Film News
കാല് പിടിച്ച് ഞാൻ പറഞ്ഞു ആ സീൻ മാറ്റിയില്ലെങ്കിൽ ഭയങ്കര ബുദ്ധിമുട്ടാവുമെന്നും, പക്ഷെ ജീത്തു സാർ കേട്ടില്ല: ശാന്തി മായാദേവി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Dec 19, 05:59 am
Tuesday, 19th December 2023, 11:29 am

ദൃശ്യം എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിന്റെ തുടർച്ചയായി സംവിധായകൻ ജിത്തു ജോസഫ് ഒരുക്കിയ ചിത്രമായിരുന്നു ദൃശ്യം2. സിനിമ ഒ. ടി. ടി റിലീസായിട്ടാണ് പുറത്തിറങ്ങിയത്. ആദ്യ ചിത്രം പോലെ തന്നെ ഇന്ത്യയൊട്ടാകെ വലിയ ശ്രദ്ധ നേടാൻ ദൃശ്യം2 വിനും സാധിച്ചിരുന്നു. ദൃശ്യം രണ്ടിന്റെ ക്ലൈമാക്സ് ഏതുതരത്തിൽ ആയിരിക്കും എന്നറിയാൻ ആയിരുന്നു പ്രേക്ഷകർ കാത്തിരുന്നത്.

ചിത്രത്തിന്റെ ക്ലൈമാക്സ് സസ്പെൻസ് വെളിപ്പെടുത്തുന്ന സീനിൽ കഥാപാത്രമായ ജോർജുകുട്ടിയുടെ( മോഹൻലാൽ ) വക്കീൽ അമ്പരപ്പെടുന്ന ഒരു സീൻ ഉണ്ട്. ഈ വക്കീൽ കഥാപാത്രമായ എത്തിയത് നടി ശാന്തി മായാദേവി ആയിരുന്നു.

എന്നാൽ ആ സീനിൽ താൻ അത്ഭുതത്തോടെ വാ തുറന്നത് വളരെ കൂടിപോയി എന്നാണ് ശാന്തി പറയുന്നത്. ജീത്തു ജോസഫിനോട് എത്ര പറഞ്ഞിട്ടും അത് സിനിമയിൽ നിന്ന് ഒഴിവാക്കിയില്ലെന്നും ശാന്തി പറഞ്ഞു. പിന്നീട് സിനിമ റിലീസ് ആയ ശേഷം വിജയമായപ്പോൾ താൻ അദ്ദേഹത്തോട് നന്ദി പറഞ്ഞെന്നും മിർച്ചി മലയാളത്തിന് നൽകിയ അഭിമുഖത്തിൽ ശാന്തി മായാദേവി പറഞ്ഞു.

‘അത് അറിയാതെ ആ ആദ്യത്തെ ടേക്കിൽ വന്ന് പോയി. അത് കഴിഞ്ഞപ്പോൾ തന്നെ ഞാൻ ജീത്തു സാറിന്റെ കാല് പിടിച്ചു പറഞ്ഞു ആ സീൻ ഒന്ന് മാറ്റാൻ. കാരണം ഒത്തിരി വായ പൊളിച്ചു പോയി. യഥാർത്ഥത്തിൽ അങ്ങനെ വായ തുറക്കാനല്ല ഞാൻ ഉദ്ദേശിച്ചത്.

https://youtube.com/shorts/BMqQGRdB9Ug?si=-75LC57mtDwBnZRX

സിനിമ ഒ. ടി. ടി റിലീസ് ആയിരിക്കുമെന്ന് അന്ന് ഞങ്ങൾക്ക് ആർക്കും അറിയില്ലായിരുന്നു. ഞാൻ സാറോട് പറഞ്ഞു, ഇത്‌ തിയേറ്ററിലെ സ്‌ക്രീനിൽ വരുമ്പോൾ ഞാൻ വാ പൊളിക്കുന്നത് വലുതായിട്ട് പ്രേക്ഷകർ കാണില്ലേയെന്ന്. വായ മാത്രം സ്‌ക്രീനിൽ കാണും, പറ്റില്ല സാർ ഇത്‌ ഭയങ്കര ബുദ്ധിമുട്ടാവും എന്നൊക്കെ പറഞ്ഞു. പക്ഷെ ജീത്തു സാർ പറഞ്ഞു അത് നാച്ചുറലാണെന്ന്.

ഞാൻ ചോദിച്ചു അതെങ്ങനെയാണ് നാച്ചുറൽ ആവുക ഒന്നില്ലെങ്കിലും ഒരു വക്കീൽ അല്ലേ, സ്ഥലകാലബോധം ഇല്ലാതെ ഇങ്ങനെ വാ പൊളിച്ചു നിൽക്കുമോയെന്ന്. ജീത്തു സാർ പറഞ്ഞത്, അത് ഓക്കെയാണ് തന്റെ സമാധാനത്തിന് വേണമെങ്കിൽ റീടേക്ക് എടുക്കാം പക്ഷെ ഞാൻ ഇത്‌ തന്നെയായിരിക്കും ഉപയോഗിക്കുകയെന്ന്.

ഞാൻ പിന്നെ ക്യാമറമാനോടും പറഞ്ഞു, ചേട്ടനൊന്ന് പറഞ്ഞൂടെ അത് ഒഴിവാക്കാനെന്ന്. സതീഷ് ഏട്ടനായിരുന്നു ക്യാമറ. അദ്ദേഹവും പറഞ്ഞു, അത് കുഴപ്പമില്ലെന്ന്. പിന്നീട് സിനിമ വലിയ ഹിറ്റ്‌ ആയപ്പോൾ അന്ന് ഞാൻ ജീത്തു സാറോട് ഒരുപാട് നന്ദി പറഞ്ഞു,’ശാന്തി മായാദേവി പറയുന്നു.

Content Highlight: Santhi mayadevi about drishyam2 movie’s climax