ശ്രീനി സിഗരറ്റും വലിച്ചിരിക്കുകയാണ്, ഒരു കടലാസ് മാത്രം മേശപ്പുറത്ത് കിടക്കുന്നു; എനിക്കാണെങ്കില്‍ ദേഷ്യം വന്നു, പക്ഷേ ആ വാക്കുകള്‍ എന്റെ കണ്ണുനനയിച്ചു: സത്യന്‍ അന്തിക്കാട്
Entertainment news
ശ്രീനി സിഗരറ്റും വലിച്ചിരിക്കുകയാണ്, ഒരു കടലാസ് മാത്രം മേശപ്പുറത്ത് കിടക്കുന്നു; എനിക്കാണെങ്കില്‍ ദേഷ്യം വന്നു, പക്ഷേ ആ വാക്കുകള്‍ എന്റെ കണ്ണുനനയിച്ചു: സത്യന്‍ അന്തിക്കാട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 6th May 2022, 2:06 pm

സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തിന്‍ 1986ല്‍ പുറത്തിറങ്ങിയ എവര്‍ഗ്രീന്‍ സൂപ്പര്‍ ഹിറ്റ് ചിത്രമാണ് സന്മനസ്സുള്ളവര്‍ക്ക് സമാധാനം. ശ്രീനിവാസനായിരുന്നു ചിത്രത്തിന് തിരക്കഥ എഴുതിയത്. മോഹന്‍ലാല്‍, കാര്‍ത്തിക, ശ്രീനിവാസന്‍, കെ.പി.എ.സി ലളിത, എം.ജി. സോമന്‍, തിലകന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിച്ചത്.

ചിത്രം പിന്നീട് തമിഴില്‍ ‘ഇല്ലം’ എന്ന പേരിലും, തെലുങ്കില്‍ ‘ദോങ്ക കൊല്ലു’ എന്ന പേരിലും, ഹിന്ദിയില്‍ ‘യേ തേരാ ഘര്‍ യാ മേരാ ഘര്‍’ എന്ന പേരിലും, കന്നഡയില്‍ ‘യാര്‍ദോ ദുഡ്ഡു യെല്ലമ്മന ജാത്രേ എന്ന പേരിലും റീമേക്ക് ചെയ്തിരുന്നു.

സന്മനസ്സുള്ളവര്‍ക്ക് സമാധാനം സിനിമയിലെ ഇമോഷണല്‍ സീനുകളെല്ലാം പ്രേക്ഷകരുടെ മനസില്‍ തട്ടിയതായിരുന്നു. ചിത്രത്തിലെ വീട് ജപ്തി ചെയ്യുമ്പോളുള്ള ഇമോഷണല്‍ ഡയലോഗുകളെ കുറിച്ച് പറയുകയാണ് സത്യന്‍ അന്തിക്കാട്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡയലോഗുകള്‍ മുന്‍കൂട്ടി എഴുതാറില്ലെന്നും, ജപ്തി ചെയ്യുന്ന സീനിലെ ശ്രീനിവാസന്റെ ഡയലോഗ് വായിച്ചപ്പോള്‍ തന്റെ കണ്ണ് നിറഞ്ഞ് പോയെന്നും പറയുകയാണ് സത്യന്‍ അന്തിക്കാട്.

”ശ്രീനിവാസനും ഞാനും വര്‍ക്ക് ചെയ്യുന്ന സമയത്ത് പലപ്പോഴും തിരക്കഥ മാത്രമാണ് ഉണ്ടാകാറുള്ളത്. ഡയലോഗുകള്‍ എഴുതിയിട്ടുണ്ടാവില്ല. ഞങ്ങള്‍ രണ്ട് പേരും ചര്‍ച്ച ചെയ്ത് സ്‌ക്രിപ്റ്റ് എഴുതിയ പോലെ തന്നെ മനസില്‍ അതിന്റെ ബിംബങ്ങളും ഉണ്ടാകും. സന്ദേശം എന്ന സിനിമയില്‍ പോളണ്ടിനെ പറ്റി പറയുന്ന സീനൊക്കെ അവിടെ ഇരുന്ന് എഴുതിയതാണ്.

ഈ സിനിമയിലെ ജപ്തി ചെയ്യുന്ന സീന്‍ വലിയ ഒരു സീക്വന്‍സാണ്. അതായത് മോഹന്‍ലാല്‍ കടന്ന് വരുമ്പോള്‍ വീട് ജപ്തി ചെയ്യുന്നത് കാണുന്നു. അവിടെ ജപ്തി ചെയ്യുന്ന വ്യക്തിയായി ഇന്നസെന്റുണ്ട്, അമ്മയുമുണ്ട്. അത് വലിയ ഒരു സീക്വന്‍സാണ്. അന്ന് വൈകുന്നേരം ശ്രീനിക്ക് ഷൂട്ടില്ല. നിങ്ങള്‍ പകല്‍ സമയം ഇരുന്ന് സീന്‍ എഴുത്, നാളെ രാവിലെ ഏഴ് മണിക്ക് ഷൂട്ടിംഗ് തുടങ്ങണം, ഞാന്‍ രാത്രി വന്ന് സീന്‍ വായിച്ചോളാം എന്ന് ശ്രീനിയോട് പറഞ്ഞു. ഞാന്‍ എഴുതിക്കോളാം എന്ന് പുള്ളിയും പറഞ്ഞു,” സത്യന്‍ അന്തിക്കാട് പറഞ്ഞു.

