Kerala News
മുസ്‌ലിങ്ങള്‍ രാജ്യത്തിന്റെ ശത്രുക്കളാണെന്ന് ഭൂരിപക്ഷ ജനതയെക്കൊണ്ട് ചിന്തിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമം: വഖഫ് ബില്ലില്‍ കെ. രാധാകൃഷ്ണന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
4 days ago
Wednesday, 2nd April 2025, 8:40 pm

ന്യൂദല്‍ഹി: വഖഫ് ഭേദഗതി ബില്ലില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ആലത്തൂര്‍ എം.പി കെ. രാധാകൃഷണന്‍. രാജ്യത്തെ മുസ്‌ലിം ജനവിഭാഗത്തെ തകര്‍ക്കാനാണ് ഈ ഭേദഗതികൊണ്ട് ശ്രമിക്കുന്നതെന്നും അതിനെ സി.പി.ഐ.എം ശക്തമായി എതിര്‍ക്കുമെന്നും കെ. രാധാകൃഷണന്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കി.

ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനായി എന്തെങ്കിലും ചെയ്യണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെങ്കില്‍ ന്യൂനപക്ഷ വിദ്യാര്‍ത്ഥികളുടെ തടഞ്ഞുവെക്കപ്പെട്ട സ്‌കോളര്‍ഷിപ്പ് പുനസ്ഥാപിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഈ ബില്‍ മത സ്ഥാപനങ്ങളുടെ സ്വയംഭരണത്തിന് നേരെയുള്ള കടന്നാക്രമണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഈ ബില്‍ നമ്മുടെ ഭരണഘടനയുടെ മൗലികാവകാശങ്ങളുടെ ലംഘനമാണ്. വഖഫ് സ്വത്തുക്കളുടെ നിയന്ത്രണം കേന്ദ്രീകരിക്കാനും മുസ്‌ലിം സമുദായങ്ങളുടെ അവകാശങ്ങളെ ദുര്‍ബലപ്പെടുത്താനും മതപരമായ സ്ഥാപനങ്ങളിലേക്ക് സര്‍ക്കാര്‍ അതിക്രമിച്ച് കടക്കാനും ഇത് അനുവദിക്കുന്നു.

എല്ലാ മതവിഭാഗങ്ങള്‍ക്കും സ്വന്തം കൈകാര്യങ്ങള്‍ ചെയ്യാന്‍ ഉറപ്പ് നല്‍കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 26 ഇവിടെ ലംഘിക്കപ്പെടുകയാണ്. മുസ്‌ലിം സമുദായത്തിന് അവരുടെ മതപരമായ കാര്യങ്ങള്‍ നിഷേധിക്കുന്ന തീരുമാനങ്ങള്‍ സ്വീകരിക്കാന്‍ പാടില്ല. വഖഫ് ബോര്‍ഡില്‍ അമുസ്‌ലിങ്ങളെ ഉള്‍പ്പെടുത്തുന്നത് മുസ്‌ലിം സമൂഹത്തിന്റെ സ്വയംഭരണത്തിന്മേലുള്ള കടന്നാക്രമണമാണ്. മറ്റ് മതങ്ങളോട് ഇത്തരമൊരു സമീപനം സ്വീകരിക്കാന്‍ അനുവദിക്കുമോ?,’ കെ. രാധകൃഷ്ണന്‍ പാര്‍ലമെന്റില്‍ ചോദിച്ചു.

കേരളത്തിലെ ദേവസ്വം ബോര്‍ഡില്‍ ക്രിസ്ത്യന്‍ പേരുള്ള ഒരാളെ ഉള്‍പ്പെടുത്തിയത് കലാപത്തിലേക്ക് നയിച്ചിരുന്നെന്ന സംഭവവും അദ്ദേഹം എടുത്തുകാട്ടി. അത്തരം സംഭവങ്ങള്‍ വഖഫ് ബോര്‍ഡില്‍ അന്യമതസ്ഥരെ ഉള്‍പ്പെടുത്തുന്നതുകൊണ്ട് ഉണ്ടാവാന്‍ പാടില്ലെന്നും കെ.രാധാകൃഷ്ണന്‍ പറഞ്ഞു.

ഈ ബില്ലിനെ അനുകൂലിക്കുന്നവര്‍ ഹിറ്റലറുടെ ഫാസിസത്തെ അനുകൂലിക്കുന്നതിന് തുല്യമാണെന്നും നാളെ ഇവര്‍ക്കും അതേഗതി വരുമെന്നും മാര്‍ട്ടിന്‍ നീമുള്ളറിന്റെ കവിതയെ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു.

Content Highlight: Majority of people should be made to think that Muslims are enemies of the country: K. Radhakrishnan on Waqf Bill