Kerala News
സര്‍ഫാസി നിയമപ്രകാരം ജപ്തിചെയ്ത് പുറത്താക്കപ്പെട്ട വീട്ടിലേക്ക് വീട്ടമ്മയെ തിരികെ പ്രവേശിപ്പിച്ച് 'ദി പീപ്പിള്‍' പ്രവര്‍ത്തകര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Jul 27, 03:10 pm
Saturday, 27th July 2019, 8:40 pm

വടകര: സര്‍ഫാസി നിയമപ്രകാരം സിന്‍ഡിക്കേറ്റ് ബാങ്ക് ജപ്തി ചെയ്ത് പുറത്താക്കപ്പെട്ടപ്പെട്ട വീട്ടിലേക്ക് വീട്ടമ്മയെ തിരികെ പ്രവേശിപ്പിച്ച് ‘ദി പീപ്പിള്‍’ പ്രവര്‍ത്തകര്‍.
ബാങ്ക് വീട് ജപ്തി ചെയ്തതിനെ തുടര്‍ന്ന് പെരുവഴിയിലായ കല്ലാച്ചി പാറയുള്ളതില്‍ പ്രേമയെയാണ് വീടിന്റെ പൂട്ടുകള്‍ തകര്‍ത്ത് പ്രവര്‍ത്തകര്‍ തിരികെ പ്രവേശിപ്പിച്ചത്. പ്രേമയുടെ ഭര്‍ത്താവ് ഒന്‍പത് വര്‍ഷം മുന്‍പ് മരണപ്പട്ടിരുന്നു.

എന്നാല്‍ ഇതിനുമുന്‍പ് ഇളയമകന്‍ ബിജു അനധികൃതമായി അച്ഛനില്‍ നിന്ന് രേഖ ഒപ്പിടിച്ച് വാങ്ങി വീടും സ്ഥലവും കൈവശപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രേമയുടെ ആരോപണം. ഇരുനില വീടും 12 സെന്റ് സ്ഥലവും പണയപ്പെടുത്തി സിന്‍ഡിക്കേറ്റ് ബാങ്കിന്റെ ഓര്‍ക്കാട്ടേരി ശാഖയില്‍ നിന്നും 25 ലക്ഷം രൂപ വായ്പയെടുക്കുകയായിരുന്നെന്നും പ്രേമ പറയുന്നു.

8 വര്‍ഷമായി വായ്പ തിരിച്ചടച്ചടക്കാത്തതിനാല്‍ സര്‍ഫാസി നിയമ പ്രകാരം ബാങ്ക് വീട് ജപ്തി ചെയ്യുകയായിരുന്നു. ജൂലൈ 8 നാണ് വീട് ജപ്തി ചെയ്തത്. തുടര്‍ന്ന് ബന്ധുവീട്ടിലായിരുന്നു പ്രേമയുടെ താമസം.

പിന്നീടായിരുന്നു ദി പീപ്പിള്‍ സംഘടനയുടെ പ്രവര്‍ത്തകര്‍ ഇടപെട്ട് പ്രേമയെ തിരികെ പ്രവേശിപ്പിച്ചത്. അഡ്വ: വി.ടി പ്രദീപ് കുമാര്‍, പുഷ്പവല്ലി കടലുണ്ടി, കെ.ടി വീരജ് കോഴിക്കോട്, മൊയ്തു കണ്ണങ്കോട്, സുരേഷ് ബാബു, ഷിബുരാജ് ഇരിങ്ങണ്ണൂര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു ഇതിന് നേതൃത്വം നല്‍കിയത്. വാര്‍ഡു മെമ്പറുടെ നേതൃത്വത്തില്‍ വിവിധ രാഷ്ട്രീയ പ്രതിനിധികളും ഉണ്ടായിരുന്നു.