മലയാളത്തിലെ മുന്‍നിര നിര്‍മാതാക്കളില്‍ ഒരാളാണ് സന്തോഷ് ടി. കുരുവിള. ആഷിക് അബു സംവിധാനം ചെയ്ത ഡാ തടിയാ എന്ന ചിത്രത്തിന്റെ സഹനിര്‍മാതാവായാണ് അദ്ദേഹം സിനിമാലോകത്തേക്ക് കടന്നുവന്നത്. പിന്നീട് നിരവധി മികച്ച സിനിമകളുടെ നിര്‍മാണത്തിന്റെ ഭാഗമാകാന്‍ സന്തോഷ് ടി. കുരുവിളക്ക് സാധിച്ചിരുന്നു
2016ല്‍ ദിലീഷ് പോത്തന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മഹേഷിന്റെ പ്രതികാരം എന്ന സിനിമയുടെ നിര്‍മാതാക്കളില്‍ ഒരാളായിരുന്നു അദ്ദേഹം. ആഷിക് അബുവും സന്തോഷ് ടി. കുരുവിളയും ഒന്നിച്ചായിരുന്നു ഈ സിനിമ നിര്‍മിച്ചത്. മഹേഷിന്റെ പ്രതികാരത്തില്‍ ടൈറ്റില്‍ റോളില്‍ എത്തിയത് ഫഹദ് ഫാസിലായിരുന്നു.
ഇപ്പോള്‍ ജിഞ്ചര്‍ മീഡിയ എന്റര്‍ടൈമെന്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ മഹേഷിന്റെ പ്രതികാരത്തെ കുറിച്ച് സംസാരിക്കുകയാണ് സന്തോഷ് ടി. കുരുവിള. തങ്ങള്‍ക്ക് ഒരു ടെന്‍ഷനും തരാത്ത സിനിമയായിരുന്നു അതെന്നാണ് അദ്ദേഹം പറയുന്നത്. വളരെ ഈസിയായി തന്നെ മഹേഷിന്റെ പ്രതികാരം ചെയ്യാനായെന്നും ദീലീഷ് പോത്തന്‍ ഒരു അസാമാന്യ സംവിധായകനാണെന്നും സന്തോഷ് ടി. കുരുവിള അഭിമുഖത്തില്‍ പറയുന്നു.
‘മഹേഷിന്റെ പ്രതികാരം നമുക്ക് ഒരു ടെന്‍ഷനും തരാത്ത സിനിമയായിരുന്നു. വളരെ ഈസിയായിട്ട് ആ ചിത്രം ചെയ്യാനായി. പിന്നെ പ്രൊഡക്ഷനില്‍ ആഷിക്കും ഉണ്ടായിരുന്നു. ദിലീഷ് നമ്മളുടെ കൂടെ എല്ലാ സിനിമയിലും അസോസിയേറ്റ് ഡയറക്ടറായിട്ട് ഉണ്ടായിരുന്നു. ദീലീഷ് ഒരു അസാമാന്യ സംവിധായകനല്ലേ,’ സന്തോഷ് ടി. കുരുവിള പറയുന്നു.
ഇനി ദിലീഷ് പോത്തനുമായി ഒന്നിച്ചുള്ള സിനിമ എന്നാകും എന്ന ചോദ്യത്തിന് താന്‍ അദ്ദേഹത്തെ കാണുമ്പോഴൊക്കെ ആ ചോദ്യം ചോദിക്കാറുണ്ടെന്നാണ് മറുപടി നല്‍കിയത്. അവര്‍ക്ക് ഇപ്പോള്‍ സ്വന്തമായി ഒരു പ്രൊഡക്ഷന്‍ കമ്പനിയൊക്കെയായ സ്ഥിതിക്ക് ചോദിച്ചിട്ട് കാര്യമില്ലല്ലോയെന്നും സന്തോഷ് ടി. കുരുവിള പറഞ്ഞു.
Content Highlight: Santhosh T Kuruvila Talks About Maheshinte Prathikaram Movie