈയില്‍ തന്നെ ഉണ്ടെന്നും അവരില്‍ ചിലര്‍ പിന്നീട് തന്നെ വിമര്‍ശിച്ച് ചാനലുകളില്‍ വന്നിട്ടുണ്ടെന്നും അഭിമുഖത്തില്‍ സത്യന്‍ അന്തിക്കാട് പറഞ്ഞു.
Content Highlight: Sathyan Anthikkad about Sandesham Movie controversy and 2nd part