”അഞ്ചെട്ട് പേജുള്ള ഒരു സീന്‍ വരാന്‍ പോകുന്നു എന്നായിരുന്നു എന്റെ വിചാരം. അന്നത്തെ ഷൂട്ടിംഗ് പാക്കപ്പ് ചെയ്ത് രാത്രി റൂമില്‍ പോയി കുളിച്ച് ഞാന്‍ ശ്രീനിയുടെ അടുത്തേക്ക് സീന്‍ വാങ്ങിക്കാന്‍ ചെന്നപ്പോള്‍ ശ്രീനി വളരെ കൂളായി സിഗരറ്റ് വലിച്ച് ഇരിക്കുകയാണ്. ഒരു കട്ടന്‍ ചായയുമുണ്ട്. ഞാന്‍ മേശപ്പുറത്ത് നോക്കുമ്പോള്‍ ഒരു ഷീറ്റ് പേപ്പര്‍ മാത്രം അവിടെ കിടക്കുന്നുള്ളു. ഞാന്‍ എല്ലായിടത്തും നോക്കുമ്പോഴും സീന്‍സ് കാണാനില്ല. സാധാരണ ശ്രീനി എഴുതുന്ന പേപ്പറുകളൊക്കെ അവിടെ തന്നെ ഉണ്ടാകാറുണ്ട്.

സീന്‍ എഴുതിയില്ലേ എന്ന് ചോദിച്ചപ്പോള്‍, സീനായിട്ട് എഴുതിയില്ല എന്ന് ശ്രീനി പറഞ്ഞു. എനിക്ക് ദേഷ്യം വന്നു. കാരണം, നാളെ കാലത്ത് ഷൂട്ടിംഗ് പ്ലാന്‍ ചെയ്ത് കഴിഞ്ഞു. സീനിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും ജപ്തി ചെയ്ത് കൊണ്ടുപോകുന്ന സാധനങ്ങളുമെല്ലാം ലൊക്കേഷനില്‍ എത്തും. കാലത്ത് ഏഴ് മണിക്ക് മോഹന്‍ലാലിനോടും ഇന്നസെന്റിനോടുമൊക്കെ വരാന്‍ പറഞ്ഞ് കഴിഞ്ഞു. അപ്പോഴാണ് സീന്‍ എഴുതിയില്ല എന്ന് ശ്രീനി പറയുന്നത്.

എന്ത് കൊണ്ട് എഴുതിയില്ല എന്ന് ചോദിച്ചപ്പോള്‍, എഴുതാന്‍ പറ്റിയില്ല എന്നായിരുന്നു ശ്രീനിയുടെ മറുപടി. എന്ത് പറ്റി എന്ന് ഞാന്‍ ചോദിച്ചു. ആ പേപ്പറില്‍ ഞാന്‍ ഡയലോഗ് പോലെ കുറച്ച് നോട്ട്സ് എഴുതി വെച്ചിട്ടുണ്ട് അത് എടുത്ത് നോക്ക്. ഇതിന്റെ സീന്‍ എഴുതാന്‍ പോയപ്പോള്‍ എന്റെ അമ്മയെയും വീടിനെയും ഓര്‍മ വന്നു. അച്ഛന്‍ ഒരു ബസ് വാങ്ങിച്ച് പൊളിഞ്ഞ് വീട് ജപ്തി ചെയ്യുന്ന സമയത്ത് എന്റെ അമ്മ എന്നോട് പറഞ്ഞ ഒരു വാചകമാണ് ഞാന്‍ എഴുതി വെച്ചത്, എന്ന് ശ്രീനി എന്നോട് പറഞ്ഞു. അത് വായിച്ചപ്പോള്‍ എന്റെ കണ്ണ് നിറഞ്ഞ് പോയി.

കടക്കാരാരുമില്ലാത്ത ഒരിടത്തേക്ക് പോകാം മോനെ എന്നായിരുന്നു ഒരു ഡയലോഗ്. പറമ്പ് കിളയ്ക്കാന്‍ വരുന്ന പണിക്കാരോട് അവിടെ കിളയ്ക്കരുത് എന്ന് പറയണം. എപ്പോഴെങ്കിലും തിരിച്ച് വരുമ്പോള്‍ അച്ഛനെയും അമ്മയെയും ദഹിപ്പിച്ച സ്ഥലത്ത് പോകാമല്ലോ എന്നായിരുന്നു അടുത്തത്. ഇത് പോലുള്ള രണ്ടുമൂന്ന് കുറിപ്പുകള്‍ മാത്രമാണ് എഴുതിയത്. ഇനി ഒന്നും എഴുതണ്ട, ഇത് മതി, ബാക്കി ഷൂട്ട് ചെയ്തോളാം എന്ന് ഞാന്‍ പറഞ്ഞു. ശ്രീനിയുടെ ജീവിതത്തില്‍ നടന്ന ഒരു സന്ദര്‍ഭം അവനെ സ്വാധീനിച്ചപ്പോള്‍ ഉണ്ടായതാണ്. പകല്‍ സമയം, ജപ്തി നടക്കുന്നു എന്നൊന്നും ശ്രീനി എഴുതിയില്ല. ആ വരികള്‍ മാത്രമാണ് എഴുതിയത്.

ആ സീന്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ ഞങ്ങള്‍ ഷൂട്ട് ചെയ്തു. ആ സീനില്‍ ആ മൂന്ന് ഡയലോഗുകള്‍ മാത്രമേയുള്ളു. പക്ഷേ ഗംഭീര സീനായിരുന്നു അത്. ഇപ്പോഴും ആ സീനിന് ഭയങ്കര ഫീലാണ്,”സത്യന്‍ അന്തിക്കാട് കൂട്ടിച്ചേര്‍ത്തു.

Content Highlight: Sathyan Anthikad about Sanmanassullavarkku Samadhanam movie and the experience with Sreenivasan