Sports News
സെമി ഫൈനലില്‍ ആ നാല് ടീമുകള്‍ എത്തും, 2017ലെ ടീം നോക്കുമ്പോള്‍ പാകിസ്ഥാന്‍ ശക്തമല്ല; തുറന്ന് പറഞ്ഞ് സര്‍ഫറാസ് അഹമ്മദ്
സ്പോര്‍ട്സ് ഡെസ്‌ക്
2025 Feb 18, 03:23 am
Tuesday, 18th February 2025, 8:53 am

കിക്കറ്റ് ലോകം ഉറ്റുനോക്കുന്ന ചാമ്പന്യന്‍സ് ട്രോഫിക്ക് മണിക്കൂറുകള്‍ എണ്ണിയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ദുബായിലും പാകിസ്ഥാനിലുമായാണ് ടൂര്‍ണമെന്റ് നടക്കുക. ഇതോടെ എല്ലാ ടീമും വമ്പന്‍ തയ്യാറെടുപ്പിലാണ്. ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ പാകിസ്ഥാനും ന്യൂസിലാന്‍ഡുമാണ് ഏറ്റുമുട്ടുക. 2017ല്‍ ചാമ്പ്യന്‍സ് ട്രോഫി സ്വന്തമാക്കിയ പാകിസ്ഥാന്‍ ഏറെ പ്രതീക്ഷയോടെയാണ് സ്വന്തം തട്ടകത്തില്‍ മത്സരങ്ങള്‍ക്ക് തയ്യാറെടുക്കുന്നത്.

എ, ബി എന്നിങ്ങനെ രണ്ട് ഗ്രൂപ്പുകളിലായി ടൂര്‍ണമെന്റ് നടക്കുന്നത്. ബംഗ്ലാദേശ്, ഇന്ത്യ, ന്യൂസിലാന്‍ഡ്, പാകിസ്ഥാന്‍ എന്നിവരാണ് എ ഗ്രൂപ്പിലുള്ളത്. ഇത്തവണ ചാമ്പ്യന്‍സ് ട്രോഫിയില്‍ കടുത്ത പോരാട്ടങ്ങള്‍ക്കായിരിക്കും ആരാധകര്‍ സാക്ഷ്യം വഹിക്കേണ്ടി വരിക. ഇതോടെ ആരൊക്കെയാകും സെമി ഫൈനല്‍ ലിസ്റ്റില്‍ കയറുക എന്ന് പറയുകയാണ് മുന്‍ പാകിസ്ഥാന്‍ താരം സര്‍ഫറാസ് അഹമ്മദ്.

തന്റെ കാഴ്ചപ്പാടില്‍ പാകിസ്ഥാന്‍, ഇന്ത്യ, അഫ്ഗാനിസ്ഥാന്‍, ഓസ്ട്രേലിയ എന്നിവരാണ് സെമി ഫൈനലിലേക്ക് കടക്കാന്‍ ഏറ്റവും സാധ്യതയുള്ള നാല് ടീമുകളെന്നാണ് സര്‍ഫറാസ് പറഞ്ഞത്.

കടുപ്പമേറിയ ഗ്രൂപ്പിലാണ് പാകിസ്ഥാനെന്നും എന്നാല്‍ സ്വന്തം മണ്ണില്‍ ടീമിന് കൂടുതല്‍ വിജയ സാധ്യത ഉണ്ടെന്നും എന്നാല്‍ 2017ല്‍ ചാമ്പ്യന്‍സ് ട്രോഫി നേടിയ ടീമുമായി താരതമ്യപ്പെടുത്തുകയാണെങ്കില്‍ പേപ്പറില്‍ മാത്രമാണ് നിലവിലെ പാക് ടീം ശക്തമെന്നും സര്‍ഫറാസ് പറഞ്ഞു.

‘നമുക്കറിയാവുന്നതുപോലെ പാകിസ്ഥാന്റെ ഗ്രൂപ്പ് വളരെ കടുപ്പമേറിയതാണ്. എന്നിരുന്നാലും എന്റെ കാഴ്ചപ്പാടില്‍ പാകിസ്ഥാന്‍, ഇന്ത്യ, അഫ്ഗാനിസ്ഥാന്‍, ഓസ്ട്രേലിയ എന്നിവയാണ് സെമി ഫൈനലിലേക്ക് കടക്കാന്‍ ഏറ്റവും സാധ്യതയുള്ള നാല് ടീമുകള്‍.

അവര്‍ മികവ് പുലര്‍ത്തുമെന്ന് തോന്നുന്നു, സ്വന്തം മണ്ണില്‍ കളിക്കുന്നത് അവര്‍ക്ക് ഗണ്യമായ നേട്ടവും ഉണ്ടാകും. അവര്‍ക്ക് സാഹചര്യങ്ങളെക്കുറിച്ച് പരിചയമുണ്ട്, ആ അറിവ് നിര്‍ണായകമായിരിക്കും. 2017 ലെ ചാമ്പ്യന്‍സ് ട്രോഫി ജേതാക്കളായ ടീമുമായി ഈ ടീമിനെ താരതമ്യം ചെയ്യുമ്പോള്‍, നിലവിലെ ഈ നിര കടലാസില്‍ കൂടുതല്‍ ശക്തമാണെന്ന് തോന്നുന്നു,’ സര്‍ഫറാസ് അഹമ്മദ് പറഞ്ഞു.

Content Highlight: Sarfaraz Ahammad Talking About Semi Finalist’s Of 2025 Champions Trophy