ഭോപ്പാൽ: കുഴൽക്കിണറുമായി ബന്ധപ്പെട്ട തർക്കവുമായി ബന്ധപ്പെട്ട് മധ്യപ്രദേശിൽ പഞ്ചായത്ത് പ്രസിഡന്റും കുടുംബവും ദളിത് യുവാവിനെ അടിച്ച് കൊന്നതായി റിപ്പോർട്ട്.
മധ്യപ്രദേശിലെ ശിവപുരി ജില്ലയിലാണ് 30 കാരനെ വടിയും ഉപയോഗിച്ച് മർദിച്ച് കൊലപ്പെടുത്തിയത്. ഇരയായ നാരദ് ജാതവ് ചൊവ്വാഴ്ച വൈകുന്നേരം ഇൻദർഗഢ് ഗ്രാമത്തിലെ മാതൃസഹോദരൻ്റെ വീട് സന്ദർശിക്കാൻ എത്തിയതായിരുന്നു.
ഗ്രാമത്തിലെ സർപഞ്ചും കുടുംബവും ചേർന്നാണ് ആക്രമണം നടത്തിയത്. കുഴൽക്കിണറിന്റെയും വീട്ടിലേക്കുള്ള വഴിയുടെയും പേരിലാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
വൈകുന്നേരം 4 മണിയോടെ കുഴൽക്കിണർ പൈപ്പ് ലൈനുമായി ബന്ധപ്പെട്ട് വഴക്കുണ്ടാവുകയായിരുന്നു. പൈപ്പ് നാരദ് നീക്കം ചെയ്തതിനെ ചൊല്ലിയുണ്ടായ തർക്കം പ്രതികളുമായി വാക്കേറ്റത്തിലേക്ക് നയിച്ചു. തുടർന്ന് സർപഞ്ച് പദം ധക്കാട്, സഹോദരൻ മോഹർ പാൽ ധക്കാട്, മകൻ അങ്കേഷ് ധക്കാട്, മറ്റ് കുടുംബാംഗങ്ങൾ എന്നിവർ നാരദിനെ വളഞ്ഞിട്ട് ആക്രമിക്കാൻ ആക്രമിക്കുകയായിരുന്നു. നാരദ് മരണത്തിന് കീഴടങ്ങുന്നത് വരെ അക്രമികൾ മർദിച്ചുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
ജാതവിന്റെ കൊലപാതകം ആസൂത്രിതമാണെന്ന് കുടുംബം ആരോപിച്ചു. വർഷങ്ങളായി ഇരു കുടുംബങ്ങൾ തമ്മിൽ തർക്കമുണ്ടെന്നും ഇതിന് പിന്നാലെയാണ് ജാതവിന്റെ കൊലപാതകമെന്നും കുടുംബം പറഞ്ഞു.
സംഭവത്തിൻ്റെ ഒരു വീഡിയോ ബുധനാഴ്ച വൈറലായിരുന്നു. ഒന്നിലധികം ആളുകൾ ജാതവിനെ ആവർത്തിച്ച് ആക്രമിക്കുന്നത് വീഡിയോയിൽ കാണാം. ജാതവിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ജില്ലാ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
കൊലപാതകം പുറത്തുവന്നതിന് പിന്നാലെ, ബി.ജെ.പി സംസ്ഥാനത്തെ നിയമലംഘനത്തിലേക്ക് തള്ളിവിട്ടെന്ന് കോൺഗ്രസ് ഭരണകക്ഷിയായ ബി.ജെ.പിയെ കടന്നാക്രമിച്ചു. ‘ഒരു വശത്ത് രാജ്യം മുഴുവൻ ഭരണഘടനാ ദിനം ആഘോഷിക്കുന്നു, ജനങ്ങൾ ബാബാ സാഹിബ് അംബേദ്കറുടെ ആശയങ്ങളെക്കുറിച്ച് സംസാരിക്കുന്നു, മറുവശത്ത്, ബിജെപി ഭരണത്തിന് കീഴിൽ ഒരു ദളിത് സഹോദരനെ തല്ലിക്കൊന്നു,’ കോൺഗ്രസ് പറഞ്ഞു.
Content Highlight: Sarpanch, his family ‘beat Dalit man to death’ over borewell dispute in Madhya Pradesh village