Film News
ഷൂട്ടിന് ഒരാഴ്ച മുമ്പ് മമ്മൂട്ടി ചിത്രത്തില്‍ നിന്നും രഞ്ജിത്ത് പിന്മാറി, അസിസ്റ്റന്റ് ഡയറക്ടര്‍ സംവിധായകനായത് ഉച്ചക്ക്: സന്തോഷ് ദാമോദരന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Apr 15, 06:07 pm
Saturday, 15th April 2023, 11:37 pm

മമ്മൂട്ടിയുടെ കരിയര്‍ ബെസ്റ്റ് ചിത്രങ്ങളിലൊന്നാണ് രാജമാണിക്യം. തിരുവനന്തപുരം സ്ലാങ് പിടിച്ച് കോമഡി ട്രാക്കില്‍ പോയ ചിത്രത്തിന് ഇന്നും വലിയ ഫാന്‍ ബേസ് തന്നെയുണ്ട്. സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ അന്‍വര്‍ റഷീദിന്റെ ആദ്യ ചിത്രം കൂടിയായിരുന്നു രാജമാണിക്യം.

ചിത്രത്തിന്റെ സംവിധാനത്തിലേക്ക് അന്‍വര്‍ റഷീദ് എത്തിച്ചേര്‍ന്ന കഥ പറയുകയാണ് നിര്‍മാതാവും നടനുമായ സന്തോഷ് ദാമോദരന്‍. ആദ്യം സംവിധായകനായിരുന്ന രഞ്ജിത്തിന്റെ പിന്മാറ്റത്തെ തുടര്‍ന്ന് ഒരു ഉച്ചസമയത്താണ് അസിസ്റ്റന്റ് ഡയറക്ടറായിരുന്ന അന്‍വറിനെ സംവിധായകനാക്കാമെന്ന് തീരുമാനിച്ചതെന്ന് മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സന്തോഷ് പറഞ്ഞു.

‘ആ സിനിമയുടെ ആദ്യത്തെ ഡയറക്ടര്‍ രഞ്ജിത്തായിരുന്നു. ചന്ദ്രോത്സവം ഷൂട്ട് നടക്കുന്ന സെറ്റില്‍ ടി.എ. ഷാഹിദ് വന്ന് താമസിച്ചാണ് രാജമാണിക്യത്തിന്റെ കഥ എഴുതുന്നത്. അവസാനം രഞ്ജിത്ത് മാറി. അന്‍വര്‍ ആ ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടറായിരുന്നു.

രഞ്ജിത്ത് മാറിയ കാര്യം മമ്മൂക്കയോടാണ് ആദ്യം പറഞ്ഞത്. ഞാന്‍ ചെയ്യുന്നില്ല, അന്‍വറിനെ കൊണ്ട് ചെയ്യിക്കാമെന്ന് പറഞ്ഞു. അന്‍വറിനെക്കൊണ്ട് ചെയ്യിപ്പിക്കുന്നതില്‍ എനിക്ക് കുഴപ്പമില്ല, നീ കൂടെ ഫുള്‍ടൈം സിനിമയില്‍ ഉണ്ടാവണമെന്ന് മമ്മൂക്ക പറഞ്ഞു. ഷൂട്ട് തുടങ്ങുന്നതിന് ഒരാഴ്ച മുമ്പാണ് ഇത് സംഭവിച്ചത്.

രഞ്ജിത്ത് ആ സിനിമ സംവിധാനം ചെയ്യണ്ട എന്ന് തീരുമാനിക്കുകയായിരുന്നു. അദ്ദേഹത്തിന് അത് വലിയ കാര്യമല്ല. കാരണം രഞ്ജിത്ത് കുറെ ഹിറ്റുകള്‍ ചെയ്തിട്ടുണ്ട്. അന്‍വറിനെ സംബന്ധിച്ച് അങ്ങനെയല്ലല്ലോ. അയാളൊരു സംവിധായകനായി മാറിയില്ലേ. ഒരു ഉച്ചസമയം കൊണ്ടാണ് അയാളുടെ ഭാഗ്യം മാറിയത്. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നതിന് മുമ്പാണ് ഇത് പ്രഖ്യാപിക്കുന്നത്,’ സന്തോഷ് പറഞ്ഞു.

Content Highlight: santhosh damodaran talks about rajamanikyam