കൊച്ചി: വിഴിഞ്ഞം ട്രയല്‍ റണ്‍ ഉദ്ഘാടന വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച ദിവ്യ.എസ്.അയ്യര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ കണ്‍വീനർ ഡോ. സരിന്. ‘വന്‍കിട പദ്ധതികള്‍ എല്ലാം കടലാസില്‍ ഒതുങ്ങുന്ന കാലഘട്ടം ഇന്ന് മറന്നിരിക്കുന്നു,’ എന്നായിരുന്നു പ്രസംഗത്തിൽ ദിവ്യ.എസ്. അയ്യർ പറഞ്ഞത്.
ഇത് സോഷ്യൽ മീഡിയയിൽ വ്യാപകമായി വൈറലായിരുന്നു. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് വന്നു കൊണ്ടിരിക്കുന്നത്.
ഇതിനിടെയാണ് ദിവ്യ.എസ്.അയ്യര്‍ക്കെതിരെ വിമര്‍ശനവുമായി സരിന് രംഗത്തു വരുന്നത്. ഫേസ്ബുക്കിലൂടെയായിരുന്നു സരിന്റെ വിമർശനം. പ്രിയപ്പെട്ട ദിവ്യ എന്ന് പറഞ്ഞാണ് പോസ്റ്റ് ആരംഭിക്കുന്നത്.
‘പ്രിയപ്പെട്ട ദിവ്യ, കടലാസിൽ ഒതുങ്ങാതെ പുറം ലോകം കണ്ട ഒട്ടനവധി പദ്ധതികൾ ഈ കേരളത്തിൽ മുമ്പും നടപ്പിലാക്കിയിട്ടുണ്ട്. ലിസ്റ്റ് ഞാനായിട്ട് പറയുന്നില്ല.
ഒന്ന് മാത്രം പറയാം, മുൻപും മിടുക്കരായ ഐ.എ.എസ് ഉദ്യോഗസ്ഥർ കേരളത്തിൽ പണിയെടുത്തിട്ടുണ്ട്. അവരോട് ചോദിച്ച് നോക്കിയാൽ മതി പറഞ്ഞു തരും, കേരളത്തെ നയിച്ച ദീർഘവീക്ഷണമുള്ള മുഖ്യമന്ത്രിമാരുടെ പേരുകൾ. പ്രായവും അനുഭവവും ചെറുതായതുകൊണ്ടാണ് ഇത്തരം ധാരണപിശകുകൾ ഉണ്ടാകുന്നത്. തിരുത്തുമല്ലോ,’ എന്നായിരുന്നു പോസ്റ്റ്.
മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന് കൂടിയാണ് സരിന്. ‘ഇങ്ങനെ പുകഴ്ത്തി പറയാതിരിക്കാമല്ലോ. പറയാതിരിക്കാം എന്നല്ല ഞാന്‍ പറഞ്ഞത്. പറയേണ്ടത് മാത്രം പറഞ്ഞാല്‍ മതിയല്ലോ എന്നാണ് പറഞ്ഞത്.